ADVERTISEMENT

പുനലൂർ ∙കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര കനാലിലെ ചക്കിയറ നീർപാലത്തോട് ചേർന്നുള്ള കിണറ്റിൽ മാലിന്യം കൂമ്പാരം. പരിസരവാസികൾ സമരസമിതി രൂപീകരിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടും പ്രയോജമുണ്ടായില്ല. വേനൽ കടുക്കുന്നതോടെ കനാൽ വെള്ളത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് കിണറ്റിലെ മാലിന്യം ആരോഗ്യ ഭീഷണി ഉയർത്തുകയാണ്..ജില്ലയിലെ 30 ലധികം പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വെള്ളം എത്തുന്നത് ഇടതുകരയിലൂടെയാണ്. ചക്കിറയിലെ ‌നീർപ്പാലം വഴിയാണ് പരിസര പ്രദേശങ്ങളിലെ ഉപകനാലുകളിലടക്കം ജലം എത്തിക്കുന്നത്. ഇവിടുത്തെ തുറന്നു കിടക്കുന്ന കിണറ്റിൽ പരിസര പ്രദേശങ്ങളിലെ അറവുമാലിന്യം, ആശുപത്രി മാലിന്യം, ശുചിമുറി മാലിന്യം തുടങ്ങിയവ ലോഡ് കണക്കിനാണ് അടിഞ്ഞുകൂടിയിട്ടുള്ളത്. ദുർഗന്ധം കാരണം പരിസരത്തു പോലും നിൽക്കാൻ കഴിയുന്നില്ല.മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കനാൽ കടന്നുപോകുന്ന കരവാളൂർ, ഏരൂർ, അഞ്ചൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. കനാൽ ശുചീകരണം പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നടത്തുന്നതിനാലാണ് ഇവർക്ക് പരാതി നൽകിയത്. എന്നാൽ ഈ ഭാഗം തങ്ങളുടെ അധികാര പരിധിയിലല്ലന്ന് പറഞ്ഞ് മൂന്നു പഞ്ചായത്ത് അധികൃതരും മാലിന്യം നീക്കത്തിന് തയാറായില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു. 

ഇതേ തുടർന്നാണ് അഞ്ഞൂറോളം കുടുംബങ്ങളിലുള്ളവർ ഒപ്പിട്ട പരാതി കലക്ടർക്കും കെഐപി എക്സി എൻജിനിയർക്കും നൽകിയത്.കനാലിലെ മലിന ജലം കല്ലടയാറ്റിലാണ് അവസാനം ഒഴുകിയെത്തുന്നത്. ജപ്പാൻ പദ്ധതി ഉൾപ്പെടെ ഡസൻ കണക്കിന് ജലവിതരണ പദ്ധതികളിലേക്ക് ജലം ശേഖരിക്കുന്നത് കല്ലടയാറ്റിൽ നിന്നായതിനാൽ നീർപ്പാലത്തോടു ചേർന്നുള്ള കിണറ്റിൽ നിറഞ്ഞിരിക്കുന്ന മാലിന്യം ആയിരക്കണക്കിന് ആളുകളിൽ ആരോഗ്യ ഭീഷണി ഉയർത്തുന്നുവെന്നും ഇവർ പറ‍യുന്നു. വിഷയത്തില്‍ കലക്ടറും ജനപ്രതിനിധികളും തുടരുന്ന നിഷേധ നിലപാടിനെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് സമിതി കൺവീനർ ഷിബു ബെഞ്ചമിൻ മറ്റ് ഭാരവാഹികളായ അനൂപ് ജെ. രാജ്, ബിബിൻ ബോബച്ചൻ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com