ADVERTISEMENT

കൊല്ലം ∙ ജില്ലയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 1814 പേർക്കു രോഗമുക്തി. പുതുതായി 399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 2 പേരും സമ്പർക്കം മൂലം രോഗബാധിതരായ 395 പേരും ഉറവിടം വ്യക്തമല്ലാത്ത 2 പേരും കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. കൊല്ലം കോർപറേഷൻ മേഖലയിൽ 43 പേരാണു പോസിറ്റീവായത്. തലവൂരിലും 43 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇട്ടിവയിൽ 18 പേരും എഴുകോണിൽ 11 പേരും കൊട്ടാരക്കരയിൽ 14 പേരും ചവറയിലും പുനലൂരിലും 13 വീതം പേരും കോവിഡ് ബാധിതരായി.

കല്ലുവാതുക്കലിൽ നവജാത ശിശു ഉൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചു. തഴവയിൽ 17 പേരും തൃക്കരുവയിൽ 23 പേരും തെന്മലയിൽ 16 പേരും പോസിറ്റീവായി. 4964 പേരാണു ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളത്. മുഴുവൻ അന്തേവാസികളും കോവിഡ് ബാധിതരായ കൊല്ലം മുണ്ടയ്ക്കലിലെ സർക്കാർ അഗതി മന്ദിരത്തിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ട സംവിധാനങ്ങൾ ആരോഗ്യവകുപ്പ് ഒരുക്കുന്നില്ലെന്ന പരാതി ഉയർ‌ന്നു. സ്ഥിരം ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കണമെന്നാണ് ആവശ്യം. 

റൂറൽ എസ്പി ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് കോവിഡ് 

കൊട്ടാരക്കര ∙ കൊല്ലം റൂറൽ എസ്പിക്കും അഡീഷനൽ എസ്പിക്കും ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. മൂവരും ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് എസ്പി കെ.ബി.രവിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ക്യാംപ് ഓഫിസിൽ ചികിത്സയിലാണ്. ജോലിയും തുടരുന്നു. അഡീഷനൽ എസ്പി എസ്.മധുസൂദനൻ, കൊട്ടാ‌രക്കര ഇൻസ്പെക്ടർ ജോസഫ് ലിയോൺ എന്നിവരും ചികിത്സയിലാണ്. ഡിവൈഎസ്പി ഉൾപ്പെടെ പതിനഞ്ചോളം ഓഫിസർമാർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എല്ലാവരും രോഗമുക്തരായി.

kerala-covid-vaccine-graphics

ജില്ലയിൽ വാക്സീൻ സ്വീകരിച്ചവർ 5720

ജില്ലയിൽ ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചത് 5720 പേർ. ഇന്നലെ 13 കേന്ദ്രങ്ങളിലായി 1169 പേർ കുത്തിവയ്പ് സ്വീകരിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഇത്രയും കേന്ദ്രങ്ങൾ തുടരാനാണ് പദ്ധതി. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ്-200, വിക്‌ടോറിയ ആശുപത്രി-100, ജില്ലാ ആയുർവേദ ആശുപത്രി-100, മെഡിസിറ്റി മെഡിക്കൽ കോളജ്-100, പുനലൂർ താലൂക്ക് ആശുപത്രി-49, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി-68, കൊട്ടാരക്കര താലൂക്ക് ആശുപത്രി-57, ശാസ്താംകോട്ട താലൂക്ക് ആശുപത്രി-65, അഞ്ചൽ സിഎച്ച്സി-100, കലയ്‌ക്കോട് സിഎച്ച്സി-74, പത്തനാപുരം താലൂക്ക് ആശുപത്രി-79, വെളിനല്ലൂർ സിഎച്ച്സി -90, നായേഴ്‌സ് ആശുപത്രി-87 എന്നിങ്ങനെയാണ് വാക്സീൻ സ്വീകരിച്ചവരുടെ കണക്ക്.

കോവിഡ് സീറോളജിക്കൽ സർവേയ്ക്ക് ഒരുക്കം

കൊല്ലം ∙ ജില്ലയിൽ കോവിഡ് രോഗവ്യാപന സ്ഥിതി വിലയിരുത്തുന്നതിനായി പൊതുജനങ്ങളുടെ ഇടയിൽ സീറോളജിക്കൽ സർവേ ആരംഭിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ആർ ശ്രീലത അറിയിച്ചു. ആദ്യഘട്ടത്തിൽ 1000 പേരുടെ സാംപിളുകളാണ് ശേഖരിക്കുക. പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലും ജില്ലാ പബ്ലിക് ഹെൽത്ത് ലാബിലുമാണ് സാംപിളുകൾ പരിശോധിക്കുക. സാംപിളുകൾ ശേഖരിക്കുന്നതിനായി ലബോറട്ടറി ടെക്‌നിഷ്യൻ, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവർക്കുള്ള പരിശീലനം ആരംഭിച്ചു.

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കരുനാഗപ്പള്ളി നഗരസഭ, നെടുമ്പന, നെടുവത്തൂർ, മയ്യനാട്, തേവലക്കര, ക്ലാപ്പന, വെളിയം, ആലപ്പാട്, ആദിച്ചനല്ലൂർ, നീണ്ടകര, ശൂരനാട് സൗത്ത്, അലയമൺ, പിറവന്തൂർ, തൃക്കരുവ, ചാത്തന്നൂർ എന്നീ പഞ്ചായത്തുകളിലുമാണ് ആദ്യഘട്ട പഠനം നടത്തുക. പരിശോധനയിൽ രക്തത്തിലെ കോവിഡ് വൈറസിനെതിരെയുള്ള ആന്റിബോഡിയുടെ സാന്നിധ്യമാണ് കണ്ടെത്തുക. ഇതിലൂടെ സമൂഹത്തിലെ രോഗവ്യാപന തോതും ജനങ്ങളുടെ പ്രതിരോധ ശേഷിയും വിലയിരുത്താൻ കഴിയും.

ആഘോഷങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച്

കൊല്ലം ∙ കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിക്കാൻ  കലക്ടർ ബി അബ്ദുൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. റിപ്പബ്ലിക് ദിനാഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് മാത്രം നടത്തണമെന്ന് കലക്ടർ നിർദേശിച്ചു. രോഗബാധിതരെ നിരീക്ഷണത്തിലാക്കുന്നതിൽ കാലതാമസം പാടില്ല. അനുമതിയില്ലാതെ റാലികളും മറ്റ് പരിപാടികളും നടത്തരുത്. സിസിജി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ തദ്ദേശതലത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കഴിയുമെന്നും കലക്ടർ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com