ADVERTISEMENT

കൊല്ലം∙ കൊല്ലത്ത് ജനിച്ചു വളർന്നിട്ടും രാഷ്ട്രീയ തട്ടകം ജില്ലയ്ക്ക് പുറത്താക്കിയ നേതാക്കളുമുണ്ട് നമുക്ക്. സ്വന്തം ജില്ലയിലെ പരാജയത്തിനു ശേഷം പുറത്തേക്ക് പോയവരും ജില്ലയിൽ വിജയിച്ചു കയറിയ പരിചയം കൊണ്ട് കൂടുതൽ കരുത്താർജിച്ച് പുറത്തേക്ക് പോയവരുമുണ്ട് പട്ടികയിൽ.

ചിറ്റയം ഗോപകുമാർ

പേരിനോട് ചിറ്റയം ചേർത്തുവച്ചിട്ടുണ്ടെങ്കിലും ചിറ്റയം ഗോപകുമാർ 2 തവണയും മത്സരിച്ചത് അടൂരിൽ നിന്നാണ്. 2011 ലെയും 2016 ലെയും തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് എംഎൽഎ ആയി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം കൂടി ചേർന്ന മാവേവിക്കര മണ്ഡലത്തിൽ നിന്ന് മത്സരിച്ച് കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.

രാജ്മോഹൻ ഉണ്ണിത്താൻ

നിലവിൽ ലോക്സഭയിൽ കാസർകോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ കൊല്ലം കിളികൊല്ലൂർ സ്വദേശിയാണ്. 2006 ൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് കൊടിയേരി ബാലകൃഷ്ണനോട് പരാജയപ്പെട്ട അദ്ദേഹം 2016 ൽ കുണ്ടറയിൽ ജെ.മേഴ്സിക്കുട്ടിയമ്മയോടും പരാജയപ്പെട്ടിരുന്നു. പിന്നീടാണ് 40438 വോട്ടുകൾക്ക് 2019 ൽ കാസർകോട് ലോക്സഭ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്.

എ.എ റഹീം

തിരുകൊച്ചി നിയമസഭയിൽ 1954–1956 വരെ അംഗമായിരുന്ന എ.എ.റഹീം കൊല്ലം മണ്ഡലത്തിലെ ആദ്യ എംഎൽഎ കൂടിയായിരുന്നു. 1957 ലും 1960 ലും കൊല്ലം മണ്ഡലത്തിൽ നിന്നും 1970,1977 തിരഞ്ഞെടുപ്പുകളിൽ കുണ്ടറ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ജില്ലയ്ക്ക് പുറത്ത് ചിറയിൻകീഴ് ലോക്സഭ മണ്ഡലത്തിൽ നിന്ന് 1980 ൽ വിജയിച്ച അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രിയായി. 1989–1990 കാലയളവിൽ മേഘാലയ ഗവർണറുമായിരുന്നു.

ഹെൻറി ഓസ്റ്റിൻ

കൊല്ലം സ്വദേശിയായ ഹെൻറി ഓസ്റ്റിൻ 1965 ൽ കൊല്ലം മണ്ഡലത്തിൽ നിന്ന് ടി.ദിവാകരനെ പരാജയപ്പെടുത്തിയെങ്കിലും സർക്കാർ രൂപീകരിക്കാഞ്ഞതിനാൽ എംഎൽഎ ആകാൻ കഴിഞ്ഞിരുന്നില്ല. എറണാകുളം ലോക്സഭ മണ്ഡലത്തിൽ നിന്ന് 1971 ലും 1977 ലും തുടർച്ചയായി വിജയിച്ച അദ്ദേഹം കേന്ദ്ര ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 1985 ൽ പോർച്ചുഗലിലെ ഇന്ത്യൻ അംബാസഡറുമായി.

ആർ.അച്യുതൻ

പരവൂർ പൂതക്കുളം സ്വദേശിയായ ആർ.അച്യുതൻ മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ നിന്ന് 1962 ലാണ് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിക്കുന്നത്. കൊല്ലം ജില്ലയുടെ ഭാഗങ്ങൾ ഉൾപ്പെട്ടതായിരുന്നില്ല അന്ന് മണ്ഡലം. 1948 ൽ തിരുകൊച്ചി നിയമസഭയിലും അംഗമായിരുന്നു. പിന്നീട് അടൂർ മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും സിപിഐയുടെ പി.കെ.കൊടിയൻ മാസ്റ്ററോട് പരാജയപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com