ADVERTISEMENT

കൊല്ലം∙ കേവലമായ കാഴ്ചകൾക്ക് അപ്പുറത്തേക്കായിരുന്നു കേശവൻ നായരുടെ അന്വേഷണം.  അതുകൊണ്ടു തന്നെ ‘അപ്പുറം’ എന്ന വാക്കിനോടു വല്ലാത്തൊരു ആത്മബന്ധം ഉണ്ടായിരുന്നു. കൃതികളുടെ തലക്കെട്ടുകളിൽ അതു തെളിയുന്നുണ്ട്.. ‘ഭൗതികത്തിനപ്പുറം’ എന്ന കൃതി ഏറെ വിവാദമായതാണ്. പാർട്ടിയുടെ ചിന്തകൾക്ക് അപ്പുറത്തേക്കു കേശവൻ നായർ ചിന്തിച്ചതാണു വിവാദത്തിനു കാരണമായത്.  അവസാനം പ്രസിദ്ധീകരിച്ച കൃതി ‘ചുവപ്പിനപ്പുറം’ എന്ന ഓർമക്കുറിപ്പ്. ‘വിപരീതങ്ങൾക്കപ്പുറം’ എന്നാണു മറ്റൊരു കൃതിയുടെ പേര്. 

ഭൗതികത്തിനപ്പുറം എന്ന കൃതിയിൽ, ആധുനിക ഭൗതിക ശാസ്ത്രത്തിൽ ( മോഡേൺ ഫിസിക്സ്) നിന്നുരുത്തിരിഞ്ഞു വരുന്ന ദർശനങ്ങൾക്ക് ഉപനിഷദ് ദർശനവുമായി  സമാനത ഉണ്ടെന്നു  സ്ഥാപിക്കുകയായിരുന്നു,  അന്നു മാർക്സിയൻ ചിന്തകനും പ്രചാരകനുമായ കേശവൻ നായർ. തന്റെ ബോധത്തിൽ ഉണ്ടായ വിപ്ലവം എന്നാണ് കേശവൻ നായർ  ആ കൃതിയെ വിശേഷിപ്പിക്കുന്നത്. പക്ഷേ ആ വിപ്ലവം പാ‍ർട്ടിക്ക് ഉൾക്കൊള്ളാനായില്ല.  ഭൗതിക വാദത്തിൽ നിന്ന് ആത്മീയതയിലേക്കുള്ള യാത്രയായി ആ പുസ്തകം മാറിയതോടെ കേശവൻ നായർ പാർട്ടിക്ക് അനഭിമതനായി.  2005 ജനുവരി 5നു പാർട്ടിയോടു വിടപറഞ്ഞു. 

അവസാനം പ്രസിദ്ധീകരിച്ച ചുവപ്പിനപ്പുറം എന്ന കൃതിയിൽ കേശവൻ നായർ പറയുന്നുണ്ട് ‘‘ 33 വർഷമായി പ്രവർത്തിച്ചു വന്ന കമ്യൂണിസ്റ്റ് പാർട്ടിയെ ഉപേക്ഷിക്കുന്നതു വേദനാജനകമായിരുന്നു.  പാർട്ടി പ്രവർത്തകരുമായും  തൊഴിലാളികളുമായും എനിക്കുണ്ടായിരുന്ന ജൈവബന്ധം അതിശക്തമായിരുന്നു. പാ‍ർട്ടി ബന്ധം ഉപേക്ഷിച്ച ശേഷം ഒരു പാർട്ടിയിലും അംഗമായില്ല.  എഴുത്തും വായനയുമായി  ഭാര്യ സുമംഗലയോടൊപ്പം തികച്ചും സമാധാനപരമായ ജീവിതം നയിക്കുന്നു’. 

എങ്ങനെയാണ് താൻ കമ്യൂണിസ്റ്റ് ആയതെന്നും  എന്തുകൊണ്ടു കമ്യൂണിസ്റ്റ് അല്ലാതായി മാറിയെന്നും ചുവപ്പിനപ്പുറം എന്ന ഓർമക്കുറിപ്പുകളിൽ കേശവൻ നായർ വിവരിക്കുന്നു. കൊല്ലത്തിന്റെ ഇന്നലെകൾ എന്ന പുസ്തകം ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്.  സാക്ഷരതാ മിഷൻ മുൻ ഡയറക്ടർ എം. സുജയ്, മുൻ കൗൺസിലർ എസ്.സുരേഷ് ബാബു എന്നിവർ അതിന്റെ രചനയ്ക്ക് ഏറെ സഹായം നൽകി. 

വേറിട്ട തൊഴിലാളി നേതാവ്

വെള്ളമുണ്ടും നീളമുള്ള ജുബ്ബയും ധരിച്ച്,  ഇടയ്ക്ക് ജുബ്ബയുടെ കൈ തെറുത്തു വയ്ക്കുന്ന, സൗമ്യനായ കേശവൻ നായർ ഏറെക്കാലം കൊല്ലത്തു തൊഴിലാളി വർഗത്തിന്റെ അജയ്യനായ നേതാവായിരുന്നു. മാർക്സിയൻ സിദ്ധാന്തങ്ങളിലെ അപാരമായ അറിവും ഉയർന്ന വിദ്യാഭ്യാസവും  കൊല്ലത്തെ മാത്രമല്ല തെക്കൻ കേരളത്തിലെ തന്നെ തൊഴിലാളി നേതാക്കൾക്കിടയിൽ വ്യത്യസ്തനാക്കി മാറ്റി. കേശവൻനായർ പിറന്നത് അച്ഛന്റെ കുടുംബമായ വെളിയം പണ്ടാരഴികത്താണ്. അതു പാർട്ടി കുടുംബമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലത്ത് നേതാക്കളുടെ ഒളിത്താവളമായിരുന്നു തറവാട്.  കുട്ടിക്കാലം മുതൽ കമ്യൂണിസ്റ്റ് സാഹിത്യവുമായി ബന്ധപ്പെടാൻ കുടുംബത്തിന്റെ പാർട്ടിബന്ധം കാരണമായി. 

അമ്മവീടിനു സമീപമുള്ള കൊല്ലം തേവള്ളി ബോയ്സ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സ്റ്റുഡന്റ്സ് ഫെഡറേഷനിൽ (എസ് എഫ്)  അംഗമായി. ബിരുദാനന്തര പഠനത്തിനു ശേഷം, 1971ൽ പാർട്ടി അംഗമായി. തുടർന്ന് കെഎസ്‌വൈഎഫിന്റെ ( ഡിവൈഎഫ്ഐയുടെ ആദ്യ രൂപം) താലൂക്ക് പ്രസിഡന്റ് ആയി.  1972ൽ തൊഴിലാളി രംഗത്തു പ്രവർത്തിക്കാൻ പാർട്ടി  നിയോഗിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ 19  മാസം സിഐടിയു ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്നു. തുടർന്നു 22 വർഷം സിഐടിയുവിന്റെ ജില്ലാ സെക്രട്ടറി. അക്കാലത്ത് ജില്ലയിൽ തൊഴിലാളികളുടെ ആശ്രയവും അവസാന വാക്കും കേശവൻനായരായിരുന്നു. 

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ  24 വർഷം പ്രവർത്തിച്ചു. കസേരയിലിരുന്നു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവ് ആയിരുന്നില്ല അദ്ദേഹം.  തൊഴിലാളികളോടൊപ്പം നിന്നും നാടാകെ അലഞ്ഞും പാർട്ടിയെ വളർത്തി. ‘പങ്കെടുത്തു നടത്തിയിട്ടുള്ള കാൽനട ജാഥകളുടെയും പ്രതിഷേധ പ്രകടനങ്ങളുടെയും  മൊത്തം ദൂരം ഭൂമിയെ ഒരു തവണ ചുറ്റുന്നത്ര ഉണ്ടെന്നാണ്’ കേശവൻ നായർ എഴുതിയിട്ടുള്ളത്. പാർട്ടി അംഗമായതിനു ശേഷമാണു മാർക്സിസത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചത്.  ഇടതുപക്ഷ തത്വശാസ്ത്ര കൃതികൾ സിപിഎമ്മിന്റെ പാർട്ടി രേഖകൾ, ഇടതുപക്ഷ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങൾ എല്ലാം ശേഖരിച്ചു പഠിച്ചു. 1980കളുടെ അവസാനം ലോകത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതനത്തിനു തുടക്കമിട്ടെങ്കിലും കേശവൻനായർ അതു വിശ്വസിച്ചില്ല. 

പിന്നീട് പാർട്ടിയുടെ സിദ്ധാന്തവും പ്രയോഗവും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്ന സംശയം അദ്ദേഹത്തിൽ ഉടലെടുത്തു. കേശവൻ നായരുടെ ഭാഷയിൽ ‘ അങ്ങനെയൊരു സ്വത്വപ്രതിസന്ധിയിലായി’ അദ്ദേഹം. അവിടെ നിന്നായിരുന്നു പരിണാമം. കോളജിൽ പഠിച്ച ഭൗതിക ശാസ്ത്രത്തിലേക്കു തിരിഞ്ഞു. സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രപഞ്ചം,  ‘ പ്രപഞ്ചം’ എന്നീ കൃതികൾ രചിച്ചു. അങ്ങനെ ഉരുത്തിരിഞ്ഞതാണ് 2001ൽ പ്രസിദ്ധീകരിച്ച ഭൗതികത്തിനപ്പുറം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com