ADVERTISEMENT

കൊല്ലം ∙ പെണ്‍കുഞ്ഞിനായി കാത്തിരുന്നു, മീരയും മിഥുനും. കുഞ്ഞനുജത്തിയുമായി അമ്മയും അച്ഛനും വരുമെന്നു കാത്തിരുന്നു അവരുടെ രണ്ടാൺമക്കളും.  ഒടുവിൽ, സർക്കാർ ആശുപത്രികളിലെ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമായി അവർക്കു പിറന്നത് ചലനമറ്റ നൊമ്പരക്കുഞ്ഞ്. ജീവന്റെ തുടിപ്പ് നിലച്ച ഗർഭസ്ഥ ശിശുവുമായി ഈ യുവതിയും ഭർത്താവും കയറിയിറങ്ങിയതു കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള സർക്കാർ ആശുപത്രികൾ. 

 

മരിച്ചു ദിവസങ്ങളോളം ഗര്‍ഭപാത്രത്തില്‍ കിടന്ന ചാപിള്ളയെ പ്രസവിക്കേണ്ടി വന്ന മീരയുടെയും എല്ലാം കണ്ടുനിന്ന മിഥുന്റെയും ചോദ്യങ്ങൾക്കു മറുപടി നൽകാൻ ആരുമില്ല. ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ച അന്വേഷണം പതിവുപോലെ കടന്നുപോയേക്കാം.  തീരാ നൊമ്പരവും പേറി കൊല്ലം ഗവ, മെഡിക്കല്‍ കോളജ് ആശുപത്രി  വാര്‍ഡിലാണിപ്പോള്‍ മീര. പാരിപ്പള്ളി, കുളമട കഴുത്തുമൂട്ടിൽ താമസിക്കുന്ന, കല്ലുവാതുക്കൽ, പാറ, പാലമൂട്ടിൽ വീട്ടിൽ മിഥുന്റെ ഭാര്യ മീര (23) വയറു വേദനയുമായി 3 ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഗർഭസ്ഥ ശിശു മരിച്ചത് കണ്ടെത്താതെ തിരിച്ചു അയച്ചു. ഇതിനു പിന്നാലെ ജീവനില്ലാത്ത നൊമ്പരക്കുഞ്ഞിനെ പ്രസവിച്ചു.  നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രി, കൊല്ലം, വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണ് ജീവനറ്റ ഗര്‍ഭസ്ഥ ശിശുവിനെയും പേറി വേദനയുമായി ദമ്പതികള്‍ കയറി ഇറങ്ങിയത്. തുടര്‍ന്നു കൊല്ലം. ഗവ. മെഡിക്കല്‍‌ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. 

 

 എട്ടു മാസം ഗര്‍ഭണിയായ മീര കുഞ്ഞിന്റെ ചലനങ്ങള്‍ക്കായി കാതോര്‍ത്തിരുന്നു.  ഇതിനിടെ കഠിനമായി വേദന വന്നതോടെ ആശുപത്രികളില്‍ ചികിത്സ തേടി.  തിരുവനന്തപുരം എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോള്‍ ‘‘ കുഞ്ഞിന്റെ അനക്കം അറിയാന്‍ കഴിയുന്നില്ലെന്ന്’’ മീര പറഞ്ഞു. ഷുഗര്‍ കൂടി നില്‍ക്കുന്നതിനാലാണ് ചലനം അറിയാന്‍ കഴിയാത്തതെന്ന്  ഡോക്ടര്‍ സമാധാനിപ്പിച്ചെങ്കിലും ഒന്നു പരിശോധിക്കുക പോലും ചെയ്തില്ലെന്ന് മീര പറഞ്ഞു.  നേരത്തെ കാണുന്ന ആശുപത്രിയിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. 

 

ഗർഭകാലത്തിന്റെ മുതൽ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിലാണ് മീര ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 11നു കലശലായ വയറു വേദന അനുഭവപ്പെട്ടപ്പോള്‍ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ എത്തി. ഇവിടെ നിന്നും കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കൂട്ടിരിപ്പിനു സ്ത്രീകൾ ഇല്ലാത്തതിനാല്‍ അഡ്മിറ്റ് ചെയ്തില്ല.    തിരുവനന്തപുരം എസ്എടിയിലേക്കു റഫർ ചെയ്തെങ്കിലും 13നാണ് എസ്എടി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്നത്.  ഡോക്ടറെ കണ്ടെങ്കിലും പരിശോധിക്കുക പോലും ചെയ്തില്ലെന്ന് മീരയും മിഥുനും പറഞ്ഞു. 

രണ്ടു ദിവസത്തിനു ശേഷം വേദന കലശലായി കൊല്ലം. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിപ്പോള്‍ ഉടന്‍ സ്കാനിങ് നടത്തി. ചലനമില്ലെന്ന് കണ്ടെത്തിയതോടെ പ്രസവമുറിയിലേക്ക് മാറ്റി. അര മണിക്കൂറിനുള്ളില്‍ ജീവനില്ലാത്ത കുഞ്ഞിനെ പ്രസവിച്ചു. അഞ്ചാറു  ദിവസം ഗര്‍ഭപാത്രത്തിര്‍ മരിച്ചു കിടന്ന കുഞ്ഞിന്റെ ദേഹം ചീഞ്ഞു തുടങ്ങിയിരുന്നു.  കുഞ്ഞിനെ കാണണമോ എന്ന് ആശുപത്രി ആധിക‍ൃതര്‍ ആരാഞ്ഞെങ്കിലും  കാണണ്ടെന്ന് മീര പറഞ്ഞു. പ്രസവത്തിന്റെ ക്ഷീണവും കുഞ്ഞിന്റെ മരണത്തിന്റെ നുറുങ്ങുന്ന വേദനയുമായി വാര്‍ഡില്‍ കഴിയുകയാണ് മീര. ആദിത്യന്‍, അദ്വൈത് എന്നീ 2 കുട്ടികള്‍ മിഥുനും മീരയ്ക്കും ഉള്ളത്.  ആശുപത്രിയിലേക്കു പോയ അമ്മ കുഞ്ഞുമായി വരുമെന്ന് പ്രതീക്ഷയിലായിരുന്നു ഇവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com