ADVERTISEMENT

ചങ്ങനാശേരി ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കൊണ്ടു മാപ്പിളപ്പാട്ടു പാടിക്കുക, റസ്‌ലിങ് താരം ബിഗ് ഷോയെക്കൊണ്ടു മണിച്ചിത്രത്താഴിലെ നകുലന്റെ ഡയലോഗ് പറയിക്കുക, ജോക്കറിനെ മണവാളനും സ്പൈഡർമാനെ മംഗലശേരി നീലകണ്ഠനും ആക്കുക..........!

ഇതൊക്കെയാണ് ചങ്ങനാശേരിക്കാരൻ അജ്മൽ‍ സാബുവിന്റെ വിനോദങ്ങൾ. സമൂഹമാധ്യമങ്ങളിൽ തരംഗമായ എഡിറ്റിങ് വിഡിയോകളും ചലച്ചിത്രങ്ങളുടെ ട്രെയിലറും ടീസറും ചെയ്തു പ്രശസ്തനായ അജ്മൽ ഇനി ചലച്ചിത്ര ഛായാഗ്രഹണ രംഗത്തേക്ക് ചുവടു വയ്ക്കാനുള്ള തയാറെടുപ്പിലാണ്.

പഠിച്ചത് അനിമേഷൻ, പ്രശസ്തനാക്കിയത് ആമിനത്താത്ത

പ്ലസ് ടുവിനു ശേഷം പൂണെയിൽ‍ ഫിലിം മേക്കിങ്/ വിഡിയോ എഡിറ്റിങ് പഠിച്ചു. ഇതിനുശേഷം ഒരു സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന സമയത്ത് മറാത്തി സിനിമകളുടെ ട്രെയിലറും ടീസറും എഡിറ്റ് ചെയ്യാൻ അവസരം കിട്ടി. ഇവിടെ വച്ചുള്ള പരിചയങ്ങൾ മലയാളം ചലച്ചിത്ര മേഖലയിലേക്ക് വഴി തുറന്നു.ഹണി ബി 2.5 എന്ന സിനിമയിൽ ലാൽ പാടിയ ‘ആമിനത്താത്തേടെ പൊന്നു മോളാണ്’ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ടും ഡോണൾഡ് ട്രംപ് അഹമ്മദാബാദിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളുമായി ചേർത്ത് അജ്മൽ ചെയ്ത എ‍ഡിറ്റിങ് വിഡിയോ കണ്ടവരുടെ എണ്ണം 30 ലക്ഷത്തിനു മുകളിലാണ്.

ആമിനത്താത്ത എന്ന മലയാളം പാട്ട് ട്രംപ് പാടുന്നതായാണ് ആ വീഡിയോ.ബാഹുബലി 2ലെ ചില ദൃശ്യങ്ങളും കാഡ്ബറി ഡയറി മിൽക്കിന്റെ ‘കിസ് മി’ എന്നു തുടങ്ങുന്ന പരസ്യ ഗാനവും ചേർത്തു പുറത്തിറക്കിയ വിഡിയോ കണ്ടത് 50 ലക്ഷത്തിലധികം പേരാണ്. കാഡ്ബറിയുടെ അഭിനന്ദനവും ലഭിച്ചു.‘ഓളാ തട്ടമിട്ടു കഴിഞ്ഞാലുണ്ടല്ലോ എന്റെ സാറേ’ എന്ന് ആരംഭിക്കുന്ന സിനിമാ ഡയലോഗ് പൈറേറ്റ്സ് ഓഫ് കരീബിയൻ ഹീറോ ജാക് സ്പാരോ പറയുന്നതായിരുന്നു മറ്റൊരു വീഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും പാർലമെന്റിൽ നടത്തിയ പ്രസംഗങ്ങൾ വിക്രം വേദ സിനിമയുടെ ടൈറ്റിൽ ഗാനത്തിന്റെ അകമ്പടിയോടെ സൃഷ്ടിച്ച വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ടീസറുകളും ട്രെയിലറുകളും

‘ലൗ ആക്‌ഷൻ ഡ്രാമ’ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായിരുന്നു‍ അജ്മൽ. ആ ചിത്രത്തിന്റെ ടീസറും കുടുക്കു പൊട്ടിയ കുപ്പായം എന്ന പാട്ടും എഡിറ്റ് ചെയ്തു. കാപ്പിത്തുരുത്ത്, വെയിൽ, 41, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ ട്രെയിലറും ടീസറും ഒരുക്കി. ടൊവിനോ അഭിനയിക്കുന്ന ചിത്രം ‘മിന്നൽ മുരളി’യുടെ ടീസറാണു അവസാനം ചെയ്തത്. വിനീത് ശ്രീനിവാസന്റെ  സംഗീത വിഡിയോയുടെ പണിപ്പുരയിലാണ് ഇപ്പോൾ. ഷോർട്ഫിലിമുകളും മ്യൂസിക് വിഡിയോകളും ചെയ്യുന്നുണ്ട്.

‘‘പല സമയങ്ങളിൽ കാണുന്ന വിഡിയോകൾ, പാട്ടുകൾ എന്നിവ ഓർത്തു വയ്ക്കും. ഇവ യോജിപ്പിച്ചാൽ തമാശ കൊണ്ടുവരാൻ കഴിയുമോ എന്നാണ് ആദ്യം ചിന്തിക്കുക. കൂടുതൽ വിഡിയോകൾക്കായി യുട്യൂബിൽ പരതും.വിഡിയോ എഡിറ്റിങ്ങിനായി ഫൈനൽ കട്ട് പ്രോ എന്ന സോഫ്റ്റ് വെയറാണ് ‍ ഉപയോഗിക്കുന്നത്. വീട്ടിൽ തന്നെയാണു എഡിറ്റിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. തരക്കേടില്ലാത്ത വരുമാനം ലഭിക്കുന്നുണ്ട്. ക്ഷമയും നിരീക്ഷണവും ഉണ്ടെങ്കിൽ ഇത് ജീവനോപാധിയാക്കാം’’ – അജ്മൽ സാബു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com