ADVERTISEMENT

സകലകലാനാഥനായ സാക്ഷാൽ ശ്രീപരമേശ്വരന്റെ ഭൂമിയിലെ സന്നിധാനമാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. കുംഭത്തിലെ തിരുവാതിര ആറാട്ടായി 10 ദിവസത്തെ ഉത്സവം. തലയെടുപ്പ് എട്ടാം ഉത്സവത്തിനാണ്. മലയാളിക്ക് ഓണം പോലെ ഏറ്റുമാനൂരപ്പ ഭക്തർക്ക് എട്ടാം ഉത്സവം.കുട്ടിക്കാലം മുതലേ കേട്ടു വരുന്ന വയലാറിന്റെ  പാട്ടാണ് ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ!  ആ പാട്ടിലെ സാരം സാർഥമാകുന്ന ദിനമാണ് എട്ടാം ഉത്സവ ദിനം. എഴരപ്പൊന്നാനകളെയും ഏറ്റുമാനൂരപ്പനെയും ഒരുമിച്ചു ദർശിക്കാനാകുന്ന സൗഭാഗ്യനാൾ.കാതു കുളിർക്കുന്ന നമഃശിവായ ജപങ്ങൾ!

കണ്ണിനു  കർപ്പൂരമാകുന്ന  കമനീയ വിഗ്രഹം! സ്വർണവർണാഞ്ചിതമായി തിരിത്തുമ്പിൽ വിടരുന്ന ദീപകാന്തി! വശ്യവും കാമ്യവുമായ സാമ്യമകന്ന സൗരഭം! തനുവും മനവും മയങ്ങുന്ന പ്രോജ്വലമായ അനുഭവ വിസ്മയം! കണ്ടുകണ്ടാനന്ദമുൾക്കൊള്ളുമ്പോഴാണ് എട്ടാം ഉത്സവത്തെക്കുറിച്ച് വാചാലരായവരുടെ ആർജവം സ്മരിച്ചു പോകുന്നത്! നിലം കാണാനാവാതെ തിങ്ങിനിറഞ്ഞ പുരുഷാരം. അവരുടെ ജീവശ്വാസത്തിൽ നിന്നുയരുന്ന ശിവപഞ്ചാക്ഷരി. ഉത്സവം നോക്കി അവധി എടുക്കുന്നവരാണ് ഏറ്റുമാനൂരിലെ പ്രവാസികൾ. ഓണത്തിന് എത്തുന്നതിനെക്കാൾ ഏറെയായിരുന്നു എട്ടാം ഉത്സവത്തിനെത്തുന്നവർ.

ഏറ്റുമാനൂരുകാരുടെ ഗൃഹാതുരത്വത്തെ പന്തലിട്ടു നിർത്തുന്നതാണ് എട്ടാം ഉത്സവം. വീടുകൾ ക്ഷേത്രതുല്യം പരിശുദ്ധമാകുന്നു. പഞ്ചവിശുദ്ധി വിളയാടുന്നു. ഏഴരപ്പൊന്നാനയെയും ഏറ്റുമാനൂരപ്പനെയും ഒരു നോക്കിൽ കാണാനാകുന്ന അഭിലാഷപൂർത്തി. മഹാമാരി മാനവ ജീവിതക്രമത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന കാലത്താണ്  ഈയാണ്ടത്തെ ഉത്സവം. ആചാരാനുഷ്ഠാനങ്ങളിൽ ഒരു കുറവും വന്നിട്ടില്ല! ശോഭ കെടാതെ കേമമായി അതു നടത്തപ്പെടുന്നുവെന്നത് പ്രശംസനീയമാണ്. ആകെക്കൂടിയുള്ളത് ക്ഷേത്രപ്രവേശ നിയന്ത്രണമാണ്. അതാകട്ടെ സർക്കാരിന്റെ  കോവിഡ് പ്രോട്ടോക്കോൾ പാലനത്തിന്റെ  ഭാഗവും. മനസ്സിന്റെ  താളിൽ ഒരിക്കലും മായാതെ പതിഞ്ഞു കിടക്കുന്ന ആ ദിവ്യവും മധുരവും പുണ്യവുമായ സ്മരണകളെ അയവിറക്കുക മാത്രമേ ഇപ്പോൾ സാധ്യമാകൂ. വരും വർഷങ്ങളിൽ എട്ടാം ഉത്സവം പതിവിൻപടി ആയിത്തീരുമെന്ന പ്രത്യാശയാണ് ഏറ്റുമാനൂരപ്പ ഭക്തർ വച്ചു പുലർത്തുന്നത്. ഏവർക്കും എട്ടാമുത്സവ സുദിനാശംസകൾ!

ഏഴരപ്പൊന്നാന ദർശനം: ശ്രദ്ധിക്കാൻ

ഏറ്റുമാനൂർ∙ ഏഴരപ്പൊന്നാന ദർശനത്തിന് ചെറിയ സംഘങ്ങളായി മാത്രമേ ക്ഷേത്ര മതിലിനകത്തു പ്രവേശിപ്പിക്കൂ. പ്രധാന ഗോപുരത്തിലൂടെ കയറി ആസ്ഥാന മണ്ഡപത്തിനു മുന്നിലെത്തി ദർശനം നടത്തി കൃഷ്ണൻ കോവിലിന്റെ മുന്നിലൂടെ പുറത്തേക്കിറങ്ങണം.ഇന്നു രാത്രി വിളക്കെഴുന്നള്ളിപ്പിനു ക്ഷേത്രത്തിനുള്ളിലെ പ്രദക്ഷിണ വഴിയിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. ആറാട്ടു ദിവസം വരെ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാനയെ ദർശിക്കാൻ ഭക്തർക്ക് അവസരമുണ്ട്. ആറാട്ട് തിരിച്ചെഴുന്നള്ളിക്കുമ്പോൾ പേരൂർക്കവലയിൽ നിന്ന് ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെയാണു ഏറ്റുമാനൂരപ്പനെ സ്വീകരിക്കുന്നത്.

കണ്ണിന് പൊൻകണിയായ് ഏഴരപ്പൊന്നാനകൾ

തിരുവിതാംകൂർ മഹാരാജാവ് മാർത്താണ്ഡവർമ ഏറ്റുമാനൂരപ്പനു നടയ്ക്കു വച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് ഐതിഹ്യം. ധർമരാജ കാർത്തിക തിരുനാൾ രാമവർമ സമർപ്പിച്ചതാണെന്ന് മറ്റൊരു കഥയുമുണ്ട്. വരിക്കപ്ലാവിൻതടിയിൽ നിർമിച്ച് സ്വർണം പൊതിഞ്ഞതാണ് ഏഴരപ്പൊന്നാനകൾ. ഏഴെണ്ണത്തിനു രണ്ടടി ഉയരവും ചെറിയ ആനയ്ക്ക് ഒരടി ഉയരവും ആണ് ഉള്ളത്. ഏറ്റുമാനൂപ്പന് ഏഴപ്പൊന്നാനയെ സമർപ്പിച്ചതിന്റെ രേഖകൾ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഓഫിസിലുണ്ട്.  അഷ്ടദിഗ്ഗജങ്ങളായ ഐരാവതം, പുണ്ഡരീകം, കുമുദം, അഞ്ജന, പുഷ്പദന്തൻ, സുപ്രതീകൻ, സാർവഭൗമൻ, വാമനൻ എന്നിവയെയാണ് പൊന്നാനകൾ പ്രതിനിധീകരിക്കുന്നതെന്നു പറയപ്പെടുന്നു. വാമനൻ ചെറുതായതിനാൽ അരപ്പൊന്നാനയായി എന്നാണ് പറയപ്പെടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com