ADVERTISEMENT

നാഗമ്പടത്ത് അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ അപക‍ടദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചത് ഒട്ടേറെ പേർ. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിനെക്കുറിച്ച് മാനസികാരോഗ്യ വിദഗ്ധൻ ഡോ. സി.ജെ.ജോൺ പ്രതികരിക്കുന്നു.

മറ്റുള്ളവരെക്കുറിച്ച് കരുതൽ ഇല്ലാത്തവരുടെ പ്രതികരണമാണ് അപകടത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ വെളിവാകുന്നത്.  അപകടം നടക്കുമ്പോൾ അതിന്റെ ദൃശ്യം പകർത്താതെ അപകടത്തിൽപെട്ടയാൾക്ക് വേണ്ട സഹായമാണ് സാധാരണ ചെയ്തു നൽകേണ്ടത്. എന്നാൽ, ‘ഞാൻ കേമൻ’ ആണെന്നു കാണിക്കാനുള്ള ശ്രമമാണു ദൃശ്യങ്ങൾ പകർത്തി പത്തു പേർക്ക് അയയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ ദൃശ്യങ്ങൾ ലഭിച്ചാൽ അതു ഷെയർ ചെയ്യുന്നവരും ഇതേ മനഃസ്ഥിതിയുള്ളവർ തന്നെ.

ആദ്യ വിഭാഗം അപകടത്തിൽപെടുന്നവരെക്കുറിച്ച് ചിന്തിക്കാതെ ഇരിക്കുമ്പോൾ രണ്ടാമത്തെ വിഭാഗം ഈ ദൃശ്യങ്ങൾ കാണുന്നവരുടെ മാനസികാവസ്ഥ ചിന്തിക്കുന്നില്ല. അപകടദൃശ്യങ്ങൾ കണ്ട് ഉറക്കം പോയ പലരും എന്റെ അടുത്ത് ചികിത്സ തേടി എത്തിയിട്ടുണ്ട്. ഇപ്പോൾ വാട്സാപ് ഗ്രൂപ്പുകളിലേക്ക് ആണ് എല്ലാവരും ഇടുന്നത്. ഇതിൽ ആരൊക്കെയാണ് അംഗങ്ങൾ, അവർക്ക് ഇതു കണ്ടാലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചൊന്നും ചിന്തയില്ല. അപകട ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ പത്രങ്ങളും ചാനലുകളും അതു കാണാത്ത വിധമാക്കിയാണു നൽകുക. എന്നാൽ സമൂഹമാധ്യമങ്ങളി‍ൽ ഇത്തരം മറകളില്ല.

കോട്ടയം ∙ ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത യുവതി ടോറസ് ലോറിക്ക് അടിയിൽപെട്ടു മരിച്ചു. നാഗമ്പടം മീനച്ചിലാർ പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഇന്നലെ രാവിലെ 9.20നായിരുന്നു അപകടം.നട്ടാശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശ് ഗോപിയുടെ ഭാര്യ നിഷ പ്രകാശ് (43) ആണു ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ വീണുപോയ പ്രകാശിന് പരുക്കുകളില്ല.  മരണ ശേഷം നടത്തിയ പരിശോധനയിൽ നിഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

നിഷയുടെ ഭർത്താവ് പ്രകാശ് ഗോപി ആയുർവേദ തെറപ്പിസ്റ്റാണ്. മക്കൾ: അംഷ (മൈക്രോബയോളജി വിദ്യാർഥിനി, എസ്എംഇ ഗാന്ധിനഗർ), അംഷിത്ത് (ഒന്നാം വർഷം ബിരുദ വിദ്യാർഥി, കഞ്ഞിക്കുഴി). നിഷയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടമ്പലം ശ്മശാനത്തിൽ. അപകടത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com