ADVERTISEMENT

കോട്ടയം ∙ നഗരത്തിലും സമീപ പ്രദേശങ്ങളിലും  7 സ്ഥലങ്ങളിൽ തീപിടിത്തം. ആൾതാമസമില്ലാത്ത വീടും മറ്റൊരു വീടിന്റെ വാതിലും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ ഒരു മണി മുതൽ രാത്രി 9.30വരെയുള്ള സമയങ്ങളിലാണ് തീപിടിത്തം. ചെങ്ങളം കളത്തുകടവ് ജംക്‌ഷനു സമീപമാണ് വീട് നശിച്ചത്. വീടിനു ചുറ്റുമുള്ള നാലേക്കറോളം പുരയിടത്തിലെ പുല്ലിനും കാടിനും തീ പിടിച്ചതോടെ വീട്ടിലേക്ക് വ്യാപിക്കുകയായിരുന്നു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന ഒരുമണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്.

മണിപ്പുഴ സ്വദേശി സാറാമ്മ മാത്യുവിന്റെ വീടിന്റെ വാതിലാണ് പൂർണമായി കത്തിനശിച്ചത്. രാവിലെ 7.45നായിരുന്നു സംഭവം. വീടിന്റെ തീണ്ണയിൽ വച്ചിരുന്ന പെയിന്റിൽ വൈദ്യുതി സ്വിച്ച് ബോർഡിൽ നിന്നു തീപ്പൊരി വീണാണ് തീ പിടുത്തമുണ്ടായതെന്നു അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചയോടെ നാട്ടകം ഭാഗത്ത് തരിശു പാടത്തെ പുല്ലിനു തീപിടിച്ചത് പ്രദേശവാസികളിൽ ഭീതി പരത്തി.

നാഗമ്പടം മേൽപാലത്തിനു സമീപം റെയിൽവേ ഗോഡൗണിലേക്കു പോകുന്ന റോഡരികിൽ കൂടിക്കിടന്ന മാലിന്യത്തിനു തീപിടിച്ചത് വൈകുന്നേരമാണ്. ഇതേ സമയത്തുതന്നെ മൂലവട്ടം ഭാഗത്ത് ആൾ താമസമില്ലാത്ത പുരയിടത്തിലെ പുല്ലിനും കാടിനും തീപിടിച്ചു. വൈകിട്ട് 6.30ന് കലക്ടറേറ്റ് വളപ്പിലും തീപിടിത്തമുണ്ടായി. ഇവിടെ ട്രാൻസ്ഫോമറിനു അടിയിൽ കൂടിക്കിടന്ന ചപ്പു ചവറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന ഈ സ്ഥലങ്ങളിലെല്ലാം പാഞ്ഞെത്തിയാണ് അപകടം ഒഴിവാക്കിയത്.

അതിരമ്പുഴ മുണ്ടകപ്പാടത്ത് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കാടിനു രണ്ടുതവണ തീപിടിച്ചു. വൈകിട്ട് 6നാണ് ആദ്യ സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും കെടുത്തിയതിനു പിന്നാലെ 9.30ന് വീണ്ടും തീപിടിക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ തീ പൂർണമായും കെടുത്തി.

വേനൽ കടുത്തതോടെ തീപിടിക്കാൻ സാധ്യത ഏറെയാണ്. ആളുകളുടെ അശ്രദ്ധയാണ് തീപിടിത്തം വർധിക്കാൻ കാരണമെന്നു അഗ്നിരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com