ADVERTISEMENT

താമരശ്ശേരി∙ താമരശ്ശേരി , കൊയിലാണ്ടി താലൂക്കുകളിൽ അനധികൃതമായി മണ്ണ്, മണൽ, കരിങ്കല്ല് എന്നിവ കടത്തിയ വാഹനങ്ങൾ പിടികൂടി നിസ്സാര പിഴ ഇടാക്കി വിട്ടയച്ചതിന്റെ മറവിൽ 49,10,000 രൂപയുടെ ക്രമക്കേട് നടത്തിയതായി എജിയുടെ കണ്ടെത്തൽ. ഇതിൽ 32,52,500 രൂപയുടെ ക്രമക്കേടും നടന്നത് താമരശ്ശേരി താലൂക്ക് ഓഫിസിലാണ്. 16,57,500  രൂപയുടെ ക്രമക്കേടാണ് കൊയിലാണ്ടി താലൂക്ക് ഓഫിസിൽ കണ്ടെത്തിയത്. 

2015-17 വർഷത്തെ റിപ്പോർട്ടിലെ കണ്ടെത്തലാണിത്. ഇതു സംബന്ധിച്ചു നടന്ന റവന്യു വിജിലൻസ് പരിശോധനാ റിപ്പോർട്ടും എജിയുടെ റിപ്പോർട്ട് ശരി വയ്ക്കുന്നതാണ്. റിപ്പോർട്ട് പ്രകാരം സർക്കാരിനു നഷ്ടമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചു പിടിക്കണമെന്ന  സബ് കലക്ടറുടെ ഉത്തരവും രണ്ടുവർഷമായി നടപടിയില്ലാതെ കിടക്കുന്നു. 

താമരശ്ശേരി താലൂക്ക് ഓഫിസിലെ 10 ഉദ്യോഗസ്ഥരിൽ നിന്നാണ് ഈ തുക ഈടാക്കേണ്ടത്. കൊയിലാണ്ടി താലൂക്കിലെ ഉദ്യോഗസ്ഥർ ഇതിനു പുറമെ വരും. പരാമർശ വിധേരായ ഉദ്യോഗസ്ഥരിൽ ചിലർ സർവീസിൽ നിന്നു പിരിയുകുകയും ചിലർ കലക്ടറേറ്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്തു വരികയും ചെയ്യുന്നു.

അനധികൃതമായി മണ്ണ്, മണൽ,കരിങ്കല്ല് കടത്ത്, മല–കുന്നടിക്കിൽ എന്നിവ തടയുന്നതിനായി പ്രത്യേക സ്ക്വാഡ് പ്രവർത്തിച്ചിരുന്ന  സമയത്താണ് സർക്കാരിനു  വൻ നഷ്ടം വരുത്തിവച്ച ക്രമക്കേടുകളിൽ ഏറെയും നടന്നത്. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 80 വാഹനങ്ങൾ മാത്രം പിടികൂടിയത് പരിശോധിച്ചപ്പോഴാണ് ഇതു കണ്ടെത്തിയത്. 

50000 മുതൽ 750000 രൂപ വരെ പിഴ ഈടാക്കേണ്ട കേസുകളിൽ മൈനർ കേസിനു മാത്രമുള്ള ടിആർ-5 രസീത് നൽകി പരമാവധി 5000 രൂപ വരെ സംഭവ സ്ഥലത്തു വച്ച് പിഴ അടപ്പിച്ചു വിട്ടതായാണ് എജിയുടെ കണ്ടെത്തൽ. 

2016 സെപ്റ്റംബർ 26 ന് റവന്യു വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലും താമരശ്ശേരി കൊയിലാണ്ടി താലൂക്കിൽ നാമ മാത്രമായ പിഴ ഈടാക്കി വാഹനങ്ങൾ വിട്ടുകൊടുത്ത് സർക്കാരിനു നഷ്ടം വരുത്തുന്നതായി കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. 2017 ഏപ്രിൽ 18ന് ഉത്തര മേഖല വിജിലൻസ് ഡപ്യൂട്ടി കലക്ടർ നൽകിയ പരിശോധനാ റിപ്പോർട്ടിലും ക്രമക്കേട് എടുത്തുപറഞ്ഞിരുന്നു.

എന്നാൽ കോഴിക്കോട്, വടകര താലൂക്ക് ഓഫിസുകളിൽ നിന്നുള്ള ഇത്തരം കേസുകൾ ആർഡിഒക്ക്  കൈമറിയിരുന്നതായും വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ എടുത്തു പറയുന്നുണ്ട്.

താമരശ്ശേരിയിലെ പൊതു പ്രവർത്തകനായ അബ്ദുൽ മജീദ് ചുങ്കം വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് എജിയുടെ കണ്ടെത്തൽ റിപ്പോർട്ടും അനുബന്ധ രേഖകളും പുറത്തു വന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com