ADVERTISEMENT

നാദാപുരം∙  വീടിനകത്തു പൊള്ളലേറ്റു ഗുരുതരനിലയിൽ  ചികിത്സയിലായിരുന്ന നാലംഗ കുടുംബത്തിൽ ബാക്കിയുണ്ടായിരുന്ന അമ്മയും മകനും കൂടി മരിച്ചു. ഗൃഹനാഥനും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു. ചെക്യാട് കായലോട്ടുതാഴെയിലെ താഴെകീറിയപറമ്പത്ത് രാജുവിന്റെ ഭാര്യ റീന (40), ഇളയ മകൻ സ്റ്റെഫിൻ (14) എന്നിവരാണ്  ഇന്നലെ   മരിച്ചത്.

രാജു (45) ചൊവ്വാഴ്ചയും മൂത്ത മകൻ സ്റ്റാലിഷ് (17) ബുധനാഴ്ചയും മരിച്ചിരുന്നു. ഇരുവരുടെയും സംസ്കാരം ബുധനാഴ്ച നടത്തിയതിനു പിന്നാലെയാണ് ഇന്നലെ രാവിലെ റീനയുടെയും വൈകിട്ട് സ്റ്റെഫിന്റെയും മരണം. വീടിനകത്ത് കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം. 

ഒമാനിലായിരുന്ന രാജു ഒരു വർഷം മുൻപാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കണ്ണൂർ ജില്ലയിലെ തുവക്കുന്നിൽ നിന്നു കായലോട്ടുതാഴെയിൽ വീടു വച്ച് താമസിക്കുകയായിരുന്നു. കണ്ണൂർ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് സ്റ്റെഫിൻ.  കണ്ണൂർ കടവത്തൂർ സ്വദേശിനിയാണു റീന. റീനയുടെ സഹോദരങ്ങൾ: ഹരീഷ്, രാജീവൻ, രജനി.

ഊണും ഉറക്കവുമെല്ലാം ഒരുമിച്ച്; മരണത്തിലും പിരിയാതെ റീനയും മക്കളും

നാദാപുരം ∙ അമ്മയെന്നാൽ സ്റ്റാലിഷിനും സ്റ്റെഫിനും ജീവനായിരുന്നു. ഊണും ഉറക്കവുമെല്ലാം ഒരുമിച്ച്. റീനയ്ക്കാകട്ടെ പൊന്നോമനകളായിരുന്നു ഈ രണ്ടു മക്കളും. അച്ഛൻ രാജു ഒമാനിലായിരുന്നതിനാൽ റീന തന്നെയായിരുന്നു മക്കൾക്കു തുണ. കണ്ണൂർ ജില്ലയിലെ കടവത്തൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്റ്റാലിഷ് പഠിച്ചിരുന്നത്.

സ്റ്റെഫിൻ കൊളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂളിലും. മക്കൾ സ്കൂൾ വിട്ടു വരാൻ അൽപം വൈകിയാൽ റീന പുറത്തിറങ്ങും. എല്ലാ നല്ല കാര്യത്തിലും മുൻപന്തിയിലായിരുന്നു റീനയും മക്കളും. കണ്ണൂർ കടവത്തൂരിനു സമീപം മുണ്ടത്തോടാണ് റീനയുടെ സ്വദേശം. രാജു കണ്ണൂർ തുവക്കുന്ന് സ്വദേശിയും.

ചൊവ്വാഴ്ച പുലർ‌ച്ചെ രണ്ടോടെയാണ് റീനയ്ക്കും രണ്ടു മക്കൾക്കും ഒരു മുറിക്കകത്ത് പൊള്ളലേൽക്കുന്നത്. സമീപത്തെ വിവാഹ വീട്ടിൽ സദ്യ വിളമ്പാനും മറ്റും സഹായിച്ച ഇവർ തിങ്കളാഴ്ച രാത്രി വൈകിയാണ് വീട്ടിലെത്തി അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയത്.

ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനമെത്തിയപ്പോൾ പൊള്ളലേറ്റ ശരീരവുമായി വാഹനത്തിലേക്ക് ഓടിക്കയറുകയായിരുന്നു സ്റ്റെഫിനും സ്റ്റാലിഷും. മക്കളെങ്കിലും രക്ഷപ്പെടുമെന്നു പലരും പ്രതീക്ഷിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഓരോരുത്തരായി മരണത്തിന് കീഴടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com