ADVERTISEMENT

ചരിത്രമുറങ്ങുന്ന മണ്ഡലമാണ് സൗത്ത്. മരവ്യവസായ കേന്ദ്രമായിരുന്നു കല്ലായി, പഴമയുടെ പെരുമയുമായി കുറ്റിച്ചിറ മിശ്കാൽ പള്ളി,  സാമൂതിരി ഭരണകാലം ഓർമിപ്പിക്കുന്ന ഇടങ്ങൾ, വലിയങ്ങാടിയും ഹൽവ ബസാറും മിഠായിത്തെരുവും. ഓർമകളുടെ മധുരമൂറുന്ന ഈ മണ്ഡലം ഇക്കുറി ആർക്കാവും മധുരം നൽകുക? 

1957 ലെ ആദ്യ തിരഞ്ഞെടുപ്പു മുതൽ നിലവിലുണ്ടായിരുന്ന കോഴിക്കോട്–2 മണ്ഡലമാണ് 2008 ലെ പുനർനിർണയത്തിൽ മുഖം മിനുക്കി കോഴിക്കോട് സൗത്തായി മാറിയത്. കോഴിക്കോട് കോർപറേഷനിലെ 23 വാർഡുകൾ പൂർണമായും രണ്ടു വാർഡുകളുടെ പകുതിയുമാണ് സൗത്ത് മണ്ഡലത്തിലുള്ളത്. ആദ്യ 2 തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തുണച്ച മണ്ഡലം പിന്നീട് ആദ്യം ലീഗിലൂടെയും പിന്നീട് അഖിലേന്ത്യാ ലീഗിലൂടെയും ഇടത്തേക്ക് ചാഞ്ഞു. 1991 മുതൽ ഇരു മുന്നണികളെയും മാറി മാറി തുണച്ചു. കോഴിക്കോട് സൗത്ത് രൂപീകരിച്ചതിനുശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു വിജയം. 1957,60 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ പി.കുമാരനാണ് വിജയിച്ചത്. 1965,67 തിരഞ്ഞെടുപ്പുകളിൽ ഇടതുപിന്തുണയോടെ മു‍സ്‌ലിം ലീഗിലെ പി.എം.അബൂബക്കർ വിജയിച്ചു.

1970 ലെ സംഘടനാ കോൺഗ്രസിലെ കൽപള്ളി മാധവമേനോൻ ഇടതുപിന്തുണയോടെ ജയിച്ചു. അഖിലേന്ത്യാ ലീഗിലെത്തിയ മുൻ എംഎൽഎ പി.എം.അബൂബക്കർ 1977,80,82 തിരഞ്ഞെടുപ്പുകളിൽ ഇടതു പിന്തുണയോടെ വിജയിച്ചു. മുസ്‌ലിം ലീഗുകൾ ഒന്നായതിനു ശേഷം നടന്ന 1987 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സീറ്റ് സിപിഎം ഏറ്റെടുത്തു. മുസ്‍ലിം ലീ്ഗ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി സിപിഎമ്മിലെ സി.പി.കുഞ്ഞു വിജയിച്ചു. 1991 ൽ സി.പി.കുഞ്ഞുവിനെ അട്ടിമറിച്ച് എം.കെ.മുനീർ മണ്ഡലം പിടിച്ചെടുത്തു. 1996 ൽ എളമരം കരീമിലൂടെ വീണ്ടും സിപിഎം ജയം. 2001 ൽ ടി.പി.എം.സാഹിർ വഴി മണ്ഡലം വീണ്ടും യുഡിഎഫിന്. 2006 ൽ ഐഎൻഎൽ സ്ഥാനാർഥി പി.എം.എ.സലാം മണ്ഡലം എൽഡിഎഫിനായി തിരിച്ചുപിടിച്ചു. സൗത്ത് മണ്ഡലം രൂപീകരിച്ചതിനു ശേഷം നടന്ന 2011,16 തിരഞ്ഞെടുപ്പുകളിൽ മു‌സ്‌ലിം ലീഗിലെ എം.കെ.മുനീർ വിജയിച്ചു. 

വോട്ടുകണക്ക് വലത്തേക്ക് 

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 4781 വോട്ടിന്റെ ലീഡ് നൽകിയ മണ്ഡലത്തിൽ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് കാഴ്ചവച്ചത് മികച്ച പോരാട്ടം. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ എം.കെ.മുനീർ ജയിച്ചു കയറിയത് 1376 വോട്ടിന്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന്റെ ലീഡ് 5216 വോട്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുനീറും ലീഡുയർത്തി–6372 വോട്ടിനായിരുന്നു വിജയം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് 13,731 വോട്ടുകളുടെ മേൽക്കയ്യുണ്ട്. 

തദ്ദേശത്തിൽ ഇടതുമുന്നേറ്റം

മണ്ഡലത്തിന്റെ ഭാഗമായ 25 കോർപറേഷൻ വാർഡുകളിൽ 15 വാർഡുകളിലും എൽഡിഎഫ് ആണ് വിജയിച്ചത്. 8 വാർഡുകളിൽ യുഡിഎഫും 2 വാർഡുകളിൽ ബിജെപിയും വിജയിച്ചു. തദ്ദേശ തിര‍ഞ്ഞെടുപ്പിലെ വോട്ടുകണക്കിലും എൽഡിഎഫ് ആണ് മുന്നിൽ. മുഖദാർ പോലുള്ള യുഡിഎഫിന്റെ കുത്തകവാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ലീഗ് കോട്ടകളിൽ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.  

പോരിനിറങ്ങാൻ ആരൊക്കെ

യുഡിഎഫിൽ സിറ്റിങ് എംഎൽഎ എം.കെ.മുനീറിന്റെ പേരിനു തന്നെയാണ് മുൻതൂക്കം. മുനീർ കൊടുവള്ളിയിലേക്ക് മാറിയാൽ മുൻ എംഎൽഎ പി.എം.എ സലാം, പി.കെ.ഫിറോസ് എന്നിവരെ പരിഗണിച്ചേക്കും. എൽഡിഎഫിൽ കഴിഞ്ഞ വട്ടം ഐഎൻഎൽ മത്സരിച്ച മണ്ഡലം ഇക്കുറി സിപിഎം ഏറ്റെടുക്കാൻ ആലോചിക്കുന്നു. അങ്ങനെയെങ്കിൽ ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദാണു പരിഗണനയിൽ. മുൻ എംഎൽഎ സി.പി.കുഞ്ഞുവിന്റെ മകനായ മുസാഫർ 2011 ലെ തിരഞ്ഞെടുപ്പിൽ മുനീറിനെതിരെ മികച്ച മത്സരം കാഴ്ച വച്ചിരുന്നു.

ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. ഐഎൻഎല്ലിനു നൽകുകയാണെങ്കിൽ ദേശീയ സെക്രട്ടറി അഹമ്മദ്കുട്ടി ദേവർകോവിൽ സ്ഥാനാർഥിയായേക്കും. എൻഡിഎയിൽ ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് എന്നിവരുടെ പേരാണ് ജില്ലാ നേതൃത്വം നിർദേശിച്ച പട്ടികയിലുള്ളത്. ബിഡിജെഎസും മണ്ഡലത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 

ഇവർ വിജയികൾ കോഴിക്കോട് 2 

1957പി.കുമാരൻ (കോൺഗ്രസ്)
1960 പി.കുമാരൻ (കോൺഗ്രസ്)
1965 പി. എം. അബൂബക്കർ (ലീഗ് സ്വതന്ത്രൻ)
1967 പി. എം. അബൂബക്കർ ( ലീഗ് സ്വതന്ത്രൻ)
1970 കൽപള്ളി മാധവമേനോൻ (സംഘടനാ കോൺഗ്രസ് )
1977 പി.എം. അബൂബക്കർ (അഖിലേന്ത്യ ലീഗ്)
1980 പി.എം. അബൂബക്കർ (അഖിലേന്ത്യ ലീഗ്)
1982 പി.എം. അബൂബക്കർ (അഖിലേന്ത്യ ലീഗ്)
1987 സി.പി. കുഞ്ഞ് (സിപിഎം)
1991 എം.കെ. മുനീർ (മുസ്‌ലിം ലീഗ്)
1996 എളമരം കരീം (സിപിഎം)
2001 ടി.പി.എം സാഹിർ (മുസ്‌ലിം ലീഗ്)
2006 പി.എം.എ സലാം (ഐഎൻഎൽ)

കോഴിക്കോട് സൗത്ത്

2011 എം.കെ.മുനീർ (മു‌സ്‌ലിം ലീഗ്)
2016 എം.കെ.മുനീർ (മുസ്‌ലിം ലീഗ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com