ADVERTISEMENT

വടകര ∙ ഓർക്കാട്ടേരിയിൽ ലീഗ് നേതാവിന്റെ കെട്ടിടം പണി സിപിഎം തടഞ്ഞതിനെ തുടർന്ന് സംഘർഷം. ഏറാമല പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി പി. പി. ജാഫറിന്റെ കെട്ടിടം പണിയാണ് രാവിലെ ഒരു സംഘം ആളുകൾ തടസ്സപ്പെടുത്തിയത്. ടൗണിൽ നടത്തുന്ന പണി അനധികൃതമാണെന്ന് ആരോപിച്ച്  സിപിഎം പ്രവർത്തകർ നിർത്താ‍ൻ ആവശ്യപ്പെട്ടു. മറു ഭാഗത്ത് ലീഗ് പ്രവർത്തകരും എത്തിയതോടെ സംഘർഷമായി. കല്ലേറും മർദനവുമുണ്ടായി. ആർക്കും കാര്യമായ പരുക്കില്ല.

   റോഡ് വികസനത്തിന് കടകളുടെ മുൻഭാഗം വിട്ടു കൊടുത്തവർക്ക് പുതിയ കെട്ടിടം പണിയാനും നവീകരിക്കാനും പഞ്ചായത്ത് ചില ഇളവുകൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 40 ഓളം കെട്ടിടങ്ങളിൽ നടന്ന നിർമാണത്തിന്റെ ഭാഗമായാണ് ജാഫറും കെട്ടിടം പണി തുടങ്ങിയത്. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് കെട്ടിടം പണി അനധികൃമാണെന്നാരോപിച്ച് നിർത്തി വച്ചിരുന്നു. 

  എന്നാൽ പുതിയ ഭരണസമിതി വന്നപ്പോൾ കെട്ടിടം പണി തുടരാൻ അനുവദിച്ചെന്നും ഇത് നിയമ വിരുദ്ധമാണെന്നും സിപിഎം ആരോപിക്കുന്നു. ഈ കെട്ടിടത്തിൽ പല തവണ നിർമാണ പ്രവൃത്തി നടത്തിയപ്പോൾ സിപിഎമ്മുകാർ തടഞ്ഞതു കൊണ്ട് പണി തുടരാനായില്ല. തുടർന്ന് ജാഫർ മു‍ൻസിഫ് കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണത്തോടെ ഇന്നലെ വീണ്ടും പണി തുടങ്ങിയപ്പോഴാണ് രാവിലെ സിപിഎം തടയുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.

  ടി. പി. ചന്ദ്രശേഖരൻ വധക്കേസിലെ സാക്ഷിയായത് ഉൾപ്പെടെ ജാഫറിനോട് സിപിഎമ്മുകാർക്കുള്ള വൈരാഗ്യം കൊണ്ടാണ് പണി തടസ്സപ്പെടുത്തുന്നതെന്ന് ലീഗ് ആരോപിക്കുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി 40 ഓളം കെട്ടിടങ്ങളുടെ പ്രവൃത്തി നടത്തിയപ്പോൾ തടയാത്തവർ ജാഫറിന്റെ കെട്ടിടത്തിൽ മാത്രം ശ്നമുണ്ടാക്കുകയാണെന്നും രാഷ്ട്രീയ വിരോധം വച്ച് കച്ചവട സ്ഥാപനം തുടങ്ങുന്നത് ഇല്ലാതെയാക്കുകയാണ് സിപിഎം എന്നും ലീഗ് ആരോപിക്കുന്നു. 

നിയമപരമായ രീതിയിൽ മാത്രമേ കെട്ടിടം പണി നടത്തിയിട്ടുള്ളൂ എന്നാണ് ജാഫറും പറയുന്നത്.എന്നാൽ കെട്ടിടം അനധികൃതമാണെന്ന് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകുമെന്നും നിയമപരമല്ലാത്ത കെട്ടിട നിർമാണം അനുവദിക്കില്ലെന്നും സിപിഎം പറയുന്നു. പ്രശ്നം പരിഹരിക്കാൻ ഇന്നലെ പൊലീസ് നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com