ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർക്കാർ ഇനി മുതൽ വാടകയ്ക്കെടുക്കുക ഇലക്ട്രിക് കാറുകൾ. 6 മാസത്തിനുള്ളിൽ പദ്ധതി പൂർണമായി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. ലോകത്തു തന്നെ ഇത്തരത്തിൽ തീരുമാനമെടുക്കുന്ന ആദ്യ നഗരം ഡൽഹിയാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഏകദേശം 2000 കാറുകളാണ് ഡൽഹി സർക്കാരിനു വേണ്ടി വാടകയ്ക്ക് ഓടുന്നത്. ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റം 6 മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 

സ്വകാര്യ വാഹന ഉടമകളെ ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറാൻ പ്രേരിപ്പിക്കുന്ന ‘സ്വിച്ച് ഡൽഹി’ പ്രചാരണം സർക്കാർ ആരംഭിച്ചതിനു പിന്നാലെയാണു പ്രഖ്യാപനം. നിലവിലുള്ള കാറുകൾക്ക് പകരം ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എത്തിക്കാൻ ഉടമകൾക്ക് 6 മാസത്തെ സാവകാശം നൽകിയിട്ടുണ്ട്. എല്ലാ സ്വകാര്യ വാഹന ഉടമകളും 3 വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കു  മാറണമെന്നും സ്വന്തം വീട്ടുപരിസരത്ത് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും അഭ്യർഥിച്ചാണ് സർക്കാർ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തിനു ഡൽഹി നേതൃത്വം നൽകുമെന്ന് എഎപി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 

ഡൽഹി സർക്കാരിന്റെ തീരുമാനം രാജ്യത്തെ മറ്റു നഗരങ്ങൾക്കും മാതൃകയാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലൂടെ കാലാവസ്ഥ വ്യതിയാനം, വായു മലിനീകരണം എന്നിവ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്നും മനീഷ് സിസോദിയ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാൻ വാഹന ഉടമകൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് റജിസ്ട്രേഷൻ ഫീസ്, റോഡ് നികുതി എന്നിവ ഒഴിവാക്കിയത് കൂടാതെ 1.5 ലക്ഷം രൂപയുടെ ആനുകൂല്യം നൽകുമെന്നും  പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com