ADVERTISEMENT

പാലക്കാട് ∙ ജില്ല ഇന്നു മുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പിലേക്ക്. ആദ്യ ഘട്ടത്തിൽ ജില്ലയിൽ 12,630 ആരോഗ്യ പ്രവർത്തകർക്കാണു കോവിഷീൽഡ് വാക്സീൻ കുത്തിവയ്ക്കുന്നത്. ആദ്യ ദിനത്തിൽ 900 പേർക്കു കുത്തിവയ്പെടുക്കും. ജനുവരി 31നുള്ളിൽ ആദ്യ ഘട്ട കുത്തിവയ്പ് പൂർത്തിയാക്കുമെന്ന് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ആർ.പി.സുരേഷ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി.റീത്ത എന്നിവർ അറിയിച്ചു. കോവിഡ് വാക്സീൻ കേരളത്തിൽ; അറിയേണ്ടതെല്ലാം >> 

രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു വാക്സിനേഷൻ. പ്രതിരോധ കുത്തിവയ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ തലത്തിലും ആരോഗ്യ ബ്ലോക്ക് തലത്തിലും സംവിധാനം ഏർപ്പെടുത്തി. വാക്സിനേഷനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ആർസിഎച്ച് ഓഫിസർ ഡോ.ടി.കെ.ജയന്തി, ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.കെ.എ.നാസർ എന്നിവർ അറിയിച്ചു. 

കുത്തിവയ്പ് കേന്ദ്രങ്ങൾ

∙ ജില്ലാ ആശുപത്രി ∙ ജില്ലാ ആയുർവേദ ആശുപത്രി, ∙ നെന്മാറ ∙ നന്ദിയോട് ∙ ചാലിശ്ശേരി ∙ കൊപ്പം ∙ അഗളി ∙ അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ∙ കോട്ടോപ്പാടം പ്രാഥമികാരോഗ്യകേന്ദ്രം.

ആഴ്ചയിൽ 4 ദിവസം 

ജില്ലയിൽ ആഴ്ചയിൽ 4 ദിവസമാണ് കോവിഡ് വാക്സീൻ കുത്തിവയ്പ്. ഇതര പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ബുധനാഴ്ചയും അവധി ദിവസങ്ങളിലും കോവിഡ് വാക്സീൻ കുത്തിവയ്പ് ഉണ്ടാകില്ല. 9 കുത്തിവയ്പു കേന്ദ്രങ്ങൾ തുടരുമെങ്കിലും  ഓരോ ബ്ലോക്കിലും വാക്സിനേഷൻ പൂ‍ർത്തീകരിക്കുന്നതിനനുസരിച്ച് ഇതര ആരോഗ്യ ബ്ലോക്കുകളിലേക്ക് കേന്ദ്രം മാറ്റും. 

∙ ഇടതു തോളിലാണു കുത്തിവയ്പ്. 0.5 ഡോസ് വാക്സീൻ ആണ് ആദ്യം കുത്തിവയ്ക്കുക. ശേഷം 4 മുതൽ 6 ആഴ്ചക്കുള്ളിൽ അടുത്ത ഡോസ് എടുക്കണം. 
∙ കുത്തിവയ്പു കേന്ദ്രങ്ങളായ ആശുപത്രികളിൽ ഇതര ചികിത്സകളെ ബാധിക്കാത്ത തരത്തിലാണു ക്രമീകരണം. 

സജ്ജീകരണം

കുത്തിവയ്പെടുക്കാൻ അറിയിപ്പു ലഭിച്ച ആരോഗ്യ പ്രവർത്തകർ സമയത്തു തന്നെ അതതു കേന്ദ്രങ്ങളിലെത്തണം. രേഖകൾ പരിശോധിച്ച് ഇവരെ കുത്തിവയ്പിനു വിധേയരാക്കും. ശേഷം 30 മിനിറ്റ് നിരീക്ഷണം. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ മടങ്ങാം.

യാത്രയ്ക്കും ജോലിക്കും തടസ്സമില്ല. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ അലർജിക്കു‍ൾപ്പെടെ പ്രാഥമിക ചികിത്സ നൽകി ആവശ്യമെങ്കി‍ൽ റഫറൽ ആശുപത്രിയിലേക്കു മാറ്റും. ഇതിനുള്ള വാഹന സൗകര്യം, റൂട്ട് ഉൾപ്പെടെ സജ്ജം. 

∙ കുത്തിവയ്പ് എടുക്കേണ്ടവർക്കും ചുമതലയുള്ള ആരോഗ്യ പ്രവർത്തകർക്കും മാത്രമാണു കുത്തിവയ്പു കേന്ദ്രങ്ങളിൽ പ്രവേശനം. ഇൻഫെക്‌ഷൻ സാധ്യത തടയാനാണിത്. 

∙ ആരോഗ്യ പ്രവർ‌ത്തകർക്ക് എന്തെങ്കിലും കാരണവശാൽ നിശ്ചയിച്ച ദിവസം കുത്തിവയ്പെടുക്കാൻ സാധിച്ചില്ലെങ്കി‍ൽ പിന്നീടൊരു ദിവസം ഒരു അവസരം കൂടി നൽകും. 

∙ 18 വയസ്സിനു താഴെയുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർക്ക് കുത്തിവയ്പില്ല. തീവ്ര അലർജി പ്രശ്നം നേരിടുന്നവർക്കും കുത്തിവയ്പില്ല. 

∙ കോവിഡ് രോഗികൾ, കോവിഡ് രോഗലക്ഷണം ഉള്ളവർ എന്നിവർക്കും കുത്തിവയ്പില്ല. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയശേഷം 4 മുതൽ 8 ആഴ്ചയ്ക്കുശേഷം കുത്തിവയ്പെടുക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. 

∙ 2 മുതൽ 8 ഡിഗ്രി സെൽഷ്യസിലാണ് വാക്സീൻ സൂക്ഷിക്കുക. സൂക്ഷിപ്പു കേന്ദ്രങ്ങളിൽ വൈദ്യുതി മുടങ്ങില്ല. അഥവാ വൈദ്യുതി മുടങ്ങിയാലും പകരം കോ‍ൾഡ് ബോക്സ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  

എന്തുകൊണ്ട് ആരോഗ്യ പ്രവർത്തകർ

രോഗബാധിതർ, രോഗസാധ്യതയുള്ളവർ എന്നിവരുമായി കൂടുതലായി നേരിട്ട് ഇടപെടുന്നത് ആരോഗ്യ പ്രവർത്തകരാണ്. അതിനാൽ ഇവർക്കു രോഗം പിടിപെടാനുള്ള സാധ്യത ഏറെ. ഒരു വാക്സീൻ ആദ്യമായി കുത്തിവയ്ക്കുമ്പോൾ അതൊരു ആരോഗ്യ നിരീക്ഷണം കൂടിയാണ്. പൊതുജനങ്ങൾക്കായി ആരോഗ്യ പ്രവർത്തകർ ഈ ദൗത്യം കൂടി ഏറ്റെടുക്കുന്നു.

4 മുതൽ 6 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം 

പാലക്കാട് ∙ തുറന്നുകഴിഞ്ഞ് 4 മുതൽ 6 മണിക്കൂറിനുള്ളിൽ കോവിഡ് വാക്സീൻ ഉപയോഗിക്കണം. ഇല്ലെങ്കിൽ ഉപയോഗ ശൂന്യമാകും. ചില വാക്സീനുകൾ തുറന്നുകഴി‍ഞ്ഞാൽ ഒന്നു മുതൽ 28 ദിവസം വരെ സൂക്ഷിക്കാൻ സാധിക്കുമെങ്കിലും കോവിഡ് വാക്സീൻ മണിക്കൂറുകൾക്കകം ഉപയോഗിക്കണം. അതുകൊണ്ടു തന്നെ നിയന്ത്രിത അളവിൽ മാത്രമേ വിതരണവും കുത്തിവയ്പും സാധ്യമാകൂ. 

6 മാസം

ഒരു വാക്സീൻ ഉൽപാദിപ്പിച്ചാൽ ആ തീയതി മുതൽ 6 മാസം വരെയാണ് അതിന്റെ സെൽഫ് ലൈഫ് അഥവാ സുരക്ഷിത ഉപയോഗ കാലാവധി. കോവിഷീൽഡ് വാക്സീനും ഇതു ബാധകം. വാക്സീൻ വിതരണത്തിനായി നൽകുമ്പോൾ ഓരോ ജില്ലയ്ക്കും 1.1% അധികം നൽകും.

ഇത് വെസ്റ്റേജ് ഫാക്ടർ ആണ്. അഥവാ എന്തെങ്കിലും കാരണവശാൽ ഒരു ഡോസ് വാക്സീനോ മറ്റോ ഉപയോഗിക്കാനാകാതെ വന്നാൽ പകരം ഉപയോഗിക്കാനുള്ളതാണിത്. ഇതനുസരിച്ച് ജില്ലയിൽ ഉപയോഗിക്കാവുന്ന വാക്സീൻ 30590 ഡോസ് ആണ്. ജില്ലയ്ക്ക് അനുവദിച്ചത് 30,870 ഡോസ് ആണ്. 

സുരക്ഷിതമെന്ന് ആരോഗ്യവകുപ്പ് 

കോവിഡ് വാക്സീൻ സുരക്ഷിതമെന്ന് ആരോഗ്യവകുപ്പ്. കുത്തിവച്ച് 2 ആഴ്ചയ്ക്കുശേഷം പ്രതിരോധശേഷി പ്രവർത്തിച്ചു തുടങ്ങും. കുത്തിവയ്പെടുക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ വാക്സീൻ തന്നെയാണു നല്ല പ്രതിരോധമെന്ന് സർ‍ക്കാരും ആരോഗ്യവകുപ്പും ഓർമിപ്പിക്കുന്നു.

209 പേർക്ക് കോവിഡ് 

പാലക്കാട് ∙ ജില്ലയിൽ 209 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 114 പേർക്കു സമ്പർക്കം വഴിയാണു രോഗം. 88 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തിയ 3 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ട്. 133 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,110 ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com