ADVERTISEMENT

എല്ലാവരെയും പരിഗണിക്കുന്ന മണ്ഡലമാണു മണ്ണാർക്കാട്. തിരഞ്ഞെടുപ്പുകളിൽ ആരോടും വ്യത്യാസം കാണിക്കാറില്ല.കമ്യൂണിസ്റ്റ് പാർട്ടികളുടെ സ്ഥാനാർഥികളെയും മുസ്‌ലിം ലീഗ് സ്ഥാനാർഥികളെയും പലതവണയായി വിജയിപ്പിച്ചു. കഴിഞ്ഞ രണ്ടു തവണയായി യുഡിഎഫിനെയാണു പരിഗണിക്കുന്നത്. ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കു നിർണായക ലീഡ് നൽകിയതും മണ്ണാർക്കാടാണ്. എന്നാൽ, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ എൽഡിഎഫ് മുന്നിലെത്തി.

എടത്തനാട്ടുകരയിൽ കേട്ടത് പഞ്ചായത്ത് എന്ന ആവശ്യം

അലനല്ലൂർ പഞ്ചായത്തിലെ കണ്ണൻകുണ്ടിലാണ് ആദ്യം ‘ജനമനയാത്ര’ എത്തിയത്. ചെറിയ മഴയിൽ പോലും കോസ്‌വേ കവിഞ്ഞു വെള്ളമൊഴുകുന്നതാണു കണ്ണൻകുണ്ടിന് അക്കരെ എടത്തനാട്ടുകര നിവാസികൾ നേരിടുന്ന പ്രശ്നം. ചെറിയ പാലത്തോടു ചേർന്ന് 2018ലെ പ്രളയത്തിൽ മണ്ണടിഞ്ഞു പുഴ നികന്നുപോയി. അവിടെ അടിഞ്ഞിരിക്കുന്ന മണ്ണു മാറ്റാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്കു മുൻപു പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നി‍ർമിച്ച കോസ്‌വേ ആയതിനാൽ അന്നത്തെ സാമ്പത്തിക അവസ്ഥയ്ക്ക് അനുസരിച്ചുള്ള നിർമാണം മാത്രമേ നടത്തിയിട്ടുള്ളൂ.

പുതിയ പാലം വേണം എന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. പരിഹാരമുണ്ടാക്കണമെന്നാണു പാലത്തിനരികിലെ ചായക്കടയിൽ കണ്ടുമുട്ടിയ മുസ്തഫ തയ്യിൽ, ഗോവിന്ദൻ ആലിങ്കൽ, മുഹമ്മദാലി കറുത്തകുഴിയിൽ, ഷിബു കുന്നുമ്മേൽ, സലാം തോണുരൻ, ഷാജിർ ചാത്തേരി, സജ്ജാദ് കറുത്തകുഴിയിൽ എന്നീ നാട്ടുകാരുടെ ആവശ്യം. മാത്രമല്ല, വലുപ്പവും ജനസംഖ്യയും രണ്ടു പഞ്ചായത്തിനൊപ്പമായതിനാൽ അലനല്ലൂർ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്നും ഇവർക്ക് ആവശ്യമുണ്ട്.

കോട്ടോപ്പാടത്തു വിളയുന്നത് കാർഷിക പ്രതിസന്ധി

കോട്ടോപ്പാടം കച്ചേരിപറമ്പ് വെള്ളാരംകുന്നിലെ കർഷകൻ അബ്ദുൽ ഖാദർ.

ജില്ലയിൽത്തന്നെ ഏറ്റവുമധികം നേന്ത്രവാഴ കൃഷി ചെയ്തിരുന്നതു കോട്ടോപ്പാടം പഞ്ചായത്തിലായിരുന്നു. എന്നാൽ ഇപ്പോൾ ആ ഒന്നാം സ്ഥാനം പോയി. വന്യമൃഗ ശല്യവും വിലയിടിവും കാലാവസ്ഥ ചതിച്ചതുമെല്ലാമായപ്പോൾ പലരും കൃഷിയിൽ നിന്നു പിന്തിരിഞ്ഞു. കച്ചേരിപ്പറമ്പ് വെള്ളാരംകുന്നിലെ അബ്ദുൽഖാദർ പാട്ടത്തിനെടുത്തും സ്വന്തം പറമ്പിലുമായി 2000 നേന്ത്രവാഴകളാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം കൂടുതൽ വിറ്റതു കിലോ 15 രൂപയ്ക്കാണ്. 30 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ നഷ്ടമില്ലാതെ കൃഷി ചെയ്യാൻ കഴിയൂ. താങ്ങുവിലയായി സർക്കാർ പ്രഖ്യാപിച്ച 30 രൂപയിലാണ് ഇനിയുള്ള പ്രതീക്ഷ. പക്ഷേ രേഖകൾ ഇല്ലാതെ പാട്ടക്കൃഷി നടത്തുന്ന പല കർഷകരും താങ്ങുവില നൽകുമ്പോൾ ഒഴിവാക്കപ്പെടും. ഇവയ്ക്കെല്ലാം പുറമേയാണ് ആനയുടെയും കുരങ്ങൻമാരുടെയും തുടർച്ചയായ ഉപദ്രവം.

വഴി ‘പണി’

കുമരംപുത്തൂർ പഞ്ചായത്തിലെ എംഇഎസ് കോളജ് – പയ്യനടം റോഡിലൂടെ പോകുമ്പോൾ വഴിയുടെ വശങ്ങളിൽ ചെറിയൊരു മതിൽ കണ്ടു. വീടുകളുടെ മതിലുകളോടു ചേർന്ന് ഈ മതിലും പണിതിരിക്കുന്നതിനാൽ പല വീടുകളിലും വാഹനങ്ങൾ കയറ്റാൻതന്നെ പ്രയാസമാണ്. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് മതിലല്ല, റോഡ് പണിയുടെ ഭാഗമായി അഴുക്കുചാൽ നിർമിച്ചതാണ്. നിർമാണത്തിന്റെ കണക്കു പിശകിയപ്പോൾ പെട്ടുപോയതു നാട്ടുകാരാണ്. വീടുകളുടെ മതിലിന്റെ പകുതിയോളം ഉയരത്തിൽ അഴുക്കുചാൽ പൊങ്ങിനിൽക്കുന്നു.

മണ്ണാർക്കാട്ടെ പ്രശ്നം മാലിന്യവും റോഡും

മണ്ഡലത്തിലെ ഏക നഗരസഭയാണു മണ്ണാർക്കാട്. നഗരസഭയായ ശേഷം നഗരവഴികൾക്കു വീതി കൂട്ടിയെങ്കിലും തിരക്കിനു കുറവില്ല. കോഴിക്കോട്– പാലക്കാട് ദേശീയപാത കടന്നു പോകുന്നതിനാൽ തിരക്കില്ലാത്ത സമയം കുറവാണ്. പാലക്കാട്ടേക്കും കോഴിക്കോട്ടേക്കുമുള്ള യാത്രികർക്കു സൗകര്യമൊരുക്കാൻ ബൈപാസ് വേണം. അതുപോലെ മാലിന്യ സംസ്കരണത്തിനു കാര്യമായ സൗകര്യങ്ങളില്ലാത്തതും നഗരസഭ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ്.

തെങ്കരയ്ക്കു വേണം ബദൽ റോഡ്

അട്ടപ്പാടിയിലേക്കുള്ള പ്രവേശന കവാടമാണു തെങ്കര പഞ്ചായത്ത്. അട്ടപ്പാടിയിലേക്കുള്ള ചുരം റോഡിനു ബദലായി മെഴുകുംപാറയിൽ നിന്നു സൈലന്റ്‌വാലി വഴിയുള്ള റോഡ് പണിനടത്തി തുറന്നുകൊടുക്കണമെന്നതു തെങ്കര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതു നടപ്പായാൽ അട്ടപ്പാടിക്കു പുറമേ തെങ്കരയ്ക്കും മാറ്റം വരും.

അട്ടപ്പാടിയുടെ ആവശ്യങ്ങൾ

പുതിയ താലൂക്ക് ലഭിച്ച സന്തോഷത്തിലാണ് അട്ടപ്പാടി നിവാസികൾ. എങ്കിലും നാളുകളായി തകർന്നു കിടക്കുന്ന ചുരം റോഡിന്റെ അപകടാവസ്ഥ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്ത് നിവാസികളുടെ ദുഃഖമാണ്.ആനമൂളി പാലവളവു കടന്നാൽ മുക്കാലി വരെയുള്ള അട്ടപ്പാടി ചുരം യാത്ര മഴക്കാലത്തു ഭീതിജനകമാണ്. മണ്ണിടിഞ്ഞുവീണു വഴി തടസ്സപ്പെട്ട് ദിവസങ്ങളോളം അട്ടപ്പാടി ഒറ്റപ്പെട്ടുപോയിട്ടുണ്ട്.  മണ്ണാർക്കാട്ടു നിന്ന് ആനക്കട്ടി വരെയുള്ള 53 കിലോമീറ്റർ റോഡ് വികസനം 2018ൽ പ്രഖ്യാപിച്ചതാണ്.

ഇന്നു തുടങ്ങും നാളെത്തുടങ്ങും എന്നു പറയാൻ തുടങ്ങിയിട്ടു നാളേറെയായി.  വനം, ആദിവാസി ഭൂമി പ്രശ്നങ്ങളുടെ പരിഹാരം പ്രദേശത്തിന്റെ വികസന പ്രശ്നങ്ങളോടൊപ്പം പ്രാധാന്യമർഹിക്കുന്നു. കുറുക്കൻകുണ്ട്, ചോലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ വനം വകുപ്പുമായുള്ള കർഷകരുടെ ഭൂമി തർക്കങ്ങൾ, കള്ളമല, പാടവയൽ വില്ലേജുകൾ സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയ നടപടി ആശങ്കയായി നിലനിൽക്കുന്നു. തിരഞ്ഞെടുപ്പു തീയതി വന്നു. ഇനി ജനമനം കീഴടക്കാൻ സ്ഥാനാർഥികളുടെ വരവായി.

മണ്ണാർക്കാട് നിയമസഭാ മണ്ഡലം 2016

∙ വിജയി: എൻ. ഷംസുദ്ദീൻ
∙ ഭൂരിപക്ഷം: 12325
കെ.പി. സുരേഷ്‌രാജ് (സിപിഐ)– 60838
കേശവദേവ് പുതുമന (ബിഡിജെഎസ്)– 10170
എം. സുലൈമാൻ (വെൽഫെയർ പാർട്ടി)– 1112
നോട്ട– 927
ഷംസുദ്ദീൻ തോട്ടശ്ശേരി (സ്വതന്ത്രൻ)– 622
കെ. അജികുമാർ (സിപിഐഎംഎൽ, റെഡ് സ്റ്റാർ)– 478
ഇ.വി. ജോർജ് കുട്ടി (സ്വതന്ത്രൻ)– 445
എ. യൂസഫ് അലനല്ലൂർ (എസ്ഡിപിഐ)– 412
എം. സുരേഷ്ബാബു (എസ്എച്ച്എസ്)– 331

1957– കെ. കൃഷ്ണമേനോൻ (സിപിഐ)
1960– കൃഷ്ണൻ കൊങ്ങശ്ശേരി (സിപിഐ)
1967– ഇ.കെ. ഇമ്പച്ചിബാവ (സിപിഎം)
1970– ജോൺ മാഞ്ഞൂരാൻ (സിപിഎം)
1977– എ.എൻ.യൂസഫ് (സിപിഐ)
1980– എ.പി. ഹംസ (മുസ്‌ലിം ലീഗ്)
1982– പി. കുമാരൻ (സിപിഐ)
1987– കല്ലടി മുഹമ്മദ് (മുസ്‌ലിം ലീഗ്)
1991– കല്ലടി മുഹമ്മദ് (മുസ്‌ലിം ലീഗ്)
1996– ജോസ് ബേബി (സിപിഐ)
2001– കളത്തിൽ അബ്ദുല്ല (മുസ്‌ലിം ലീഗ്)
2006– ജോസ് ബേബി (സിപിഐ)
2011– എൻ. ഷംസുദ്ദീൻ (മുസ്‌ലിം ലീഗ്)
2016– എൻ. ഷംസുദ്ദീൻ (മുസ്‌ലിം ലീഗ്)

വിവിധ തിരഞ്ഞെടുപ്പുകളിൽ നിയമസഭാ മണ്ഡലത്തിലെ ഭൂരിപക്ഷം

2016 നിയമസഭ: യുഡിഎഫ്: 12325
2019 ലോക്സഭ: യുഡിഎഫ്: 29625
2020 തദ്ദേശം: എൽഡിഎഫ്: 3311

വിവിധ തിരഞ്ഞെടുപ്പുകളിൽ തദ്ദേശസ്ഥാപനങ്ങളിൽ മുന്നിലെത്തിയവർ

2020 തദ്ദേശം
എൽഡിഎഫ് : തെങ്കര, അഗളി, ഷോളയൂർ, പുതൂർ
യുഡിഎഫ്: അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, മണ്ണാർക്കാട് നഗരസഭ
2019 ലോക്സഭ
യുഡിഎഫ്: യുഡിഎഫ്– അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, മണ്ണാർക്കാട് നഗരസഭ, അഗളി, പുതൂർ, ഷോളയൂർ
2016 നിയമസഭ
യുഡിഎഫ്– അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, മണ്ണാർക്കാട് നഗരസഭ
എൽഡിഎഫ്: അഗളി, പുതൂർ, ഷോളയൂർ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com