ADVERTISEMENT

പാലക്കാട്∙ ലോക സിനിമയുടെ വിസ്മയം വിരിയുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങൾക്കു പ്രിയമേറെ. മത്സര ചിത്രങ്ങളായ ‘ചുരുളി’, ജയരാജിന്റെ ‘ഹാസ്യം’ തുടങ്ങി മിക്ക സിനിമകളും നിറഞ്ഞ സദസ്സിലാണു പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന അവാർഡ് നേടിയ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. രണ്ടു ചിത്രങ്ങളും ഇന്ന് ഉച്ചയ്ക്കു 2.30നും വൈകിട്ട് അഞ്ചിനും പ്രിയദർശിനി തിയറ്ററിൽ പ്രദർശിപ്പിക്കും. സനൽകുമാർ ശശിധരന്റെ ‘കയറ്റം’, കെ.പി. കുമാരന്റെ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’, രതീഷ് ബാലകൃഷ്ണന്റെ ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, ഖലീദ് റഹ്മാന്റെ ‘ലവ്’, മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നിവയാണ് മലയാള സിനിമാ വിഭാഗത്തിൽ ഇനി പ്രദർശിപ്പിക്കാനുള്ള ചിത്രങ്ങൾ. ജയരാജിന്റെ ‘ഹാസ്യംക്ഷ, ജിതിൻ ഐസക്ക് തോമസിന്റെ ‘അറ്റൻഷൻ പ്ലീസ്’, കാവ്യ പ്രകാശിന്റെ ‘വാങ്ക്’ എന്നിവയും അനുസ്മരണ വിഭാഗത്തിൽ ഷാനവാസ് നരണിപ്പുഴയുടെ ‘കരി’യും പ്രദർശിപ്പിക്കും.

  പാലക്കാട് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘റോം’ എന്ന വിയറ്റ്നാം സിനിമ പ്രദർശിപ്പിച്ചപ്പോൾ പ്രൊജക്ടർ റൂമിൽ നിന്നുള്ള കാഴ്ച. മേളയിലെ എല്ലാ തിയറ്ററുകളിലും ചലച്ചിത്ര അക്കാദമിയിൽ നിന്നുള്ള ജീവനക്കാർക്കു മാത്രമാണു പ്രൊജക്ടർ പ്രവർത്തിപ്പിക്കാനുള്ള അനുമതി.                   ചിത്രം: മനോരമ
പാലക്കാട് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘റോം’ എന്ന വിയറ്റ്നാം സിനിമ പ്രദർശിപ്പിച്ചപ്പോൾ പ്രൊജക്ടർ റൂമിൽ നിന്നുള്ള കാഴ്ച. മേളയിലെ എല്ലാ തിയറ്ററുകളിലും ചലച്ചിത്ര അക്കാദമിയിൽ നിന്നുള്ള ജീവനക്കാർക്കു മാത്രമാണു പ്രൊജക്ടർ പ്രവർത്തിപ്പിക്കാനുള്ള അനുമതി. ചിത്രം: മനോരമ

രണ്ടാം പ്രദർശനം ഇന്നു മുതൽ

രാജ്യാന്തര മേളയുടെ അവസാന രണ്ടു ദിനങ്ങളിലായി 37 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാലാം ദിനമായ നാളെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മത്സരചിത്രമായ ‘ചുരുളി’, ഉദ്ഘാടന ചിത്രമായിരുന്ന ‘ക്വോ വാഡിസ് ഐഡ?’ ഉൾപ്പെടെ 19 ചിത്രങ്ങളാണു പ്രദർശനത്തിനുള്ളത്. ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’, വിയറ്റ്നാമീസ് ചിത്രം ‘റോം’, അസർബൈജാൻ ചിത്രം ‘ഇൻ ബിറ്റ്‌വീൻ ഡൈയിങ്’, ഇറാനിയൻ ചിത്രം ‘ദെയ്ർ ഈസ് നോ ഈവിൾ’ എന്നിവയുടെ പുനഃപ്രദർശനങ്ങളും നാളെ ഉണ്ടാകും. അഞ്ചാം ദിനത്തിൽ എൽവിൻ അഡിഗോസൽ സംവിധാനം ചെയ്ത ‘ബിലേസുവർ’, ‘ദ് നെയിംസ് ഓഫ് ദ് ഫ്ലവേഴ്സ്’, ബ്രസീലിയൻ ചിത്രം ‘ഡെസ്റ്ററോ’, അക്ഷയ് ഇൻഡികർ ചിത്രം ‘ക്രോണിക്കിൾ ഓഫ് സ്പേസ്’, സൗത്ത് ആഫ്രിക്കൻ ചിത്രം ‘ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ്സ് എ റിസ്‌റക്‌ഷൻ’, മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ‘കോസ’, ആൻഡ്രിയ ക്രോതറിന്റെ ‘ബേഡ് വാച്ചിങ്’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമാ വിഭാഗത്തിൽ വ്യാഴാഴ്ച എട്ടു ചിത്രങ്ങളും വെള്ളിയാഴ്ച നാലു ചിത്രങ്ങളുമാണു പ്രദർശിപ്പിക്കുക. മേളയിൽ സുവർണ ചകോരം നേടുന്ന ചിത്രവും അവസാനദിനം പ്രദർശിപ്പിക്കും.

  രാജ്യാന്തര ചലച്ചിത്രമേളയിലെ വൊളന്റിയർമാർ ഇടവേളയിൽ സിനിമാ ചർച്ചയിൽ. 								ചിത്രം: മനോരമ
രാജ്യാന്തര ചലച്ചിത്രമേളയിലെ വൊളന്റിയർമാർ ഇടവേളയിൽ സിനിമാ ചർച്ചയിൽ. ചിത്രം: മനോരമ

പ്രേക്ഷക പുരസ്‌കാരത്തിന് 18 വയസ്സ്

ചലച്ചിത്രമേളയിൽ പ്രേക്ഷക പുരസ്‌കാരം ഏർപ്പെടുത്തിയിട്ടു 18 വർഷം തികഞ്ഞു. 2002ൽ മേള ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതു മുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ‘ഡാനി’ ആയിരുന്നു പ്രേക്ഷക പുരസ്‌കാരം നേടിയ ആദ്യചിത്രം. 2005ൽ പ്രേക്ഷകർ അവാർഡിനായി തിരഞ്ഞെടുത്ത ‘കെകെക്‌സിലി: മൗണ്ടൻ പട്രോൾ’ മികച്ച സംവിധാനത്തിനുള്ള രജത ചകോരം നേടി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com