ADVERTISEMENT

ജില്ലാ ആസ്ഥാനത്തിന്റെ വികസനം നഗരത്തിൽ മാത്രം ഒതുക്കാതെ സമീപ പഞ്ചായത്തുകൾ കൂടിച്ചേർത്ത് വിശാല പത്തനംതിട്ട  വേണമെന്ന ആശയത്തോട് പൂർണയോജിപ്പാണെന്ന് വീണാ ജോർജ് എംഎൽഎ. ഇതെപ്പറ്റി എംഎൽഎ വിശദീകരിക്കുന്നു: 

? വിശാല പത്തനംതിട്ടയെ എങ്ങനെ കാണുന്നു

വളരെ മികച്ച ആശയമാണിത്. വികസനം ഒരിക്കലും പത്തനംതിട്ട നഗരത്തിൽ മാത്രം ഒതുക്കരുതെന്നാണ് എന്റെയും കാഴ്ചപ്പാട്. ഒരു വശത്ത് അച്ചൻകോവിലാർ, മറുവശത്ത് കോഴഞ്ചേരിയിൽ പമ്പാനദി. രണ്ടു നദികൾക്കും മധ്യേയുള്ള പ്രദേശത്തിന് ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതയുണ്ട്. നിരപ്പായ സ്ഥലമാണിവിടം. വികസനത്തിന് ഏറെ യോജ്യം.

ഓമല്ലൂർ, ഇലന്തൂർ, നാരങ്ങാനം, മല്ലപ്പുഴശേരി, കോഴഞ്ചേരി മേഖലകളിലേക്ക് കൂടുതൽ വികസനം എത്തണം. ഉപനഗരമായ കുമ്പഴയുടെ വികസനത്തിനും പദ്ധതികൾ ആവിഷ്കരിക്കണം. പ്രമാടം, മൈലപ്ര പഞ്ചായത്തുകൾ മറ്റൊരു നിയമസഭാ മണ്ഡലത്തിലാണെങ്കിലും ജില്ലാ ആസ്ഥാനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളായതിനാൽ ഒഴിവാക്കാൻ പാടില്ല.

? അടിസ്ഥാന സൗകര്യ വികസനം

പത്തനംതിട്ടയുടെ 25 വർഷത്തെ വികസനം മുന്നിൽ കണ്ടാണ് അബാൻ മേൽപാലം നിർമിക്കാൻ പദ്ധതിയിട്ടത്. 48 കോടി രൂപ ചെലവു വരുന്ന മേൽപാലം ഈ ആഴ്ച ടെൻഡർ ആകും. ദീർഘവീക്ഷണത്തോടെയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികൾ നടപ്പാക്കുന്നത്. യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനാണ് മുൻഗണന നൽകിയിട്ടുള്ളത്.

ഓമല്ലൂർ- പന്തളം റോഡ് ഉന്നത നിലവാരത്തിൽ വികസിപ്പിച്ചു. നഗരവികസനം ലക്ഷ്യമിട്ടാണ് മുള്ളനിക്കാട് വഴി താഴൂർകടവ്- ഓമല്ലൂർ റോഡ് കൂടി  ഇതോടൊപ്പം ചേർത്തു വികസിപ്പിച്ചത്. ഇതോടെ വാഴമുട്ടം, വള്ളിക്കോട് കോട്ടയം ഭാഗത്തുള്ളവർക്ക്  പത്തനംതിട്ട നഗരത്തിൽ എത്താതെ കോഴഞ്ചേരി, തിരുവല്ല ഭാഗത്തേക്ക് പോകാൻ സാധിക്കും.

ഓമല്ലൂർ- പരിയാരം റോഡ്  ഉന്നത നിലവാരത്തിലായതോടെ ഇലന്തൂർ, പരിയാരം, കോഴഞ്ചേരി, അയിരൂർ, തീയാടിക്കൽ, മല്ലപ്പള്ളി ഭാഗത്തുള്ളവർക്ക് അടൂർ , കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പത്തനംതിട്ട നഗരത്തിൽ എത്താതെ പോകാൻ നല്ല റോഡ് ആയി.

നെല്ലിക്കാല- മഹാണിമല- വെട്ടിപ്രം റോഡ് ബിഎംബിസി ടാറിങ്ങോടെ 10 കോടി രൂപ ചെലവിൽ വികസിപ്പിക്കുന്ന ജോലികൾ നടക്കുന്നു. കടമ്മനിട്ട വഴിയുള്ള മണ്ണാരക്കുളഞ്ഞി- കോഴഞ്ചേരി റോഡ് ബിഎംബിസി ടാറിങ് നടത്തി. പത്തനംതിട്ട- കടമ്മനിട്ട- കണമുക്ക്- വാഴക്കുന്നം റോഡ് നിർമാണത്തിന് പ്രാഥമിക നടപടികൾ തുടങ്ങി.

കെഎസ്ടിപി ഇതിന്റെ സർവേ ആരംഭിച്ചു. കുലശേഖരപതി- കുമ്പഴ വടക്ക് റോഡ് പൂർത്തിയായതോടെ അതു വഴിയും വാഹനങ്ങൾക്ക് തിരിഞ്ഞു പോകാം. കുമ്പഴ - മലയാലപ്പുഴ റോഡിന്റെ പണികളും ഉടൻ തുടങ്ങും. ഇതേ രീതിയിൽ മുന്നോട്ടുപോയാൽ  കോഴഞ്ചേരി വരെ വിശാല പത്തനംതിട്ടയുടെ ഭാഗമാക്കാൻ കഴിയും.

? ഔട്ടർ റിങ് റോഡ്

അതിനു തുടക്കമിട്ടുകഴിഞ്ഞു. പുത്തൻപീടിക- വാര്യാപുരം റോഡ്  ബിഎംബിസി ടാറിങ് നടത്തി. ഇത് ഔട്ടർ റിങ് റോഡിന്റെ  ആദ്യ ഭാഗമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും പരിഗണിക്കും.

? കായിക മേഖലയിലെ വികസനം

രാജ്യത്ത് ഏറ്റവും നല്ല ശുദ്ധവായു ഉള്ള നഗരമാണ് പത്തനംതിട്ട. അതിനാൽ എല്ലാവരും ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നു. ഇത് പ്രയോജനപ്പെടുത്താൻ കഴിയണം. കായിക ആയുർവേദ ചികിത്സാ യൂണിറ്റിന് നല്ല സാധ്യതയുണ്ട്.

ജില്ലാ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിൽ വികസിക്കുന്നതിന് ധാരണാ പത്രം ഒപ്പിട്ടു. പണികൾ പൂർത്തിയായാൽ ദേശീയ താരങ്ങൾ ഉൾപ്പെടെ  പരിശീലനത്തിനായി എത്തും. എരുമേലിയിൽ ശബരിമല വിമാനത്താവളം വരുന്നതോടെ കായിക ആയുർവേദ ചികിത്സാ യൂണിറ്റ് രാജ്യാന്തര തലത്തിലും പ്രയോജനപ്പെടും. 

കുട്ടികളുടെയും യുവാക്കളുടെയും കായിക പരിശീലനത്തിനുള്ള പ്രധാന വേദിയായി പത്തനംതിട്ട മാറും. കുട്ടികളെ പരിശീലിപ്പിക്കാനായി മാതാപിതാക്കൾ  ഇവിടേക്ക് താമസം മാറ്റും. ഇലന്തൂർ,നാരങ്ങാനം, കടമ്മനിട്ട, പ്രമാടം, മൈലപ്ര  മേഖലകളിൽ വാടക വീടുകൾക്ക് നല്ല സാധ്യതയുണ്ട്. ഇപ്പോൾ പാലായിലാണ് കുട്ടികളെ പരിശീലിപ്പിക്കാൻ രക്ഷിതാക്കൾ പോകുന്നത്. ഇതിനു മാറ്റം വരും. 

? സ്പോർട്സ് ഹബ്

തൈക്കാവ് ഹൈസ്കൂളിൽ സ്പോർട്സ് ഹബ് തുടങ്ങാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. സ്റ്റേഡിയം നിർമാണം പൂർത്തിയായാൽ ഇവിടെ കുട്ടികളെ താമസിപ്പിച്ച് അത്‌ലറ്റിക്സിൽ പരിശീലനം  നൽകും. അടുത്ത വർഷം മുതൽ തൈക്കാവ് സ്കൂളിൽ ഇതിനായി അധിക ബാച്ച് തുടങ്ങും.

? ടൂറിസം വികസനം

കുമ്പഴ പാലം മുതൽ വലഞ്ചുഴി വരെ പരിസ്ഥിതി സൗഹൃദ ടൂറിസം വികസന പദ്ധതി നടപ്പാക്കും. അച്ചൻകോവിലാറ്റിൽ വേനൽക്കാലത്തും വെള്ളം ഉള്ളതിനാൽ ബോട്ടിങ് ഏർപ്പെടുത്തണമെന്നാണ് ആഗ്രഹം. ഇതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വഴി പദ്ധതി തയാറാക്കുന്നുണ്ട്.

ഇതോടെ വലഞ്ചുഴി മേഖലയുടെ ടൂറിസം വികസനവും സാധ്യമാകും. ഇവിടെയുള്ള സ്ഥലം പ്രയോജനപ്പെടുത്തി കുട്ടികളുടെ പാർക്കും ആരംഭിക്കാൻ കഴിയും. ചുട്ടിപ്പാറ കേന്ദ്രീകരിച്ച് സാഹസിക ടൂറിസം പദ്ധതി നല്ലതാണ്. നിർമാണം മുടങ്ങിക്കിടക്കുന്ന സുബല പാർക്ക് യാഥാർഥ്യമാകും. 

? ഐടി പാർക്

ഐടി മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ള ജില്ലയാണിത്. ഇപ്പോൾ വർക് ഫ്രം ഹോം സർക്കാർ അംഗീകരിച്ച സ്ഥിതിക്ക്  സ്റ്റാർട്ടപ്പുകൾ ഒരുമിപ്പിച്ച് റൂറൽ ഐടി പാർക് സ്ഥാപിക്കാനുള്ള സാധ്യതയുണ്ട്. ഇതിന് 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം മതി. 

? വിശാല പത്തനംതിട്ട വികസന അതോറിറ്റി

ആസൂത്രണത്തിനും ഏകോപനത്തിനും സർക്കാർ നിയന്ത്രണത്തിലുള്ള അതോറിറ്റി അത്യാവശ്യമാണ്. പല വകുപ്പുകളെയും ഏകോപിപ്പിക്കണം. അതിന് എല്ലാ അധികാരവും ഉള്ള വികസന അതോറിറ്റിയാണ് വേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com