ADVERTISEMENT

ശബരിമല ∙ എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കാണ്. എല്ലാ നാവിലും മകരജ്യോതി കാണാൻ‌ ഭാഗ്യം കിട്ടണമേ എന്ന പ്രാർഥനയും.  കോവിഡ് വരുത്തിയ പ്രതിസന്ധിക്കിടയിലാണ് ഇന്നത്തെ മകരവിളക്ക്. പൊന്നമ്പലമേട് കാണാനാവുന്നതും പൊലീസിന്റെ നിയന്ത്രണങ്ങൾ ഇല്ലാത്തതുമായ പ്രദേശങ്ങളിലേക്ക് തീർഥാടകർ മലയിറങ്ങുകയാണ്.

മകരസംക്രമ സന്ധ്യയിൽ അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്നു സന്നിധാനത്ത് എത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവാഭരണത്തെ വരവേൽക്കാനുള്ള അവസാനവട്ട തയാറെടുപ്പുകളും സന്നിധാനത്ത് പൂർത്തിയായി. ഇന്നലെ രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ വിശ്രമിച്ച തിരുവാഭരണ ഘോഷയാത്ര സംഘം, ഇന്ന് പുലർച്ചെ 3ന് പുറപ്പെട്ട് വൈകിട്ട് സന്നിധാനത്ത് എത്തും.

മകര സംക്രമസന്ധ്യയിൽ അയ്യപ്പസ്വാമി തിരുവാഭരണ വിഭൂഷിതനാകുമ്പോൾ ജ്യോതി തെളിയുന്ന പൊന്നമ്പലമേടിനു ചുറ്റും ഹിമകണങ്ങൾ ജപമാല കോർത്തപ്പോൾ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച. ചിത്രം: നിഖിൽരാജ് ∙മനോരമ

പ്ലാപ്പള്ളി വനത്തിലെ തലപ്പാറ കോട്ടയിൽ തിരുവാഭരണം ഇറക്കി ഊരാളി മൂപ്പൻ കൊച്ചിവേലൻ കർപ്പൂരം ഉഴിയും. അട്ടത്തോട് കോളനിയിൽ ആദിവാസികൾ ആഘോഷമായ സ്വീകരണം ഒരുക്കിയിട്ടുണ്ട്. അവിടെ പ്രത്യേകം തയാറാക്കിയ തറയിൽ ഇറക്കി വയ്ക്കും. പെട്ടി തുറന്ന് ദർശനമില്ല. അതിനു ശേഷം നേരെ കാട്ടിലേക്ക് ഇറങ്ങും. ഒറ്റയടി പ്പാതയിലുട‌െ കൊല്ലമൂഴിയിലെത്തി പമ്പാനദിയുടെ അക്കരെ കടന്ന് ഒളിയമ്പുഴ വഴി ഉച്ചയോടെ വലിയാനവട്ടം എത്തും.

വലിയാനവട്ടത്ത് അയ്യപ്പ സേവാസംഘം പ്രവർത്തകരും ദേവസ്വം ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു മണ്ഡപത്തിൽ എത്തിക്കും. അവിടെയും ഇറക്കി പൂജിക്കും. വിശ്രമത്തിനു ശേഷം ഉച്ചയ്ക്ക് 2ന് സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര ചെറിയാനവട്ടം വഴി നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം എന്നിവ പിന്നിട്ട് ശരംകുത്തിയിലെത്തുമ്പോൾ ആഘോഷമായി സ്വീകരിച്ച് ആനയിക്കും.

പതിനെട്ടാംപടി കയറി സോപാനത്ത് എത്തുന്ന തിരുവാഭരണപേടകം തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com