ADVERTISEMENT

കോന്നി ∙ ഭാവിയിൽ കോന്നി ടൗൺ നേരിട്ടേക്കാവുന്ന പ്രധാന പ്രശ്നമായ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കാവുന്ന 2 പദ്ധതികളാണ് ബൈപാസും ഫ്ലൈ ഓവറും. നിലവിൽ ഗതാഗത പ്രശ്നം ഒഴിവാക്കാനുള്ള സൗകര്യം ഇവിടെയില്ല. താലൂക്ക് ആസ്ഥാനമായ കോന്നിയിൽ സർക്കാർ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കോന്നി സർ‍ക്കാർ മെഡിക്കൽ കോളജ് കൂടി പൂർണ നിലയിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഏറ്റവുമധികം വാഹനത്തിരക്ക് ഉണ്ടാകുന്നത് കോന്നി ടൗണിലാണ്. ഇതിനു പരിഹാരമായേക്കാവുന്ന 2 പദ്ധതികളാണ് ഇവ. ഇത്തവണത്തെ ബജറ്റിൽ ടോക്കൺ തുക മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

   ബൈപാസ്

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വരുന്ന കോന്നി ടൗൺ ഒഴിവാക്കി വാഹനങ്ങൾക്കു കടന്നു പോകാനുള്ള സൗകര്യമാകും ബൈപാസിലൂടെ ഉണ്ടാവുക. നിലവിൽ തമിഴ്നാട്, അച്ചൻകോവിൽ, ചെങ്കോട്ട, പുനലൂർ, ആര്യങ്കാവ് മേഖലയിൽ നിന്നൊക്കെ ശബരിമലയിലേക്കു പോകുന്ന തീർഥാടകർ കോന്നി ടൗൺ വഴിയാണ് കടന്നു പോകുന്നത്. ബൈപാസ് വന്നാൽ സംസ്ഥാനപാതയിലെ കുളത്തുങ്കൽ ഭാഗത്തു നിന്ന് ചൈനാമുക്ക്– ളാക്കൂർ– പൂങ്കാവ് റോ‍ഡിനെയും ആനക്കൂട്– പൂങ്കാവ് റോഡിനെയും മുറിച്ചു കടന്ന് സംസ്ഥാനപാതയിലെ തന്നെ ഇളകൊള്ളൂർ ഭാഗത്തേക്ക് എത്താനാകും. ഇതേ റൂട്ടിലൂടെ ജില്ലാ ആസ്ഥാനത്തേക്കു പോകാനുള്ള എളുപ്പ വഴിയുമാകും. തീർഥാടനം കഴിഞ്ഞു മടങ്ങുന്നവർക്കും ഇതേ പാത ഉപയോഗപ്പെടുത്താം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതി അന്നും ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നതാണ്. തുടർന്ന് അലൈൻമെന്റ് എടുക്കുകയും ചെയ്തിരുന്നു. 4.5 കിലോമീറ്ററിലധികമാണ് ദൂരം. ഭൂരിഭാഗവും വയലിലൂടെയാകും കടന്നു പോകുന്നത്. കൂടംകുളം വൈദ്യുതി ലൈൻ കടന്നു പോകുന്ന റൂട്ടായതിനാൽ നിലവിലുള്ള അലൈൻമെന്റിൽ മാറ്റം വരുത്തുകയും വേണം.

   ഫ്ലൈഓവർ

ബൈപാസ് യാഥാർഥ്യമായാലും പ്രാദേശികമായി കോന്നി ടൗണിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകണമെങ്കിൽ ഫ്ലൈഓവർ നടപ്പാകണം. ഉന്നത നിലവാരത്തിൽ സംസ്ഥാന പാതയുടെ പണികൾ പൂർത്തീകരിച്ചു കഴിയുമ്പോൾ ടൗണിൽ ഈ റോഡിനു കുറുകെയായിരിക്കും മേൽപാലം വരിക.    കോന്നി– ചന്ദനപ്പള്ളി റോഡിലെ ആനക്കൂടിനും സെൻട്രൽ ജംക്‌ഷനും മധ്യേയുമുള്ള ഭാഗവുമായും കോന്നി– മെഡിക്കൽ കോളജ് റോഡിലെ മരാമത്ത് വകുപ്പ് ഓഫിസിനും സെൻട്രൽ ജംക്‌ഷനും ഇടയിലുള്ള ഭാഗവുമാകും ബന്ധിപ്പിക്കുക.   താലൂക്ക് ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ, ഇക്കോടൂറിസം സെന്റർ, താലൂക്ക് ആശുപത്രി, കെഎസ്ഇബി ഓഫിസ്, പ്രമാടം ഇൻഡോർ സ്റ്റേഡിയം, ആർടി ഓഫിസ് എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ കോളജ്, തണ്ണിത്തോട്, തേക്കുതോട്, ചിറ്റാർ, സീതത്തോട്, കുമ്മണ്ണൂർ, ഐരവൺ, പയ്യനാമൺ, അട്ടച്ചാക്കൽ, ചെങ്ങറ തുടങ്ങിയ മേഖലയിലേക്ക് കോന്നി സെൻട്രൽ ജംക്‌ഷനിൽ വരാതെ പോകാൻ കഴിയും. ഇതും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുന്ന പദ്ധതിയാണ്.

കോന്നി താലൂക്ക് ആസ്ഥാനത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന 2 പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെട്ടത്. കോന്നി ഫ്ലൈ ഓവറിന് 70 കോടി രൂപയും ബൈപാസിന് 40 കോടി രൂപയും അടങ്കൽ തുക വരുന്ന പദ്ധതിയാണ്. ഇവയ്ക്ക് ടോക്കൺ തുക വച്ച് അംഗീകാരം ലഭിച്ചിട്ടുണ്ട്. തുടർന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുകയും ഭരണാനുമതി നേടിയെടുക്കുകയും ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് കെ.യു.ജനീഷ് കുമാർ എംഎൽഎ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com