ADVERTISEMENT

സീതത്തോട് ∙ രാജ്യത്തെ വീര ജവാൻമാർക്ക് സല്യൂട്ട് നൽകിയും, ലോകത്തെ പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും മഹാരാഷ്ട്രക്കാരായ ഇരു യുവാക്കളുടെ പ്രയാണം നിലയ്ക്കലിൽ എത്തി. രാജ്യത്തിന്റെ അഭിമാനമായി മാറിയ യുവാക്കൾക്കു നിലയ്ക്കൽ പൊലീസിന്റെ ബിഗ് സല്യൂട്ട്.ഔറംഗാബാദ് സ്വദേശികളായ ആകാശവാണി മാധ്യമ പ്രവർത്തകൻ സുനിൽ തോറാറ്റ് (22), എസ്ആർടിഎംയു കോളജ് അധ്യാപകൻ സന്തോഷ് ബാൽഗീർ (24) എന്നിവരാണ് 29 ദിവസങ്ങൾ താണ്ടി കർണാടക, തമിഴ്നാട്, വാളയാർ ചെക്ക് പോസ്റ്റ് വഴി തിങ്കളാഴ്ച വൈകിട്ട് നിലയ്ക്കലിൽ എത്തിയത്. ശബരിമല സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും ആർടിപിസിആർ. പരിശോധന ഫലം ഇല്ലാതിരുന്നതിനാൽ നിലയ്ക്കലിൽ സന്ദർശനം അവസാനിപ്പിച്ച് ഇന്നലെ രാവിലെ ഇരുവരും മടങ്ങി.

ലോകത്തിലെ എല്ലാ പൈതൃക സ്ഥലങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും പട്ടാളക്കാർക്കു സല്യൂട്ട് അർപ്പിച്ചും ഉള്ള ബോർഡ് സുനിലിന്റെ സൈക്കിളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ഡിസംബർ 20ന് മഹാരാഷ്ട്രയിലെ ലത്തൂരിൽ നിന്നാണ് ആരംഭിച്ചത്. മേയ് മാസം യാത്ര അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഏകദേശം 11000 കിലോമീറ്ററോളം സഞ്ചരിച്ച് രാജ്യത്തെ 80 പൈതൃക സ്ഥലങ്ങൾ ഇവർ സന്ദർശിക്കും.രാവിലെ 6ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6ന് അവസാനിപ്പിക്കുകയാണ് പതിവ്. ദിവസം ശരാശരി 70 കിലോമീറ്ററോളം സഞ്ചരിക്കും. യാത്രയിൽ വഴിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തും. സഞ്ചാരത്തിനായി ഇരുവരും നീണ്ട അവധി എടുത്തിരിക്കുകയാണ്.നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയ ഇരുവർക്കും ആവശ്യമായ സൗകര്യങ്ങൾ എസ്ഐ ബി.എസ്.ആദർശിന്റെ നേതൃത്വത്തിൽ ഒരുക്കി. ഇന്നലെ രാവിലെ പൊലീസുകാർക്കൊപ്പം ഭക്ഷണവും കഴിച്ചാണ് യാത്രയായത്. ചടയമംഗലം ജഡായുപ്പാറ സന്ദർശനമാണ് അടുത്ത ലക്ഷ്യം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com