ADVERTISEMENT

പത്തനംതിട്ട ∙ അദാലത്തിലെങ്കിലും ഈ കണ്ണീരിന് അറുതിയാകുമോ..? 2018ലെ പ്രളയം എടുത്ത ഭർത്താവിന്റെ ജീവന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനു വേണ്ടി വിവിധ വകുപ്പുകളുടെ കാരുണ്യം തേടുകയാണ് മാലക്കര, പാണംപടിക്കൽ രാജമ്മ തോമസ്. പ്രളയജലം ഉയർന്നു പൊങ്ങിയ ആ ഓഗസ്റ്റ് 14 അർധരാത്രി തന്റെ വീട്ടിലേക്ക് ഇരച്ചു കയറിയ വെള്ളം കണ്ട് തോമസ് ഭാര്യയെയും കൂട്ടി രക്ഷപ്പെടാൻ വഴികൾ തേടിയെങ്കിലും എല്ലായിടവും മുങ്ങുന്നതാണു കണ്ടത്. തുടർന്ന് ഭാര്യയെ ആദ്യം പുരപ്പുറത്തേക്കു കയറ്റി. രക്ഷപ്പെടാൻ വേണ്ടി പുരപ്പുറത്തേക്കു കയറാനുള്ള തത്രപ്പാടിൽ പിടിവിട്ട് പ്രളയജലത്തിലേക്കു വീഴുകയായിരുന്നു. 

രാജമ്മയുടെ നിലവിളി കേട്ട് തൊട്ടടുത്തു പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയുടെ മുകളിൽ നിന്ന് ആരോ വിളിച്ചറിയിച്ചതോടെ ഒരു കൊതുമ്പുവള്ളവുമായി എത്തിയ പ്രദേശവാസി തോമസിനെ കണ്ടെടുത്തെങ്കിലും അപ്പോഴേക്കും ആ ജീവൻ പ്രളയജലം അപഹരിച്ചിരുന്നു. പൊലീസ് സ്റ്റേഷൻ പോലും പ്രളയത്തിൽ മുങ്ങിയതിനാൽ പോസ്റ്റുമോർട്ടമോ മറ്റു നടപടി ക്രമങ്ങളൊ ചെയ്യാതെ മൃതദേഹം സംസ്കരിച്ചു. അധികാരികളുടെ നിർദേശപ്രകാരമായിരുന്നു അതു ചെയ്തതെന്നാണ് രാജമ്മ പറയുന്നത്.  ദിവസങ്ങളോളം അടുത്തുള്ള സ്കൂളിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ് രാജമ്മ കഴിഞ്ഞത്.

പ്രളയത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവർ അപേക്ഷ സമർപ്പിച്ചെങ്കിലും മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു. തുടർന്ന് അധികാരികളിൽ പലർക്കും പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മകളുടെ വിവാഹത്തിന് അടുത്തുള്ള സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത് തിരിച്ചടയ്ക്കാതെ ലക്ഷങ്ങൾ കുടിശികയായതിനെ തുടർന്ന് ജപ്തി നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 

പ്രളയത്തിൽ മരിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം തനിക്ക് കൂടി ലഭിച്ചിരുന്നെങ്കിൽ കിടപ്പാടം കൂടി ഇല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് രാജമ്മ ഇവിടെ അദാലത്തിന് എത്തിയത്. അപേക്ഷ പരിശോധിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തനിക്ക് ഒപ്പം ഉണ്ടായിരുന്ന വീണാ ജോർജ് എംഎൽഎയോ‌‌‌ടു വിവരം ചോദിച്ചറിഞ്ഞു.  ഉടൻ ഈ പണം അനുവദിച്ചു നൽകാൻ മന്ത്രി കലക്ടർക്ക് നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com