ADVERTISEMENT

കോന്നി ∙ ടിപ്പർലോറികളുടെ പാച്ചിലിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവും അമിത ഭാരം കയറ്റിയുമുള്ള പാച്ചിലിലാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. 9 മാസം മുൻപാണ് ഇതേ റൂട്ടിൽ അട്ടച്ചാക്കൽ വഞ്ചിപ്പടിക്കു മുൻപിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. ഏതാനും വർഷം മുൻപ് വഞ്ചിപ്പടിയിലെ പാലം കഴിഞ്ഞുള്ള ഭാഗത്തും ടിപ്പർലോറി ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ച സംഭവമുണ്ടായി. പയ്യനാമൺ അടുകാട്, കൊന്നപ്പാറ, താവളപ്പാറ, അട്ടച്ചാക്കൽ എന്നിവിടങ്ങളിലെ ക്രഷർ യൂണിറ്റിൽ നിന്നും പാറമടയിൽ നിന്നു വരുന്ന ടിപ്പർലോറികളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.

അടുകാട് ക്രഷർ യൂണിറ്റിൽ നിന്ന് ഭാരം കയറ്റി വന്ന ടിപ്പർലോറികൾ പയ്യനാമൺ പഴയ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിയന്ത്രണം വിട്ട് മറിയുന്ന സംഭവങ്ങൾ സ്ഥിരമായി ഉണ്ടാകുന്നു. നാട്ടുകാരുടെ ഭാഗ്യം കൊണ്ടാണ് മരണങ്ങൾ നടക്കാത്തത്. കോന്നിയിൽ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസും പൊലീസിന്റെ സബ് ഡിവിഷൻ അടക്കം പ്രവർത്തനം ആരംഭിച്ചെങ്കിലും വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് കുറവൊന്നുമില്ലെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. അപകടമുണ്ടാക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥർ ഉന്നത പിടിപാടുള്ളവർ ആകുമ്പോൾ നടപടികളും പേരിനുമാത്രമാകും.

ജീവൻ പൊലിയുന്നവരുടെ കുടുംബത്തിനു മാത്രമാണ് നഷ്ടം. മരണങ്ങൾ നടന്നു കഴിയുമ്പോൾ ഉണ്ടാകുന്ന പതിവ് നടപടികൾ‍ക്കപ്പുറം ഒന്നും സംഭവിക്കുന്നുമില്ല. പല അപകടങ്ങളിൽ നിന്ന് അദ്ഭുതകരമായാണ് ആളുകൾ രക്ഷപ്പെടുന്നത്. അട്ടച്ചാക്കൽ സ്വദേശിയായ ഗോപിനാഥൻ നായരുടെ മരണം നാടിനും കുടുംബത്തിനും തീരാവേദനയായി. തന്റെ പലചരക്കു കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി പണവുമായി രാവിലെ പോയപ്പോഴാണ് ഈ ദാരുണ സംഭവം.

 

 

 

 

ടിപ്പർലോറി ഇടിച്ച് 

അപകടം: സ്കൂട്ടർ 

യാത്രികൻ മരിച്ചു

 

 

 

കോന്നി ∙ ടിപ്പർലോറി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. അട്ടച്ചാക്കൽ കൊല്ലേത്തുമൺ പുതുപ്പറമ്പിൽ തെക്കേതിൽ പി.കെ.ഗോപിനാഥൻ നായർ (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് മുരിങ്ങമംഗലം ജംക്‌ഷനു സമീപമാണ് സംഭവം. 

അട്ടച്ചാക്കൽ ഭാഗത്തുനിന്ന് കോന്നിയിലേക്കു പോവുകയായിരുന്ന ഗോപിനാഥന്റെ സ്കൂട്ടറിൽ പിന്നാലെ എത്തിയ ടിപ്പർലോറി തട്ടുകയായിരുന്നു.

 റോഡിൽവീണ ഗോപിനാഥന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു. ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

 ലോറി തട്ടി വീണ ഗോപിനാഥന്റെ ഒരു വശത്തുകൂടി ചക്രം കയറിയതായി ആരോപണമുയർന്നെങ്കിലും പൊലീസ് നിഷേധിച്ചു. 

 അട്ടച്ചാക്കൽ ജംക്‌ഷനു സമീപം പലചരക്ക് കട നടത്തുന്ന ഗോപിനാഥൻ രാവിലെ സാധനം എടുക്കാനായി കോന്നിയിലേക്കു പോയതാണ്. വാഹനങ്ങളുടെ തിരക്ക് മൂലം ഇടതുവശത്ത് ചേർന്ന് പതിയെ പോവുകയായിരുന്ന സ്കൂട്ടറിലാണ് മറ്റൊരു വാഹനത്തെ മറികടന്നു വന്ന ടിപ്പർലോറി തട്ടിയത്. 

ഊട്ടുപാറയിൽ റോഡ് പണി നടക്കുന്ന സ്ഥലത്തേക്ക് കല്ലുംമണ്ണും കൊണ്ടുപോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ചെങ്ങന്നൂർ സ്വദേശി പ്രേമാനന്ദനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഗോപിനാഥന്റെ സംസ്കാരം ഇന്ന് 2.30ന്. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ശ്രീകല എം. നായർ, പരേതനായ ശ്രീജിത്. മരുമകൻ: മുരളീധരൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com