ADVERTISEMENT

പന്തളം ∙ കുംഭ ചൂടിലും കണ്ണഞ്ചിപ്പിക്കുന്ന വിസ്മയ കാഴ്ചയായി കുരമ്പാലയിലെ ആതിരമല. ദക്ഷിണ കേരളത്തിലെ തന്നെ ഏറ്റവും ഉയരമുള്ള മലകളിലൊന്നാണു ഇത്. സമുദ്ര നിരപ്പിൽ നിന്നു 2000 അടിയോളം ഉയരമുണ്ടെന്നാണു അധികൃതരുടെ അനുമാനം. എന്നാൽ, സർക്കാരിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇനിയും ഇടംപിടിക്കാതെ പോയ ഹതഭാഗ്യയാണ് കാഴ്ചവിരുന്നൊരുക്കുന്ന ആതിരമല.

കുരമ്പാല-പഴകുളം റോഡിൽ പറയന്റയ്യത്ത് ജംക്‌ഷനിൽ നിന്നാണു മലയിലേക്കുള്ള വഴി തുടങ്ങുന്നത്. അടിവാരത്ത് നിന്നു 700 മീറ്ററോളം കോൺക്രീറ്റ് പാത പിന്നിട്ടാൽ മലയിലെത്താം. പന്തളം, തട്ട, അടൂർ, ഇലവുംതിട്ട, കോന്നി, നൂറനാട്, കരിങ്ങാലി പുഞ്ച ഉൾപ്പടെ ചുറ്റുവട്ട പ്രദേശങ്ങളുടെ ഭംഗി ആസ്വദിക്കാം.മലയുടെ മുകളിലാണ് ആതിരമല ശിവപാർവതി ക്ഷേത്രം. മകരമാസത്തിലെ ഉത്സവ നാളിൽ കെട്ടുകാഴ്ച പ്രദർശനം ഉൾപ്പടെ ഇവിടെ നടക്കാറുണ്ട്. 

ആദിദ്രാവിഡ ഗോത്ര സംസ്‌കാരത്തിൽ മലദൈവങ്ങളെ പൂജിച്ചു ജീവിച്ച പൂർവികരുടെ കഥകൾ ആതിരമലയുടെ ചരിത്രത്തിലുണ്ട്. പൂതാടി ദൈവം, കരിവില്ലി, പൂവില്ലി, ഇളവില്ലി, മേലേ തലച്ചി, കരുവാൾ, മുത്തപ്പൻ, മലക്കരി തുടങ്ങിയ മലദൈവങ്ങളെ ചരിത്ര കഥയിൽ പരാമർശിക്കുന്നുണ്ട്. അതുരൻ എന്ന ഒരു അസുരൻ വസിച്ചിരുന്ന നാട് എന്നതിൽ നിന്നാണ് ആതിരമല എന്ന പേരിന്റെ ഉത്ഭവമെന്നും പറയുന്നു.

മലകളുടെ അധിപൻ കുടികൊള്ളുന്ന ഇവിടം കാലക്രമത്തിൽ ഇന്നു കാണുന്ന ആതിരമലനട ശിവപാർവതി ക്ഷേത്രമായി മാറിയെന്നാണു ഐതിഹ്യം. ആദിദ്രാവിഡ സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായി പരമ്പരാഗത ചടങ്ങുകൾ ഇന്നും ഈ ക്ഷേത്രത്തിൽ നടന്നു വരുന്നു. ആതിരമലയുടെ ടൂറിസം സാധ്യതകൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ പ്രദീപ് കുരമ്പാലയുടെ സംവിധാനത്തിൽ ഡോക്യുമെന്ററി തയാറാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com