ADVERTISEMENT

മലയിൻകീഴ് ∙ പഴയ കാറിനോടു ചേർത്ത് താൻ നിർമിച്ച കുഞ്ഞൻ മണ്ണുമാന്തിയുടെ യന്ത്രക്കൈ നിയന്ത്രിക്കുമ്പോൾ ബെൻ ജേക്കബിന് ഒന്നേ പറയാനുള്ളൂ . ‘ഒന്നും പാഴല്ല ’. കുട്ടിക്കാലത്ത് കൗതുകമായിരുന്ന യന്ത്രം സ്വന്തമായി നിർമിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് മെക്കാനിക്കൽ എൻജിനീയറായ വിളവൂർക്കൽ ചൂഴാറ്റുകോട്ട സ്വദേശി ബെൻ ജേക്കബ് (34) . കാലാവധി കഴിഞ്ഞ് ആക്രി വിലയ്ക്ക് കൊടുക്കാൻ തീരുമാനിച്ച കാറിനെയാണ് ബെൻ മണ്ണുമാന്തി യന്ത്രമാക്കി ( ബാക്ക്ഹോ എക്സ്കാവേറ്റർ ) പരിഷ്കരിച്ചത് .

ലോക്ഡൗൺ കാലത്ത് തുടങ്ങിയ മാസങ്ങൾ നീണ്ട അധ്വാനത്തിന് ഫലം കണ്ടത് അടുത്ത ദിവസം.ഭാര്യ ജീജയ്ക്ക് ഓടിച്ചു പഠിക്കാനാണ്  1988 മോഡൽ മാറ്റിസ് കാർ ബെൻ ജേക്കബ് 2014ൽ വാങ്ങുന്നത്. കാർ വിൽക്കാനോ റീ ടെസ്റ്റ് ചെയ്യാനോ സാധിക്കാതെ പഴയതായതോടെയാണ് പുതിയ പരീക്ഷണത്തിന് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ( സിഇടി ) നിന്ന് ബിടെക് നേടിയ ബെൻ തുനിഞ്ഞത്. തന്റെ കഴിവും ഇന്റർനെറ്റ് നൽകിയ വിവരങ്ങളും ഒരുമിച്ച് ചേർത്തൊരു പരീക്ഷണം. 

 വിശദമായ രൂപരേഖ തയാറാക്കി ആവശ്യമായ സാധനങ്ങൾ സംഘടിപ്പിക്കലായിരുന്നു ആദ്യപടി. ചില ഭാഗങ്ങൾ ഗുജറാത്തിൽ നിന്ന് വരുത്തി. ലോക്ഡൗൺ കാലത്ത് ഇവ കിട്ടാൻ വൈകി. വെൽഡിങ്ങിനും ഇരുമ്പ് മുറിക്കാനുമടക്കം ആയുധങ്ങൾ വാങ്ങി. ഇരുമ്പു പാളങ്ങൾ തുരക്കാൻ  വർക്‌ഷോപ്പിന്റെ സഹായം തേടി. 

കാറിന്റെ പിൻഭാഗത്താണ് യന്ത്രക്കൈ. കാറിന്റെ മുകളിൽ ഇരുന്നാണ് നിയന്ത്രണം. ഇതിനായി ലീവറുകൾ ഉണ്ട്.. കാറിലെ എൻജിൻ തന്നെയാണ്  500 കിലോ വരെ ഉയർത്താൻ ശേഷിയുള്ള മണ്ണുമാന്തിയുടെയും കരുത്ത്. 70,000 രൂപയാണ് ആകെ ചെലവ്. മണ്ണുമാന്തിയുടെ അടിസ്ഥാന ജോലികൾക്കെല്ലാം കഴിവുള്ള ഈ 1.1 ടൺ ‘ ഹൈഡ്രോളിക് കു‍ഞ്ഞപ്പൻ ’ നാട്ടുകാർക്കിടയിൽ താരമായിക്കഴിഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com