ADVERTISEMENT

നെയ്യാറ്റിൻകര ∙ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നെയ്യാർ കരകവിഞ്ഞൊഴുകി വ്യാപക കൃഷി നാശം. നെയ്യാർ ഡാം തുറന്നു വിട്ടതും വെള്ളം കയറാൻ കാരണമായി. കണ്ണൻകുഴി, രാമേശ്വരം, ഇരുമ്പിൽ ഏല പ്രദേശങ്ങളിലെ കർഷകർക്കു ലക്ഷങ്ങളുടെ നഷ്ടം.കണ്ണൻകുഴി കല്ലുവിളയിൽ സെൽവരാജ്, സൈലസ്, ഷിബു, വരിക്കപ്ലാവിളയിൽ ചെല്ലപ്പൻ തുടങ്ങി ഒട്ടേറെ പേരുടെ കൃഷി നശിച്ചു. ഇവരുടെ വാഴകളും പച്ചക്കറി കൃഷിയുമാണ് നശിച്ചത്. രാമേശ്വരം ഭാഗത്ത് ശിവരാജൻ, സെൽവനേശൻ തുടങ്ങിയവരുടെ വാഴത്തോട്ടം വെള്ളത്തിനടിയിലായി. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

 നെയ്യാർ കരകവിഞ്ഞൊഴുകുന്നു, നെയ്യാറ്റിൻകര ഗ്രാമം ആറാട്ട്കടവ് ഭാഗത്തെ കാഴ്ച
നെയ്യാർ കരകവിഞ്ഞൊഴുകുന്നു, നെയ്യാറ്റിൻകര ഗ്രാമം ആറാട്ട്കടവ് ഭാഗത്തെ കാഴ്ച

തുടർച്ചയായ മഴയിൽ നെയ്യാറിൽ നീരൊഴുക്ക് വർധിച്ചിരുന്നു. ഡാം തുറന്നു വിടുക കൂടി ചെയ്തതോടെ നെയ്യാർ കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.ഡാം തുറക്കുമ്പോൾ നെയ്യാർ കടലിൽ ചേരുന്ന പൂവാറിൽ പൊഴി മുറിച്ചു വിടാൻ നടപടി സ്വീകരിക്കണമെന്ന  ആവശ്യം ഇക്കുറിയും അധികൃതർ അംഗീകരിച്ചില്ല. പൊഴി മുറിച്ച ശേഷം ഡാം തുറന്നു വിട്ടിരുന്നെങ്കിൽ കൃഷി നാശം ഒഴിവാക്കാമായിരുന്നുവെന്നാണ് ജനത്തിന്റെ വാദം.

  വന്യജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി ടി.കെ.മണി കൃഷി ചെയ്ത പുരയിടത്തിന്റെ വശങ്ങളിൽ ഒരുക്കിയിരിക്കുന്ന അറക്കവാൾ വേലി.
വന്യജീവികളുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി ടി.കെ.മണി കൃഷി ചെയ്ത പുരയിടത്തിന്റെ വശങ്ങളിൽ ഒരുക്കിയിരിക്കുന്ന അറക്കവാൾ വേലി.

കഴിഞ്ഞ തവണ വെള്ളം കയറി കൃഷി നശിച്ചപ്പോൾ ഇക്കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ ഇതേക്കുറിച്ചു പഠിക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു അന്നവർ പ്രതികരിച്ചത്. ഇതേക്കുറിച്ചു അടിയന്തരമായി പഠിക്കണമെന്നും കൃഷി നശിക്കാതെ സംരക്ഷിക്കണമെന്നുമാണ് ജനത്തിനു പറയാനുള്ളത്.

  കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ച വാഴകളിൽ നിന്ന് ടി.കെ.മണി ശേഷിച്ച കുല എടുക്കുന്നു.
കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ച വാഴകളിൽ നിന്ന് ടി.കെ.മണി ശേഷിച്ച കുല എടുക്കുന്നു.

കാട്ടാനക്കൂട്ടം 500 വാഴ നശിപ്പിച്ചു

ഇൗഞ്ചപ്പുരിയിൽ വനത്തിനോടു ചേർന്ന കിടക്കുന്ന പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. വാഴകളും വെറ്റിലക്കൃഷിയും ചവിട്ടി മെതിച്ചു. കടം വാങ്ങിയും വായ്പ എടുത്തും കൃഷി ചെയ്ത കർഷകർ കണ്ണീരിൽ.  ഇൗഞ്ചപ്പുരി കുക്കു സദനത്തിൽ ടി.കെ.മണി (55) പാട്ടത്തിനെടുത്തു കൃഷി ചെയ്ത പുരയിടത്തിൽ ആണ് രണ്ടു ദിവസങ്ങളിൽ ആയി കൂട്ടത്തോടെ കാട്ടാന ഇറങ്ങിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി ഇറങ്ങിയ ആനകൾ കുലച്ചതും കുലയ്ക്കാത്തതുമായ ഏകദേശം 500  വാഴകൾ നശിപ്പിച്ചു. ചൊവ്വ രാത്രി 12 വരെ മണി കൃഷിയിടത്തിൽ ഉണ്ടായിരുന്നു. പിന്നീടാണ് ആന ഇറങ്ങിയത്. ശേഷിച്ച വാഴകൾ ബുധനാഴ്ചയും നശിപ്പിച്ചു. ആന വരാതിരിക്കാൻ, മില്ലിൽ തടി അറക്കാൻ ഉപയോഗിക്കുന്ന വാളുകൾ കൊണ്ടാണ്‌ വസ്തുവിന്റെ വശങ്ങളിൽ വേലി ഒരുക്കിയിരിക്കുന്നത്. എന്നിട്ടും വ്യാപക നാശമാണ് വരുത്തിയത്. സമീപത്തെ ഉദയന്റെ പുരയിടത്തിലെ വെറ്റില‌ക്കൃഷിയും കമുകും നശിപ്പിച്ചു.മണി ആര്യനാട് എസ്എൻഡിപി യൂണിയന്റെ ഇൗഞ്ചപ്പുരി കല്ലുവരമ്പിലെ വസ്തു പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. രണ്ട് ഏക്കറിൽ റബർ നിൽക്കുന്ന സ്ഥലം ഒഴിച്ച് ആണ് കൃഷി ഇറക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com