ADVERTISEMENT

വിതുര ∙ വാമനപുരം നദിക്കരയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ജഡത്തിനു സമീപം മണിക്കൂറുകളോളം തുടർന്ന കുട്ടിയാനയെ വനം വകുപ്പ് അധികൃതർ മയക്കി കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. വിതുര കല്ലാർ കൊങ്ങൻമരുതുംമൂടിനു സമീപം സ്വകാര്യ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ആയിരുന്നു സംഭവം. ഇന്നലെ രാവിലെ 6.30 നായിരുന്നു കാട്ടാനയെ ചരിഞ്ഞ നിലയിലും സമീപത്തു ചുറ്റിത്തിരിയുന്ന നിലയിൽ കുട്ടിയാനയെയും കണ്ടത്. തുടർന്ന് വിവരമറിഞ്ഞും വനം വകുപ്പും പൊലീസും സ്ഥലത്തെത്തി. കാഴ്ചയിൽ വലിയ മുറിവുകളോ മറ്റോ ഇല്ലാതെ ചരിഞ്ഞു കിടന്ന കാട്ടാനയുടെ ജഡത്തിനു സമീപം കുട്ടിയാന തുടർന്നതോടെ കുട്ടിയാനയെ ഇവിടെ നിന്നും മാറ്റാനുള്ള തീരുമാനം വനം വകുപ്പ് അധികൃതർ എടുത്തു. 

ഇതിനിടെ കുട്ടിയെ കാട്ടിലേക്കു മടക്കി അയക്കാമെന്ന ആലോചന വന്നെങ്കിലും ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ആനയെ അമ്മയുടെ സാന്നിധ്യമില്ലാതെ കാട്ടിലേക്കു അയക്കേണ്ടതില്ലെന്നു അധികൃതർ തീരുമാനിച്ചു. തുടർന്നു ഉച്ചയോടെ പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ നിന്നും സ്ഥലത്തെത്തിയ റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി) കുട്ടിയാനയെ വടം ഉപയോഗിച്ചു കുരുക്കിട്ടു പിടിച്ചു.  പിന്നാലെ വനം വകുപ്പ് സർജന്റെ നിർദ്ദേശ പ്രകാരം കുട്ടിയാനയെ മയക്കാൻ കുത്തിവയ്പു നൽകി. തുടർന്ന് ജഡത്തിൽ ചാരി മയങ്ങി നിന്ന കുട്ടിയാനയെ ഉച്ചയ്ക്കു രണ്ടോടെ ആർആർടിയുടെ വാഹനത്തിൽ കയറ്റി കാപ്പുകാട്ടേയ്ക്കു അയച്ചു. 

ഇതിനു ശേഷം ചരിഞ്ഞ ആനയുടെ ജഡത്തിന്റെ പോസ്റ്റ് മോർട്ടം നടത്തി വനത്തിനുള്ളിൽ സംസ്കരിച്ചു. പോസ്റ്റ് മോർട്ടത്തിനു സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് പാലോട് ക്യാംപസിലെ ഡോക്ടർമാരായ എസ്. നന്ദകുമാർ, പി.ആർ. പ്രത്യുഷ്, ജി.എസ്. അജിത് കുമാർ എന്നിവർ നേതൃത്വം നൽകി. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് ആന ചരിഞ്ഞതെന്നാണു പ്രാഥമിക നിഗമനം.  ആനയ്ക്കു നാൽപത്തിയഞ്ച് വയസ്സ് പ്രായമുണ്ടെന്നു വനം അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയോ ഇന്നലെ പുലർച്ചെയോ മരണം സംഭവിച്ചതായാണു വിലയിരുത്തൽ. 

അമ്മ ഉറങ്ങുകയാണെന്നു കരുതി കുസൃതി കാട്ടി കുട്ടിക്കൊമ്പൻ

അമ്മയുടെ ജഡത്തിനു സമീപം മണിക്കൂറുകൾ തുടർന്ന കുട്ടിക്കൊമ്പന്റെ മുഖം കണ്ടവർ ആരും അത്ര പെട്ടെന്നു മറക്കില്ല. മരിച്ചു കിടന്ന അമ്മ ഉറങ്ങുകയാണെന്ന ധാരണയിൽ മണിക്കൂറുകളോളം ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കുട്ടിക്കുറുമ്പൻ മുഖം കൊണ്ട് ഉരുമ്മിയതും തുമ്പിക്കൈ കൊണ്ട് തലോടിയും കുസൃതി കാട്ടിയതു കണ്ടു നിന്നവരിൽ നൊമ്പര കാഴ്ചയൊരുക്കി. 

ഇടയ്ക്കു കാഴ്ചക്കാരായി സ്ഥലത്ത് എത്തിയവർക്കെതിരെ കുട്ടിയാന ചീറി പാഞ്ഞടുത്തു. ഏതാനും മീറ്ററുകൾ മാത്രം മുന്നോട്ടു പോയ കുട്ടിയാന പക്ഷേ തിരികെ അമ്മയുടെ അടുത്തേക്കു തന്നെയെത്തി സ്നേഹ പ്രകടനം തുടർന്നു. ആനയുടെ ജഡത്തിനു ചുറ്റും ഒട്ടേറെ തവണ ചുറ്റിയ കുട്ടിയാന പിന്നീട് സഹികെട്ട് ജഡത്തിനു പുറത്തു കയറിയും കാലുകൾ അമ്മയാനയുടെ കാലിൽ കയറ്റി വച്ച് ചിന്നം വിളിച്ചും ബഹളമുണ്ടാക്കി കൊണ്ടിരുന്നു. 

ഇതിനിടെയാണു റാപ്പിഡ് റെസ്പോൺസ് ടീം(ആർആർടി) സ്ഥലത്തെത്തി ആനയെ കുരുക്കിട്ടു പിടിച്ചതും പിന്നാലെ മയക്കുന്നതിനുള്ള കുത്തിവയ്പ് നൽകിയതും. കുട്ടിയാനയെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ വൈകിട്ട് നാലോടെ എത്തിച്ചു. പരിശോധനയ്ക്കു ശേഷം ആനയെ കൂട്ടിലേക്കു മാറ്റി.  ആനയുടെ ആരോഗ്യ സ്ഥിതിയിൽ തൃപ്തി ഉണ്ടെന്നു അധികൃതർ അറിയിച്ചു. കൂടിനുള്ളിൽ കുറച്ച് ദിവസം ആന നിരീക്ഷണത്തിൽ തുടരും. ഇതോടെ കാപ്പുകാട്ടെ കുട്ടിയാനകളുടെ എണ്ണം ഏഴായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com