ADVERTISEMENT

പാങ്ങോട്∙ ടിപ്പർ ലോറി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ വനത്തിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പാങ്ങോട് ചന്തക്കുന്ന് ലക്ഷംവീട് കോളനിയിൽ എആർ നിവാസിൽ റഷീദിന്റെയും അമ്മിണിയുടെയും മകൻ അംജിത്(30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് 4ന് ഭരതന്നൂർ കല്ലുമല മേഖലയിലെ വനത്തിലാണ് മൃതദേഹം കണ്ടത്. വനത്തിനുള്ളിൽ ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘത്തിലെ ഒരാളാണ് അംജിത്. 

പൊലീസ് പറയുന്നത്:വൈകിട്ട് പാലോട് ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിലെ കല്ലുമല വനമേഖലയിൽ അംജിത്തും മറ്റ് രണ്ടു പേരുമായി ഓട്ടോയിലെത്തി.തുടർന്ന് ഫോൺ ചെയ്യുന്നതിനു വേണ്ടി ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോണും വാങ്ങി അംജിത് വനത്തിലുള്ളിലേക്കു നടന്നു. തിരികെ എത്താത്തതിനെത്തുടർന്നു ഇയാൾ പോയ വഴിയെ ഡ്രൈവറും കൂട്ടുകാരനും അന്വേഷിച്ചു ചെല്ലുമ്പോൾ ഒടിഞ്ഞു വീണ് ചരിഞ്ഞ അക്കേഷ്യ കമ്പിൽ തൂങ്ങി നിൽക്കുന്നതാണ് കാണുന്നതെന്നും ജീവനുണ്ടെന്നു സംശയിച്ച് കെട്ടഴിച്ചിറക്കിയെന്നും മരണം സംഭവിച്ചുവെന്ന് മനസ്സിലാക്കിയതിനെത്തുടർന്നു പൊലീസിൽ വിവരമറിയിച്ചുവെന്നും സംഘം പൊലീസിനോടു പറഞ്ഞു. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തൂങ്ങാൻ ഉപയോഗിച്ചത് ഇയാൾ ധരിച്ചിരുന്ന കൈലിമുണ്ടാണ്. കാലിൽ ചെരുപ്പ് ധരിച്ചിട്ടുണ്ട്.തറയിൽ മലർന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം. ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോണുമുണ്ട്.  കൊടുംവനത്തിലുള്ളിലേക്കു ഓട്ടോയിൽ വന്നതും സംശയത്തിനു കാരണമായിട്ടുണ്ട്. തൂങ്ങാൻ ഉപയോഗിച്ച കൈലിമുണ്ട് കെട്ടിയിരിക്കുന്നത് വളരെ താഴ്ന്ന നിലയിലാണ്. ഓട്ടോയിൽ രണ്ടു പേരെ ഫോറസ്റ്റ് വാച്ചർമാരും കണ്ടിരുന്നു. എന്നാൽ മരിച്ചയാളെ ഇവർ കണ്ടിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊലീസിനോടു പറ‍ഞ്ഞു. ഇന്നു വിദഗ്ധ സംഘമെത്തി വിശദ പരിശോധനയ്ക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനയയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com