ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വാക്സിനേഷൻ നടത്തുന്നതിൽ ജില്ലയിലെ പ്രവർത്തനങ്ങൾ അവതാളത്തിൽ. വാക്സീൻ സ്വീകരിക്കേണ്ടവരെ വിവരം യഥാസമയം മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും തിരക്ക് ഒഴിവാക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം. 60 വയസ്സ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഇന്നു രാവിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കുമെന്ന് ഇന്നലെ രാത്രി ഫെയ്സ്ബുക്കിലൂടെയാണു അറിയിപ്പു വന്നത്.

മുതിർന്നവരും രോഗികളും ഫെയ്സ്ബുക് നോക്കി വാക്സിനേഷനു പോകണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അറിയിപ്പിലെ സംശയങ്ങൾ ദൂരീകരിക്കാനും തയാറല്ല. ക്യാംപിൽ ആൾക്കൂട്ടം സൃഷ്ടിച്ചു കോവിഡ് വ്യാപനത്തിനു സാഹചര്യം ഒരുന്നുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ളവർക്ക് കാലതാമസം കൂടാതെ വാക്സീൻ നൽകണമെന്ന നിർദേശം അട്ടിമറിക്കുന്ന രീതിയിലാണ് പല സെന്ററുകളുടെ പ്രവർത്തനം. പ്രയാധിക്യമുള്ളവരെ കാത്തിരിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നതായും അനുഭവസ്ഥർ പറയുന്നു. ഇന്നലെ പേരൂർക്കട വാക്സീൻ സെന്ററിൽ രാവിലെ 9ന്  കുത്തിവയ്പ്പ് എടുക്കാൻ എത്തിയ റിട്ട. ഉദ്യോഗസ്ഥന് വാക്സീൻ നൽകാൻ മണിക്കൂറുകൾ വൈകി.

60 വയസ്സിന് മുകളിലായിട്ടും പരിഗണന നൽകിയില്ല. ഇല്ലെന്നു പറഞ്ഞു മടക്കി അയക്കാനും ശ്രമമുണ്ടായി. ആശുപത്രികളിലെ വാക്സിനേഷൻ ക്യാംപുകളിലെ തിരക്കു കുറയ്ക്കാനും നടപടികൾ സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാരിന്റെ കോവിൻ പോർട്ടൽ വഴി റജിസ്റ്റർ ചെയ്യുന്നവർക്കു ലഭിക്കുന്ന തിയതിയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയെന്നാണു വ്യവസ്ഥ. എന്നാൽ ചില കേന്ദ്രങ്ങളിൽ അവിടെ ഉള്ളവർ പരിഷ്കാരം വരുത്തി. പോർട്ടലിൽ നിന്നു ലഭിക്കുന്ന തീയതിയുടെ തലേന്നു വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് ടോക്കൺ വാങ്ങണം.

വാക്സിനേഷനു വേണ്ടി എത്തുമ്പോഴാണു മുതിർന്നവരും രോഗികളും വിവരം അറിയുന്നത്. ഉടൻ ടോക്കൺ കൊടുത്ത് ഇവരെ വീട്ടിലേക്ക് അയയ്ക്കുന്നു. വാക്സിനേഷനു വരുന്നവർ പരമാവധി കുറച്ചുസമയം മാത്രമേ ആ കേന്ദ്രത്തിൽ തുടരാവൂവെന്നാണു പൊതുനയം. മറ്റുള്ളവരിൽ നിന്ന് കോവിഡ് ബാധിക്കാതിരിക്കാനാണിത്. ഉദ്യോഗസ്ഥരാകട്ടെ 2 ദിവസം അവരെ കേന്ദ്രത്തിൽ എത്തിച്ച് വൈറസ് ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുകയാണ്.

ചോദ്യങ്ങൾ ഉയരുന്നു

സെക്രട്ടേറിയേറ്റിലെ എല്ലാ ജീവനക്കാർക്കും വാക്സീൻ നൽകാനുള്ള തീരുമാനം ആരുടേത്? കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ? സെക്രട്ടേറിയറ്റ് ജീവനക്കാർക്കെല്ലാം വാക്സിനേഷൻ നൽകാൻ പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവിനെക്കുറിച്ചു ചോദിച്ചപ്പോൾ ആരോഗ്യ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളാണിത്. 

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കാൻ സാധ്യതയുള്ളവർക്കു മാത്രമേ വാക്സിനേഷൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളൂ. അതിന്റെ മറവിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കാൻ സാധ്യതയില്ലാത്തവരെപ്പോലും വാക്സിനേഷൻ അയയ്ക്കുന്നത്. സെക്രട്ടേറിയറ്റിലെ 4000ലേറെ ജീവനക്കാർക്ക് വാക്സീൻ എടുക്കാൻ വളഞ്ഞവഴിയിലൂടെ നീങ്ങുമ്പോൾ മുതിർന്നവർക്കും രോഗികൾക്കുമുള്ള വാക്സിനേഷൻ വൈകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com