ADVERTISEMENT

തിരുവനന്തപുരം ∙ ജില്ലയിൽ ഇന്നലെ 3,727 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2,221 പേർ രോഗമുക്തരായി. 31,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23% . ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,267 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധ. ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 5,000 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കോവിഡുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 80,616 ആയി. ഇന്നലെ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 3,252 പേർ  നിരീക്ഷണ കാലം പൂർത്തിയാക്കി.

ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ

കോവിഡ് ചികിൽസയ്ക്ക് ജനറൽ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.  പ്രധാന സർജിക്കൽ ബ്ലോക്കിൽ32 ഓക്സിജൻ കിടക്കകളും 24 ഐസിയു കിടക്കകളും 68 സാധാരണ കിടക്കകളും ഉടൻ സജ്ജമാക്കും. ഇപ്പോൾ സജ്ജമാക്കുന്ന 68 സാധാരണ കിടക്കകളിൽ  ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കും. ഇതോടെ അതിതീവ്ര കോവിഡ് ചികിത്സയ്ക്കായി 375 ഓക്സിജൻ കിടക്കകളും 49 ഐസിയു കിടക്കകളും ആശുപത്രിയിലുണ്ടാകും.

ന്യൂറോ ഐസിയു, എംഐസിസിയു, ജെറിയാട്രിക് വാർഡ് എന്നിവയും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുമെന്നും കലക്ടർ പറഞ്ഞു. ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള കോവിഡ് ഇതര രോഗികളെ ആവശ്യമെങ്കിൽ ഫോർട്ട് ആശുപത്രിയിലേക്കു റഫർ ചെയ്യുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്യും. കോവിഡ് ഇതര രോഗികൾക്കുള്ള ഒപി ഇനി ജനറൽ ആശുപത്രിയിൽ ഉണ്ടാകില്ല. കോവിഡ് രോഗികൾക്കായി ജനറൽ ആശുപത്രിയിലെ 11ാം നമ്പർ വാർഡിൽ 50 അധിക കിടക്കകൾ കൂടി സജ്ജമാക്കും. 

ഇന്ന് 118 ഗവ. ആശുപത്രികളിൽ  വാക്‌സിനേഷൻ

ജില്ലയിൽ ഇന്ന് 118 സർക്കാർ ആശുപത്രികളിൽ  വാക്‌സിനേഷൻ  നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യൽറ്റി ആശുപത്രിയിലും കോവാക്‌സിൻ ആണ് നൽകുന്നത്. മറ്റുള്ള സ്ഥാപനങ്ങളിൽ കോവീഷീൽഡ്  വാക്സിൻ നൽകും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്സിനേഷൻ ഉണ്ടായിരിക്കില്ല. സ്വകാര്യ  ആശുപത്രിയിൽ ആദ്യ  ഡോസ്  എടുത്തവർ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നു രണ്ടാമത്തെ ഡോസ് എടുക്കണം. എല്ലാ ദിവസവും വൈകിട്ടു 3 മുതൽ അടുത്ത ദിവസത്തേക്കുള്ള  റജിസ്ട്രേഷൻ സൈറ്റ് ഓപ്പൺ ആകും. 

എല്ലാ  സ്ഥാപനങ്ങളിലും 20% ഓൺലൈൻ റജിസ്‌ട്രേഷൻ വഴിയും ബാക്കി 80% സെക്കൻഡ് ഡോസ്വാക്‌സിനേഷൻ എടുക്കാനുള്ളവർക്കു  സ്‌പോട്ട് റജിസ്‌ട്രേഷൻ വഴിയും നൽകും. വാക്‌സിനേഷൻ കേന്ദ്രത്തിൽ കോവിഡ്  മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. മൂക്കും വായും മൂടുന്ന വിധത്തിൽ ഡബിൾ മാസ്‌ക് ധരിക്കണം. അടുത്തുള്ള ആളുമായി രണ്ടു മീറ്റർ അകലം പാലിക്കണം. കൂട്ടം കൂടി നിൽക്കരുത്. ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com