ADVERTISEMENT

ഇരിങ്ങാലക്കുട ∙ ഇൗസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പോൾസന്റെ ഭാര്യ ആലീസ് കൊല്ലപ്പെട്ട വീടിനു സമീപത്ത് അടച്ചിട്ടിരുന്ന മറ്റൊരു വീടിന്റെ വളപ്പിൽ നിന്ന് സംശയാസ്പദമായി കട്ടർ കണ്ടെത്തി. അലുമിനിയം ഷീറ്റ് അടക്കമുള്ളവ മുറിക്കാൻ ഉപയോഗിക്കുന്ന കട്ടർ തുരുമ്പെടുത്ത നിലയിലാണ്.

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിൽ ആലീസ് കെ‍ാല്ലപ്പെട്ട വീടിന് സമീപത്തെ വീട്ടുവളപ്പിൽ കണ്ടെത്തിയ കട്ടർ അന്വേഷണ ഉദ്യോഗസ്ഥരും വിദഗ്ധരും ചേർന്നു പരിശോധിക്കുന്നു

ആലീസിന്റെ വീട്ടിൽ നിന്ന് 55 മീറ്ററോളം അകലെ നിന്നാണ് ഇതു കണ്ടെത്തിയത്. ഫോറൻസിക് ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പറയാൻ കഴിയൂവെന്ന് ഡിവൈഎസ്പി പറഞ്ഞു. 2019 നവംബർ 14ന് വൈകിട്ട് ആറരയോടെയാണ് ആലീസിനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിന് കൂട്ടു കിടക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം കണ്ടത്. കയ്യിലുണ്ടായിരുന്ന വളകൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത നിലയിലായിരുന്നു. അതിനാൽ ഇപ്പോൾ ലഭിച്ച കട്ടർ അന്വേഷണത്തിന് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘം. സമീപത്തെ വീട്ടുകാർ തൃശൂരാണ് സ്ഥിര താമസം. പിണ്ടി പെരുനാളിനോടനുബന്ധിച്ച് ഒരാഴ്ച മുൻപാണ് താമസിക്കാൻ എത്തിയത്. വളപ്പ് വൃത്തിയാക്കിയെങ്കിലും കട്ടർ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ഇന്നലെ കട്ടർ കിടക്കുന്നത് കണ്ട വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.സുകുമാരൻ, സയന്റിഫിക് ഓഫിസർ ഷാലു ജോസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം സ്ഥലത്തെത്തി കട്ടർ പരിശോധിച്ചു.

ഒരു വർഷത്തിലേറെ പൊലീസ് അന്വേഷിച്ചിട്ടും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com