ADVERTISEMENT

കുതിരാൻ ∙ പാതിവഴിയിൽ നിലച്ച രണ്ടാം തുരങ്കത്തിന്റെ നിർമാണം പൂർത്തിയാക്കാൻ പ്രത്യേക സംഘമെത്തി. എന്നാൽ, നിർമാണം എന്നു പുനരാരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം തുരങ്കകവാടത്തിൽ കരിങ്കല്ലു വീണു ദ്വാരമുണ്ടായ ഭാഗം ഈ സംഘത്തിലെ എൻജിനീയർമാരുടെ സംഘം ഇന്നു പരിശോധിക്കും. ഇത്  അടയ്ക്കാനുള്ള അറ്റകുറ്റപ്പണി 25ന് ആരംഭിക്കും.

ദ്വാരമുണ്ടാകാനിടയായ സാഹചര്യം, കവാടത്തിന്റെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടു റിപ്പോർട്ട് സമർപ്പിക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോടു നിർദേശിച്ചു. സ്ഫോടനത്തിലൂടെ പൊട്ടിച്ച മണ്ണും പാറയും തള്ളിയിടുന്നതിനിടെയാണ് കോൺക്രീറ്റ് കവാടത്തിനു മേൽ പാറവീണ്  ദ്വാരമുണ്ടായത്. കമാന രൂപത്തിലുള്ള ചാനലുകൾ ഉപയോഗിച്ചു കോൺക്രീറ്റ് ചെയ്ത ഭാഗമാണിത്. തുരങ്കത്തിനുള്ളിൽ വീതിയേറിയ കോൺക്രീറ്റിങ് നടത്തുമ്പോൾ കവാടത്തിൽ വീതികുറഞ്ഞ വിധത്തിലാണ് നിർമാണം.

അതുകൊണ്ടു തന്നെ നൂറടിയോളം ഉയരത്തിൽ നിന്നു പതിച്ച പാറ വീണു ദ്വാരമുണ്ടായതിൽ അസ്വാഭാവികത ഇല്ലെന്നാണ് കരാർ കമ്പനിയുടെ നിലപാട്. ജനുവരി അവസാനത്തോടെ ഒരു തുരങ്കം തുറന്നു നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ജോലികൾ പുരോഗമിച്ചിരുന്നത്. വടക്കഞ്ചേരി മേൽപാലവും തുറന്നു ടോൾപിരിവും ആരംഭിച്ച ശേഷം രണ്ടാം തുരങ്കത്തിന്റെ പണി പൂർത്തിയാക്കാമെന്നായിരുന്നു ധാരണ. കല്ലുവീണു ദ്വാരമുണ്ടായതോടെ സുരക്ഷ വീണ്ടും ചർച്ചയായി. 

സുരക്ഷയിൽ അടിയന്തര പരിശോധന വേണമെന്ന് ടി.എൻ. പ്രതാപൻ എംപി

കുതിരാൻ ∙ കുതിരാൻ തുരങ്കത്തിന്റെയും അനുബന്ധ നിർമാണ പ്രവർത്തനങ്ങളുടെയും സുരക്ഷ സംബന്ധിച്ചു ദേശീയപാതയുടെ സുരക്ഷാവിഭാഗവും സംസ്ഥാന അഗ്നിരക്ഷാ വിഭാഗവും അടിയന്തര പരിശോധന നടത്തണമെന്നു ടി.എൻ. പ്രതാപൻ എംപി ആവശ്യപ്പെട്ടു. കുതിരാനിൽ സന്ദർശനം നടത്തുകയായിരുന്നു എംപി. പ്രൊജക്ട് ഡയറക്ടർ സഞ്ജയ് കുമാർ യാദവുമായി അദ്ദേഹം ചർച്ച നടത്തി.   

മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും എംപിമാരുടെ സാന്നിധ്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ചു സ്ഥതിഗതികൾ വിശദീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.ഡിസിസി പ്രസിഡന്റ് എം.പി. വിൻസന്റ്, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ്, മണ്ഡലം പ്രസിഡന്റ് ഷിബു പോൾ, പഞ്ചായത്തംഗം കെ.പി.ചാക്കോച്ചൻ എന്നിവരും എംപിയോടൊപ്പം എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com