ADVERTISEMENT

പെരുമ്പിലാവ് ∙ മികച്ച വില ലഭിക്കുമ്പോഴും സംസ്ഥാനത്തു വെളിച്ചെണ്ണ വ്യാപാരം പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ ആവശ്യം ഏറിയതോടെ പ്രാദേശികമായി ലഭിച്ചിരുന്ന നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണു മില്ലുകൾക്കു തിരിച്ചടിയായത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന നാളികേരത്തിന്റെ 60 ശതമാനവും മറ്റു സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. ഇവ വാങ്ങാൻ എത്തുന്ന ഏജന്റുമാരുമായി വിലയുടെ കാര്യത്തിൽ കടുത്ത മത്സരമാണു നടക്കുന്നതെന്നു വ്യാപാരികൾ പറയുന്നു.

പ്രതിസന്ധി തുടർന്നാൽ മില്ലുകൾ അടച്ചുപൂട്ടേണ്ടി വരും. ഇത് ആയിരക്കണക്കിനു തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും. മികച്ച ഗുണനിലവാരമുള്ളതിനാൽ കേരളത്തിലെ നാളികേരത്തിനു തമിഴ്നാട്ടിൽ വലിയ സ്വീകാര്യതയുണ്ട്. വെളിച്ചെണ്ണയ്ക്കു പുറമേ തേങ്ങപ്പൊടി, വിനാഗിരി തുടങ്ങിയ മൂല്യ വർധിത ഉൽപന്നങ്ങളുടെ നിർമാണത്തിലൂടെ വലിയ ലാഭം അവിടത്തെ വ്യാപാരികൾ ഉണ്ടാക്കുന്നു.

കാലിത്തീറ്റ ഫാക്ടറികൾ വഴി തേങ്ങാ പിണ്ണാക്കിനും ചെലവുണ്ട്. ഈ ഉൽപന്നങ്ങൾ പിന്നീട് കേരളത്തിന്റെ വിപണിയിൽ തന്നെ എത്തും. എന്നാൽ ഇവിടെ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്കു 5 ശതമാനം നികുതി നൽകണം. ഇതോടെ പ്രാദേശികമായി നിർമിക്കുന്ന വെളിച്ചെണ്ണയ്ക്ക് ഇറക്കുമതി ചെയ്യുന്ന വെളിച്ചെണ്ണയേക്കാൾ 20 ശതമാനം വരെ വില വർധിക്കുന്നു.

പുറമേ നിന്നെത്തുന്ന മായം കലർന്ന വെളിച്ചെണ്ണയുടെ വിതരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതും തിരിച്ചടിയാണ്. ഇവിടെ ലഭിക്കുന്ന നാളികേരം ഇവിടെ തന്നെ സംസ്കരിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ നികുതി ഇനത്തിൽ മികച്ച വരുമാനം സർക്കാരിനു ലഭിക്കുമെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക മില്ലുകളിൽ നിന്നു സംഭരിച്ച വെളിച്ചെണ്ണ സർക്കാർ സംവിധാനം വഴി വിതരണം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com