ADVERTISEMENT

ഗുരുവായൂർ ∙ ഉത്സവം ആറാം വിളക്കായ നാളെ മുതൽ ഭഗവാൻ സ്വർണക്കോലത്തിൽ എഴുന്നള്ളും. ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്കു മാത്രമാണ് സ്വർണക്കോലം എഴുന്നള്ളിക്കുന്നത്.  191 സ്വർണ പൂക്കൾ കൊണ്ടലങ്കരിച്ച്  മുരളീകൃഷ്ണ ഗോളക ചാർത്തി ചുറ്റിലും ദശാവതാരം പതിച്ച സ്വർണക്കോലത്തിൽ അമൂല്യമായ മരതകരത്നവും  വീരശൃംഖലയും ചാർത്തിയിട്ടുണ്ട്.  ഗജരത്നം പത്മനാഭനാണ് ആറാം വിളക്കിന് സ്വർണക്കോലം എഴുന്നള്ളിച്ചിരുന്നത്. ഇക്കുറി ദാമോദർദാസിനെ പരിഗണിച്ചേക്കും. 

നിത്യവും ആനയോട്ടം

ഉത്സവക്കാലത്ത് ക്ഷേത്രത്തിൽ നിത്യവും ആനയോട്ടമുണ്ട്. ഉത്സവം തുടങ്ങുന്നത് ആനയോട്ടത്തോടെയാണ്. പള്ളിവേട്ടയ്ക്കും ആറാട്ടിനും ക്ഷേത്രത്തിനകത്ത് ഒൻപതും പതിനൊന്നും പ്രദക്ഷിണം ആനയോട്ടം നിർബന്ധമാണ്. പുറമേ ദിവസവും രാവിലെയും രാത്രിയും ശ്രീഭൂതബലിക്ക്  ഓട്ടപ്രദക്ഷിണമുണ്ട്. പരിവാര ദേവതകൾക്ക് ബലി തൂവി കഴിഞ്ഞ് ശീഘ്രബലി ചടങ്ങിന്റെ ഭാഗമാണിത്.  ഓതിക്കൻ ഒറ്റശ്വാസത്തിൽ പ്രദക്ഷിണം ചെയ്ത് ക്ഷേത്രപാലന്റെ ബലിക്കല്ലിന് അടുത്തെത്തണം. പിന്നാലെ ആനപ്പുറത്ത് ഭഗവാനും ഓടിയെത്തും.  ഗോപീകൃഷ്ണനാണ് ഇക്കുറി  കണ്ണന്റെ തങ്കത്തിടമ്പുമായി ഓട്ടത്തിന്റെ ചുമതല.    

മകം ശ്രാദ്ധം

ഉൽസവച്ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ ഇന്നലെ മകം ശ്രാദ്ധം ആചരിച്ചു. സർവസ്വവും ഗുരുവായൂരപ്പന് ദാനം ചെയ്ത ഒരു ഭക്തന്റെ ശ്രാദ്ധം ഭഗവാൻ നേരിട്ട് നടത്തുന്നു എന്നാണ് വിശ്വാസം. നാലമ്പലത്തിനകത്ത് നൃത്തം എന്ന അറയിൽ ശാന്തിയേറ്റ കീഴ്ശാന്തി തിരുവാലൂർ അനിൽകുമാർ നമ്പൂതിരി ശ്രാദ്ധ ഊട്ട് നടത്തി.  തന്ത്രികുടുംബമായ പുലിയന്നൂർ ഇല്ലത്തെ കാരണവർക്ക് പ്രായശ്ചിത്ത ദക്ഷിണ സമർപ്പിച്ചു. 

ഉത്സവം ഇന്ന്

കാഴ്ചശീവേലി, മേളം 7.00, പാലഭിഷേകം, നവകം 10.00, ശ്രീഭൂതബലി സപ്തമാതൃക്കൾക്കു സമീപം എഴുന്നള്ളിക്കൽ 11.00, കൂത്തമ്പലത്തിൽ ചാക്യാർ കൂത്ത് 1.00, കാഴ്ചശീവേലി, മേളം 3.00, കേളി, മദ്ദളപറ്റ്, പാഠകം 6.00, ശ്രീഭൂതബലി, വടക്കേനടയ്ക്കൽ സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചു വയ്ക്കൽ, തായമ്പക കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ 8.30, കൊമ്പ്പറ്റ്, കുഴൽപറ്റ്, വിളക്കെഴുന്നള്ളിപ്പ് 11.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com