ADVERTISEMENT

വടക്കാഞ്ചേരി ∙ഊത്രാളിക്കാവ് പൂരം നാളെ ആഘോഷിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെ ആഘോഷ പരിപാടികൾ ഒഴിവാക്കി .പഞ്ചവാദ്യത്തോടെയുള്ള എങ്കക്കാടിന്റെ എഴുന്നള്ളിപ്പ് 11.30 മുതൽ 2.15 വരെയും കുമരനെല്ലൂരിന്റെ എഴുന്നള്ളിപ്പ് 2.30 മുതൽ 5 വരെയും ഊത്രാളിക്കാവിൽ നടക്കും. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും കരുമരക്കാട് ശിവക്ഷേത്രത്തിലാണു നടക്കുക.

പതിവിൽ നിന്നു വ്യത്യസ്തമായി 1.30 മുതൽ 4 വരെയാണ് നാളെ ശിവക്ഷേത്രത്തിൽ വടക്കാഞ്ചേരിയുടെ നടപ്പുര പഞ്ചവാദ്യവും എഴുന്നള്ളിപ്പും. തുടർന്ന് തിടമ്പേറ്റിയ ആന മാത്രം ഊത്രാളിക്കാവിലേക്കു നീങ്ങും. വൈകിട്ട് 6ന് 3 ദേശങ്ങളും സംയുക്തമായി പൂരം ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഭഗവതി പൂരവും കൂട്ടിയെഴുന്നള്ളിപ്പും പാണ്ടിമേളവും നടത്തും. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളുടെ തിടമ്പേറ്റിയ ആന മാത്രമാണു കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കുക. മേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രമാണം വഹിക്കും. 

ബുധൻ രാവിലെ 6നും കൂട്ടിയെഴുന്നള്ളിപ്പും മേളവും ഉണ്ടായിരിക്കും. ജനത്തിരക്ക് പരമാവധി ഒഴിവാക്കണമെന്നും പൂരത്തിന് എത്തുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കലക്ടറുടെ നിർദേശാനുസരണം 3 ദേശങ്ങളും 7 പേർ അടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. 

ദീപാലങ്കാരം സ്വിച്ച്ഓൺ ചെയ്തു

വടക്കാഞ്ചേരി ∙ പൂരത്തോടനുബന്ധിച്ച് ഊത്രാളിക്കാവും എങ്കക്കാട് ദേശത്തിന്റെ പന്തൽ ഉൾപ്പെടെ ക്ഷേത്ര പരിസരംദീപാലംകൃതമാക്കി. ദീപാലങ്കാരത്തിന്റെ സ്വിച്ച്ഓൺ കർമം പൂരം ഏകോപനസമിതി ചീഫ് കോ– ഓർഡിനേറ്റർ എ.കെ.സതീഷ്കുമാർ നിർവഹിച്ചു. നഗരസഭ കൗൺസിലർ കെ.യു.പ്രദീപ്, എങ്കക്കാട് ദേശം പ്രസിഡന്റ് പി.ആർ.സുരേഷ്കുമാർ, വടക്കാഞ്ചേരി ദേശം ജനറൽ കൺവീനർ പി.എൻ.ഗോകുലൻ എന്നിവർ പ്രസംഗിച്ചു. എങ്കക്കാടിന്റെ പന്തൽ ഒഴികെയുള്ള ദീപാലങ്കാരം നഗരസഭ വകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com