ADVERTISEMENT

ബത്തേരി ∙ മൂലങ്കാവിൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പിൽ ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ കാട്ടാനയെത്തി. ഇന്ധന സ്റ്റേഷന്റെ  ഉള്ളിൽ കൂടി നടന്ന കാട്ടാന അതിനു ശേഷം സമീപത്തെ കൃഷിയിടത്തിലും വലിയ നാശം വരുത്തി. മൂന്നു മണിക്കൂറുകൾക്കു ശേഷമാണ് ആന തിരികെ പോയത്. കാട്ടാനയുടെ ദൃശ്യങ്ങൾ പമ്പിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ചിൽ പെട്ട വനമേഖലയിൽ നിന്നാണ് കാട്ടുകൊമ്പൻ എത്തിയത്.

വനത്തിനു പുറത്തേക്കു കാട്ടാനകൾ കടക്കാതിരിക്കാൻ നിർമിച്ചിട്ടുള്ള കിടങ്ങ് ചവിട്ടിയിടിച്ച് നിരത്തിയായിരുന്നു വരവ്. തുടർന്നുള്ള വൈദ്യുത കമ്പിവേലിയും ആന മറികടന്നു. വേലിയുടെ തൂൺ ചവിട്ടി മറിച്ചിട്ടായിരുന്നു അഭ്യാസം. തുടർന്ന്  ദേശീയപാത മറികടന്ന് ആന പമ്പിലെത്തി. രാത്രിയിൽ ഇന്ധന വിതരണം ഇല്ലാതിരുന്നതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയിലും മറ്റും ആൾക്കാർ ഉണ്ടായിരുന്നു.

ഇന്ധന സ്റ്റേഷന്റെ ഉള്ളിലെത്തിയ ആന ക്യാമറ സ്ഥാപിച്ചിരുന്ന ഭാഗത്തേക്കും നടന്നെത്തി. തുടർന്ന് സമീപത്തെ ഇല്ലത്ത് ഐ.വി. ചന്ദ്രന്റെ കൃഷിയിടത്തിന്റെ കമ്പിവേലി പൊട്ടിക്കാതെ കവച്ചു വച്ച്മറികടന്നു. കൃഷിയിടത്തിൽ കയറിയ ആന മൂന്നു മണിക്കൂറോളം കാർഷിക വിളകൾ ഭക്ഷിച്ചും നശിപ്പിച്ചും നടന്നെന്ന് ചന്ദ്രൻ പറഞ്ഞു. നൂറ്റൻപതോളം വാഴകളും കമുകും ഏലവുമെല്ലാം നശിപ്പിച്ചു. മൂലങ്കാവ് ഓടപ്പള്ളം ഭാഗങ്ങളിൽ കാട്ടാനകൾ കാടുവിട്ടെത്തുന്നതു വർധിച്ചിട്ടുണ്ട്.

മൂലങ്കാവ് ഇല്ലത്ത് ഐ.വി. ചന്ദ്രന്റെ കൃഷിയിടത്തിൽ വാഴകളും കമുകുകളും കാട്ടാന നശിപ്പിച്ച നിലയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com