ADVERTISEMENT

അമ്പലവയൽ ∙ കാരാപ്പുഴ ഡാമിലെ ജലസംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ജലസംഭരണ ശേഷി 76. 5 മില്യൻ ക്യുബിക് മീറ്ററിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഏകദേശം 40 മില്യൻ ക്യുബിക് മീറ്ററാണ് നിലവിലുള്ള സംഭരണ ശേഷി. സംഭരണ ശേഷി വര്‍ധിക്കുമ്പോള്‍ വെള്ളം കയറുന്ന ഭൂമികളില്‍ 8. 12 ഹെക്ടർ സ്ഥലം കൂടി ഇനി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 6. 12 ഹെക്ടർ എറ്റെടുക്കാനുള്ള തുക സർക്കാർ അനുവദിച്ചിട്ടുണ്ട്.

നെല്ലാറാചാൽ അടക്കമുള്ള ഭാഗങ്ങളിലാണ് ഇനിയും സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കാൻ അവശേഷിക്കുന്നത്. ഇൗ ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ മാത്രമേ കാരാപ്പുഴയിൽ കൂടുതൽ വെള്ളം സംഭരണം സാധ്യമാകൂ. കഴിഞ്ഞ വർഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോൾ കൂടുതൽ വെള്ളം ഡാമിലേക്ക് എത്തുമ്പോൾ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കി കളയുകയാണ് പതിവ്. നിലവിലുള്ള സംഭരണ ശേഷി വർധിപ്പിച്ചാൽ കൂടുതൽ സംഭരിക്കാനും അതിലൂടെ കൃഷിയിടങ്ങളിലേക്കും കുടിവെള്ള പദ്ധതികളിലേക്കും കൂടുതലായി വെള്ളം ലഭിക്കും. കൃഷിയിടങ്ങളിലേക്കും മുൻകാലത്തേക്കാൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള പരിശ്രമങ്ങളും നടക്കുന്നുണ്ട്.

ബജറ്റിൽ 6. 12 കോടി

കാരാപ്പുഴ പദ്ധതിക്കായി പൂർണമായും സ്ഥലം ഏറ്റെടുത്താൽ മാത്രമേ സംഭരണ ശേഷി പൂർണതയിലേക്ക് എത്തിക്കാൻ സാധിക്കൂ. സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെ ഇത്തവണ 6 കോടി സംസ്ഥാന ബജറ്റിൽ കാരാപ്പുഴയ്ക്കായി വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ 3. 19 ആവശ്യപ്പെട്ട് ജലസേചന വകുപ്പ് അപേക്ഷയും നൽകിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ വൈകുന്നതിൽ കാലങ്ങളായി പ്രതിഷേധവുമുണ്ട്.

കൃഷിയിടങ്ങളിലേക്ക് വെള്ളം ലഭിക്കുന്നില്ല

അമ്പലവയൽ ∙ കൃഷിയിടങ്ങളിലേക്ക് വെള്ളം ലഭിക്കുന്നില്ലെന്നു പരാതി. കാരാപ്പുഴ ഡാമിൽ നിന്ന് കനാൽ വഴി കൃഷിയിടങ്ങളിലേക്കുള്ള വെള്ളമാണു ലഭിക്കുന്നില്ലെന്ന് കർഷകരുടെ പരാതി. വലതുകര കനാൽ വഴി വെള്ളം ലഭിക്കുന്ന മുരണി പാടശേഖരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം ലഭിക്കാത്തത്. കർഷകർ ബന്ധപ്പെട്ട ഓഫിസിൽ പലതവണ അറിയിച്ചിട്ടും വെള്ളം കനാൽ വഴി ലഭിച്ചില്ല. നെല്ല് വിതയ്ക്കേണ്ട സമയവും ഞാറു നടീൽ എന്നിവയെല്ലാം നിലവിൽ വൈകിയിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളവും ലഭിക്കാതെ വരുന്നത്. 3 ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് കുറച്ച് വെള്ളം ലഭിച്ചത്. കനാലിലൂടെയുള്ള വെള്ളത്തെ മാത്രം ആശ്രയിച്ചാണ് പ്രദേശത്തെ പാടശേഖര സമിതികളെല്ലാം നെൽക്കൃഷി നടത്തുന്നത്. വെള്ളം കൃത്യമായി ലഭിക്കാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com