Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിറ്റക്ടീവുമാകാം ഡെന്റിസ്റ്റിന്

dental-doctor

പെരുമ്പാവൂ൪ ജിഷ വധക്കേസിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് വലയുന്ന സമയം. കണ്ടെത്തിയാലും ആൾ അതുതന്നെയോ എന്നുറപ്പിക്കാൻ ശാസ്ത്രീയ തെളിവുകളും കുറവ്. എന്നാൽ, അന്വേഷണത്തിന് ഊ൪ജം പക൪ന്നുകൊണ്ട് പുതിയ ചില തെളിവുകൾ പൊലീസിനു കിട്ടി. പോസ്റ്റ്മോ൪ട്ടത്തിൽ ജിഷയുടെ ശരീരത്തിൽ ഇടത്തെ തോളെല്ലിനു സമീപം കണ്ടെത്തിയ ദന്തക്ഷതത്തിന്റെ പാടുകളായിരുന്നു അവ.

കടിച്ചയാളുടെ പല്ലുകൾക്കിടയിലെ വിടവ് മൂന്നു മില്ലിമീറ്ററിൽ കൂടുതൽ. മലയാളികൾക്കിടയിൽ ഇത് അസാധാരണം. ഇതരസംസ്ഥാന തൊഴിലാളികളിലേക്കു പൊലീസ് അന്വേഷണത്തെ എത്തിച്ചത് ഈ തെളിവായിരുന്നു. വിരലടയാളം പോലെ നിർണായകം. 

ഒരു തുമ്പുമില്ലാതെ നിൽക്കുന്ന ചില കേസുകളിൽ പിടിവള്ളിയാകുന്നത് ഇങ്ങനെ ഇരയുടെ ശരീരത്തിൽ പ്രതി അവശേഷിപ്പിക്കുന്ന ദന്തക്ഷതങ്ങൾ പോലുമാകാം. എന്നാൽ കേസ് തെളിയിക്കാൻ ഇത്തരം തെളിവുകളുടെ ശാസ്ത്രീയ പരിശോധന വേണം. അവിടെയാണു ഫൊറൻസിക് ഡെന്റിസ്ട്രി അഥവാ ഫൊറൻസിക് ഒഡൊന്റോളജി എന്ന വിഷയത്തിന്റെ പ്രസക്തി. പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും മരിക്കുന്നവരുടെ അസ്ഥികൂടവും എല്ലുകളും പരിശോധിച്ച് ആളെ കണ്ടെത്താനും സാധിക്കും.

നിർഭയ, ഷീന ബോറ...
ലളിതമായി പറഞ്ഞാൽ ഡിറ്റക്ടീവിന്റെ വേഷമിട്ട ഡെന്റിസ്റ്റ് ആണു ഫൊറൻസിക് ഒഡൊന്റോളജിസ്റ്റ്. തുമ്പുകിട്ടാതെ വലഞ്ഞ പല പ്രധാന കേസുകളിലും ഈ ശാസ്ത്രശാഖ പൊലീസിനെ സഹായിച്ചിട്ടുണ്ട്, പലവട്ടം. നി൪ഭയ, ഷീന ബോറ കേസുകളിൽ സുപ്രധാന തുമ്പുകൾ കണ്ടെത്താൻ കഴിഞ്ഞതു ഫൊറൻസിക് ഒഡൊന്റോളജിയിലെ വിവിധ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ്. 

മറ്റു ശരീരഭാഗങ്ങളെല്ലാം ദ്രവിച്ചുപോയാലും പല്ലിന്റെ ഇനാമൽ മൂന്നു വർഷം വരെ നശിക്കാതെ നിൽക്കും. ഇങ്ങനെ, നശിക്കാത്ത പല്ലിനുള്ളിലെ ഞരമ്പിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഡിഎൻഎ പരിശോധിച്ച് മരിച്ചതാരെന്നു കൃത്യമായി പറയാൻ ഫൊറൻസിക് ഒഡൊന്റോളജിസ്റ്റിനു സാധിക്കും. വിരലടയാളം, ഫെയ്സ് റെക്കഗ്‌നിഷൻ സംവിധാനം തുടങ്ങിയ മാർഗങ്ങളെല്ലാം പരാജയപ്പെട്ടാലും മരിച്ച ആളാരെന്ന് കണ്ടെത്താൻ ഇവർക്കു കഴിയും.

ഭൂകമ്പവും പ്രളയവും പോലെയുള്ള പ്രകൃതിദുരന്തങ്ങൾ, വിമാനാപകടം തുടങ്ങിയവയിൽ മരിച്ചവരെ തിരിച്ചറിയാനും ഫൊറൻസിക് ഒഡൊന്റോളജിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്താം. തിരിച്ചറിയാനാവാത്ത അവസ്ഥയിൽ കണ്ടെത്തുന്ന അസ്ഥികൂടത്തിന്റെ പഴക്കം കണ്ടുപിടിക്കാനും ഇവർ വേണം. 

ഹിറ്റ്‌ലറുടെ കാലത്തും
വിദേശത്തു ഫൊറൻസിക് ഒഡൊന്റോളജിയുടെ സാധ്യതകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. 1945ൽ അഡോൾഫ് ഹിറ്റ്ലറും ജീവിതപങ്കാളി ഇവ ബ്രൗണും മരിച്ച ഉടൻ മൃതദേഹങ്ങൾ കത്തിച്ചിരുന്നതിനാൽ മരിച്ചത് ഇവർ തന്നെയോ എന്ന കാര്യത്തിൽ പിന്നീട് സംശയങ്ങളും വാഗ്വാദങ്ങളുമുയ൪ന്നു. ഹിറ്റലറുടെ ഡെന്റിസ്റ്റ് ഹ്യൂഗോ ബ്ലാസ്കേ സൂക്ഷിച്ചിരുന്ന ഡെന്റൽ റെക്കോ൪ഡുകളുമായി ശരീരാവശിഷ്ടങ്ങൾ ഒത്തുവന്ന ശേഷമാണു വിവാദങ്ങൾ ഒടുങ്ങിയത്.

9/11 ഭീകരാക്രമണത്തിലും 2004ലെ സൂനാമിയിലും മരിച്ച ഒട്ടേറെപ്പേരെ തിരിച്ചറിയാനായതും ഫൊറൻസിക് ഒഡൊന്റോളജിയുടെ സഹായത്തോടെയാണ്.

പഠനസാധ്യതകൾ
ബിഡിഎസ് ആണു ഫൊറൻസിക് ഒഡൊന്റോളജിയിൽ എംഎസ്‌സിക്കുള്ള യോഗ്യത. 

ഇന്ത്യയിലെ സ്ഥാപനങ്ങൾ: 
∙ഗുജറാത്ത് ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റി, ഗാന്ധിനഗർ; എംഎസ്‌സി ഫൊറൻസിക് ഒഡൊന്റോളജി.
∙ജെഎസ്എസ് ഡെന്റൽ കോളജ്, മൈസൂരു; എംഎസ്‌സി ഫൊറൻസിക് ഒഡന്റോളജി.

വിദേശത്തെ സ്ഥാപനങ്ങൾ: 
യൂണിവേഴ്സിറ്റി ഓഫ് ഡൺഡീ (യുകെ), കെയു ലൂവൻ (ബെൽജിയം).

ഡെന്റിസ്റ്റായി പ്രാക്ടീസ് ചെയ്യവെ തന്നെ ആവശ്യമായ കേസുകളിൽ പൊലീസുമായി സഹകരിക്കുകയാണു നിലവിൽ ഇന്ത്യയിൽ ഫൊറൻസിക് ഒഡൊന്റോളജിസ്റ്റുകളുടെ രീതിയെന്നു ഗോവ ഡെന്റൽ കോളജിലെ ഓറൽ വിഭാഗം മേധാവി ഡോ. അജിത് ദിനക൪ പറഞ്ഞു. ഇന്ത്യയിൽ കൂടുതൽ പഠനസ്ഥാപനങ്ങൾ വേണമെന്നും വിഷയത്തിനനുസരിച്ചുള്ള പ്രാധാന്യം കൽപിക്കണമെന്നും  ആവശ്യം   ഉയരുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അഭിനവ് കെ. രാജ്, കൺസൽറ്റന്റ് ഫൊറൻസിക് ഒഡൊന്റോളജിസ്റ്റ് & ഡെന്റൽ സ൪ജൻ