Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാക്സ് കൺസൽറ്റിങ്: വളരുന്ന മേഖല

tax-consultant

ജിഎസ്ടി എത്തിയതോടെ ചാർട്ടേ‍ഡ് അക്കൗണ്ടന്റുകളും ടാക്സ് പ്രഫഷനലുകളും ശുഭപ്രതീക്ഷയിലാണ്. ഇനി ടാക്സ് ഫയലിങ്ങുകൾ വർധിക്കും. പല സ്ഥാപനങ്ങളും തങ്ങളുടെ ജിഎസ്ടി ടീമുകളെ വികസിപ്പിച്ചു. തൊഴിൽവിപണിയിൽ പൊടുന്നനെയുണ്ടായ ഈ മാറ്റം വിദ്യാഭ്യാസരംഗത്തും പ്രതിഫലിക്കുമോ ? ഒരു കാലത്തു ട്രെൻഡായി മാറിയ ഐടി പോലെ നികുതി മേഖലയും വളരുമോ ? ഈ ചോദ്യങ്ങൾക്കു വഴി തുറന്നിരിക്കുന്നു ജിഎസ്ടി.

ഇടപാടുകാർക്കു നികുതി സംബന്ധമായ ഉപദേശങ്ങൾ നൽകുകയും അവർക്കു വേണ്ടി നികുതികൾ ഫയൽ ചെയ്യുകയുമാണു ടാക്സ് കൺസൽറ്റന്റിന്റെ ജോലി. ഐസിഎഐ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ) നൽകുന്ന ചാർട്ടേഡ് അക്കൗണ്ടൻസി (സിഎ) ബിരുദമാണ് ഇവരുടെ യോഗ്യത. പല സ്ഥാപനങ്ങളിലും ഫിനാൻസ് വിഭാഗത്തിലായിരിക്കും ഇവർ ജോലി ചെയ്യുക. സ്വന്തമായി പ്രാക്ടീസ് ചെയ്യുന്ന ടാക്സ് കൺസൽറ്റന്റുമാരും ധാരാളം. വ്യാവസായികമായി രാജ്യം പുരോഗമിച്ചതോടെ ഈ മേഖലയിലും വളർ‌ച്ചയേറി. അടുത്തകാലത്തായി പല വിദ്യാർഥികളുടെയും ഏറ്റവും പ്രിയപ്പെട്ട കോഴ്സുകളിലൊന്നായി ചാർട്ടേഡ് അക്കൗണ്ടൻസി മാറിയിട്ടുണ്ട്.

മില്യൻ ഡോളർ ചോദ്യം: ട്രെൻഡ് മാറുമോ
ഏതു മേഖലയിലും പുതുതായുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമ്പോൾ മനുഷ്യവിഭവശേഷി വർധിപ്പിക്കേണ്ടി വരും. പവർപ്ലാന്റുകളിലും മറ്റും പുതിയ ബോയ്‌ലറുകൾ സ്ഥാപിക്കുമ്പോൾ പെട്ടെന്നു തൊഴിലാളികളുടെ എണ്ണം കൂട്ടാറുണ്ട്. എന്നാൽ ബോയ്‌ലറുകൾ സജ്ജമാക്കിയശേഷം ആ തൊഴിലാളികളുടെ സേവനം ആവശ്യമില്ലാതാകും. ജിഎസ്ടി മൂലം നികുതിമേഖലയിലെ ജോലികളിൽ വരുന്നത് ഇത്തരമൊരു മാറ്റമാണോ ? എന്നാൽ ഐസിഎഐയുടെ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി എസ്.സുരേഷ്കുമാറിന്റെ അഭിപ്രായത്തിൽ ടാക്സ് കൺസൽറ്റന്റുകളുടെ ഭാവി പ്രതീക്ഷാനിർഭരമാണ്. എല്ലാ കമ്പനികൾ‌ക്കും ഇനി തങ്ങളുടെ നികുതിസംവിധാനങ്ങൾ സജ്ജമാക്കേണ്ടിവരും. ഇത് ഈ മേഖലയിൽ ഉറപ്പായും ഒരുപാടു തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സോഫ്റ്റ്‌‌വെയറുകൾ പണി തരുമോ?
അക്കൗണ്ടിങ്ങിന് ഉപയോഗിക്കുന്ന പല സോഫ്റ്റ്‌വെയറുകളും ജിഎസ്ടി എഡിഷൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഓട്ടമേഷന്റെ ഈ സുവർണകാലത്ത് ടാക്സ് കൺസൽറ്റിങ്ങിലും അത്തരമൊരു പാരയെത്തുമോ ? സാധ്യത കുറവാണെന്നാണു സുരേഷ്കുമാറിന്റെ അഭിപ്രായം. നിലവിൽ ടാക്സ് കൺസൽറ്റന്റിന്റെ ജോലി എളുപ്പമാക്കുക എന്നതാണ് സോഫ്റ്റ്‌വെയറുകളുടെ ദൗത്യം. ഉന്നതശേഷിയുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചാൽ പോലും നിപുണരായ ടാക്സ് കൺസൽറ്റന്റുമാരുടെ സേവനമില്ലാതെ കമ്പനികൾക്കു മുന്നോട്ടുപോകാൻ സാധിക്കില്ല. അതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ പേടിയുടെ ആവശ്യമില്ല.

ഇനി വരുന്നു, ജിഎസ്ടി കൺസൽറ്റന്റുമാർ
നികുതിമേഖലയിൽ പുതിയ തസ്തികകൾക്കും ജോലിക്കും കളമൊരുങ്ങിക്കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനം ജിഎസ്ടി കൺസൽറ്റിങ് എന്ന മേഖലയാണ്. ജിഎസ്ടി നിയമത്തിൽ തന്നെ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റുകൾക്കു റജിസ്റ്റർ ചെയ്താൽ ജിഎസ്ടി കൺസൽറ്റന്റുകളാകാം. ബികോം പാസായവർക്ക് പ്രത്യേക പരീക്ഷ പാസായി ഈ തസ്തികയിലെത്താനും അവസരമുണ്ട്. അതേസമയം, ഇക്കാര്യങ്ങളിൽ പൂർണ വ്യക്തത കൈവരാനുണ്ട്.

ജിഎസ്ടി ഓഡിറ്റിങ്ങിലും അവസരമുണ്ട്. ഇനി മുതൽ നിശ്ചിത തുകയ്ക്കു മേൽ വിറ്റുവരവുള്ള എല്ലാ കമ്പനികളിലും ജിഎസ്ടി ഓഡിറ്റിങ് നിർബന്ധമാക്കാനുള്ള തീരുമാനം സർക്കാർ എടുത്തത് മേഖലയെ ശ്രദ്ധേയമാക്കുന്നു.

സിഎക്കാർ ശ്രദ്ധിക്കുക
നിലവിൽ ചാർട്ടേഡ് അക്കൗണ്ടൻസി പരിശീലിക്കുന്നവർ സെയിൽസ് ടാക്സ് തുടങ്ങിയ പരോക്ഷ നികുതികളിൽ കാര്യമായ താൽപര്യം കാണിക്കാറില്ലായിരുന്നുവെന്നു സുരേഷ്കുമാർ പറയുന്നു. ഇൻകം ടാക്സും ബന്ധപ്പെട്ട കാര്യങ്ങളുമാണ് സിഎ വിദ്യാർഥികളിൽ കൂടുതൽ പേരുടെയും തൽപരമേഖല. എന്നാൽ ഇനി പരോക്ഷനികുതിയിൽ മനസ്സുവയ്ക്കേണ്ട കാലമായി. കാത്തിരിക്കുകയല്ലേ ...ജിഎസ്ടി, കൈനിറയെ അവസരങ്ങളുമായി.