Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിക്കാം 11.5 ലക്ഷം ഫെലോഷിപ്പോടെ

veena

വർഷം 10 ലക്ഷത്തിലേറെ രൂപ വീതം കയ്യിൽ തന്നിട്ട് ‘ഇനി നന്നായി പഠിച്ചോളൂ’ എന്നു പറഞ്ഞാൽ...അതും യുഎസിൽ... എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമെന്നു തള്ളിക്കളയും മുൻപു വീണാ സുബ്രഹ്മണ്യന്റെ കഥ അറിയൂ. യുഎസിലെ സൗത്ത് ഫ്ലോറിഡ സർവകലാശാലയിൽ (യുഎസ്എഫ്) പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കു മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാമിന്റെ പേരിൽ നൽകുന്ന ഫെലോഷിപ്പാണു മലയാളിയായ വീണയ്ക്കു ലഭിച്ചത്. ട്യൂഷൻ ഫീസിൽ പൂർണ ഇളവ്; വർഷം 18,000 ഡോളർ (ഏകദേശം 11.5 ലക്ഷം രൂപ) സ്റ്റൈപ്പൻഡും. കാലാവധി നാലു വർഷം. 

രാജ്യത്തെ ഏറ്റവും മികച്ച ശാസ്ത്ര ഗവേഷണ സ്ഥാപനമായ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നിന്നു ബയളോജിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വീണ യുഎസ്എഫിൽ എത്തിയത്. ഐഐഎസ്‍സിയിലും ഐഐടികളിലും ബിരുദാനന്തര ബിരുദ ശാസ്ത്രപഠനത്തിനുള്ള പ്രവേശനപ്പരീക്ഷയായ ‘ജാമി’ൽ ദേശീയതലത്തിൽ മൂന്നാം റാങ്ക് നേടിയായിരുന്നു ഐഐഎസ്‍സി പ്രവേശനം.   മികച്ച മൂന്നു വിദ്യാർഥികൾക്ക് ഐഐഎസ്‌സി നൽകുന്ന ഗാംഗുലി ഫെലോഷിപ്പോടെ പഠിച്ചു. കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെ ഗവേഷക ഫെലോഷിപ്പും ലഭിച്ചു. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരവും സംബന്ധിച്ചാണു യുഎസ്എഫിൽ ഗവേഷണം.

ബിസിനസുകാരനായ കോട്ടയം കുമാരനല്ലൂർ ഹരിചന്ദനത്തിൽ ആർ.ബാലസുബ്രഹ്മണ്യന്റെയും എസ്ബിഐ ബെംഗളൂരു എച്ച്ആർബിആർ ലേഔട്ട് ബ്രാഞ്ച് ചീഫ് മാനേജർ ആർ.മല്ലികയുടെയും മകളാണ്. ഭർത്താവ് ശ്രീഗണേഷ് അനന്തനാരായണൻ ഫ്ലോറിഡയിൽ വിൻഡ് എനർജി റിസോഴ്സ് അനലിസ്റ്റ്. 

യുഎസ്എഫ് ഫെലോഷിപ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സൗത്ത് ഫ്ലോറിഡ സർവലകലാശാലയിലെ സമർഥരായ ഇന്ത്യൻ ഗവേഷക വിദ്യാർഥികൾക്കുള്ളതാണ് പ്രസിഡന്റ് സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‍സ് എന്നിവയിലേതിലെങ്കിലും ഗവേഷണ പഠനത്തിനു ചേരണം. പിന്നീട് ഗവേഷണ മേഖല, കരിക്കുലം വിറ്റൈ, ഗവേഷണത്തിന്റെ രൂപരേഖ എന്നിവ സഹിതം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കാണു ഫെലോഷിപ്. മാർച്ചിനു മുൻപ് അപേക്ഷാ നടപടികൾ പൂർത്തിയാകും. വിശദാംശങ്ങൾക്ക് www.usf.edu

ഗവേഷണാഭിരുചിയാണ് യുഎസ്എഫ് ഫെലോഷിപ്പിന്റെ മുഖ്യ മാനദണ്ഡം. മുൻ കാലങ്ങളിലെ പഠനമികവും ഗവേഷണത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും നിർണായകം. സർവകലാശാലാ അധ്യാപകരുടെ വിലയിരുത്തലും ഐഐഎസ്‌സി പശ്ചാത്തലവും തുണയായി.  

വീണാ സുബ്രഹ്മണ്യൻ