Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎ ഫൈനല്‍ പരീക്ഷാഫലം: കര്‍ണ്ണാലിന് ഇരട്ടി മധുരം

mohit-shub മോഹിത്, ശുഭം

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ്(സിഎ) ഫൈനല്‍ പരീക്ഷാ ഫലം വന്നപ്പോള്‍ ഹരിയാന സ്വദേശി മോഹിത് ഗുപ്തയുടെ വീട്ടില്‍ വിജയത്തിന്റെ ഇരട്ടി മധുരം. മോഹിത് ഗുപ്തയ്ക്ക് അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്കു ലഭിച്ചപ്പോള്‍ സഹോദരന്‍ ശുഭം ഗുപ്ത 44-ാം സ്ഥാനത്തെത്തി. ബുധനാഴ്ചയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പരീക്ഷയുടെ ഫലം പുറത്ത് വിട്ടത്. 

ഹരിയാനയിലെ കര്‍ണ്ണാലില്‍ നിന്നുള്ള മോഹിത് ഗുപ്ത 800ല്‍ 587 മാര്‍ക്ക് (73.88 %) നേടിയാണ് ഒന്നാമതെത്തിയത്. ഡല്‍ഹി സ്വദേശികളായ പ്രശാന്തിനും ആദിത്യ മിത്തലിനുമാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍. മോഹിത്തിന്റെ ഇളയ സഹോദരന്‍ ശുഭം ഗുപ്തയ്ക്ക് 800ല്‍ 485 മാര്‍ക്ക്(60.63%) ലഭിച്ചു. 

പരീക്ഷയിലെ വിജയം മോഹിത്തും ശുഭവും സമര്‍പ്പിക്കുന്നത് അമ്മ സന്തോഷ് ഗുപ്തയ്ക്കാണ്. മോഹിത്തിന് ഏഴു വയസ്സുള്ളപ്പോഴാണു പിതാവ് ധാന്യ മാര്‍ക്കറ്റിലെ കണക്കെഴുത്തുകാരനായ വിനോദ് ഗുപ്ത ഒരു റോഡ് അപകടത്തില്‍ മരിക്കുന്നത്. സ്വന്തമായി കട നടത്തി കഷ്ടപ്പെട്ടാണ് സന്തോഷ് ഗുപ്ത മക്കളെ രണ്ടു പേരെയും പഠിപ്പിച്ചത്.  

ഡല്‍ഹി രാംജാസ് കോളജില്‍ ബികോം ഓണേഴ്‌സും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംകോമും പാസ്സായ മോഹിത് പഠനത്തിനൊപ്പം തന്നെയാണു സിഎയ്ക്ക് തയ്യാറെടുത്തത്. സഹോദരന്‍ ശുഭമാകട്ടെ ബികോമിനു ശേഷം സിഎ പരീക്ഷാ പരിശീലനം ആരംഭിച്ചു. പരീക്ഷയ്ക്കു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു ഡെങ്കിപ്പനി ബാധിച്ചു ഇരുവരും കിടപ്പിലായെങ്കിലും ക്ഷീണം വകവയ്ക്കാതെ പോയി പരീക്ഷയെഴുതുകയായിരുന്നു. അമ്മയുടെ കഷ്ടപ്പാടുകളും മക്കളെ സിഎക്കാരാക്കണമെന്നുള്ള അച്ഛന്റെ സ്വപ്‌നവും വഴികാട്ടികളായപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ ഇരുവരും പരീക്ഷ പാസ്സാവുകയായിരുന്നു. 

പൂര്‍ണ്ണ ശ്രദ്ധയോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്നതാണ് സിഎ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള മോഹിത്തിന്റെ ഉപദേശം. ശ്രദ്ധ പതറി പോകുമെന്നതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണ്ണമായും മോഹിത് ഒഴിവാക്കിയിരുന്നു. ദിവസവും അഞ്ചു മണിക്കൂറെങ്കിലും പഠനത്തിനായി മാറ്റി വയ്ക്കുമായിരുന്നു. 1,28,853 പേരാണ് ഇന്ത്യയിലെ 346 കേന്ദ്രങ്ങളിലായി കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സിഎ ഫൈനല്‍ പരീക്ഷയെഴുതിയത്. 

More Campus Updates>>