Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡേറ്റ അനലിറ്റിക്സ്: സാധ്യതകളുടെ പുതുലോകം

data-analysis

കരിയറിന്റെ തുടക്കത്തിൽ ഒരു സോഫ്റ്റ്‌വെയർ എൻജിനീയർക്കു കിട്ടുന്ന ശരാശരി വാർഷിക ശമ്പളം 3.2 ലക്ഷം രൂപ; അതേസമയം, ഒരു ഡേറ്റ അനലിസ്റ്റിനു കിട്ടുന്നത് ഏഴു ലക്ഷം രൂപ. ഇരട്ടിയിലേറെ. കഴിഞ്ഞ മാസം പുറത്തുവന്ന ഒരു തൊഴിൽ പഠന റിപ്പോർട്ടിലേതാണ് ഈ താരതമ്യം. ഐടി രംഗത്തെ മാറ്റങ്ങളിലേക്കുള്ള സൂചന. ഇന്ത്യയിൽ അനലിറ്റിക്സ് വ്യവസായം അടുത്ത വർഷം ഈ വർഷത്തേതിന്റെ ഇരട്ടി ടേണോവറാണു പ്രതീക്ഷിക്കുന്നതെന്നും കോക്യൂബ്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ റിപ്പോർട്ടിൽ പറയുന്നു– 230 കോടി ഡോളർ (15,000 കോടിയിലേറെ രൂപ).

എന്താണു ഡേറ്റ അനലിറ്റിക്സ്
ഡിജിറ്റല്‍ രൂപത്തിൽ ലഭ്യമായ വിവരങ്ങളുടെ (ഡേറ്റ) വിശകലനം. ഐടിയുടെ വ്യാപനത്തിനനുസരിച്ചു കൂടുതൽ മേഖലകൾ ഡിജിറ്റൽവൽകരിക്കപ്പെടുന്നു. ഡിജിറ്റൽ വിവരങ്ങളുടെ തോത് വർധിക്കുന്നു. ഓരോ മേഖലയിലും ഇത്തരത്തിൽ ലഭ്യമാകുന്ന ഡേറ്റ സമൂഹത്തിന്റെ പൊതുസ്വഭാവവും ശീലങ്ങളും മറ്റും മനസ്സിലാക്കാൻ സഹായകരമാണ്.

ഒരു സൂപ്പർമാർക്കറ്റ് ശൃംഖലയ്ക്ക് ബിൽ വിവരങ്ങൾ പല തരത്തിൽ വിശകലനം ചെയ്യാം. മാസത്തിലെ ഓരോ ആഴ്ചയിലെയും ഉപഭോഗത്തിന്റെ തോത്, അതിൽ തന്നെ സൗന്ദര്യവർധക വസ്തുക്കൾ, ഫാസ്റ്റ് ഫുഡ് തുടങ്ങി ഓരോ മേഖലയിലും ചെലവഴിക്കുന്ന പണത്തിന്റെ തോത്, ഒരേ ഉൽപന്നത്തിന്റെ നിലവാരം കൂടിയ ബ്രാൻഡിനാണോ കുറഞ്ഞ ബ്രാൻഡിനാണോ ആവശ്യക്കാർ കൂടുതൽ എന്നിങ്ങനെ പഠിക്കാവുന്ന കാര്യങ്ങൾ പലതുണ്ട്. അതിലൂടെ ഉപഭോക്തൃശീലങ്ങൾ മനസ്സിലാക്കാനും പുതിയ വിപണിതന്ത്രങ്ങൾ രൂപപ്പെടുത്താനും സഹായിക്കുകയാണു ഡേറ്റ അനലിസ്റ്റിന്റെ ജോലി. ഇതിനു ഫലപ്രദമായ സാങ്കേതികവിദ്യ കണ്ടെത്തണം.

ഡിമാൻഡ് ഏറെയെങ്കിലും...
അവസരങ്ങളേറെ, എന്നാൽ അത്രത്തോളം ആളുകളെ കിട്ടാനുമില്ല. ഡേറ്റ അനാലിറ്റിക്സ് രംഗത്തെ ആവശ്യവും ലഭ്യതയും തമ്മിലുള്ള ഈ വിടവാണ് ഇപ്പോഴത്തെ ഉയർന്ന ശമ്പള വാഗ്ദാനങ്ങൾക്കുള്ള കാരണം.

കോക്യൂബ്സ് റിപ്പോർട്ടിൽ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടുന്നു. ഒന്നാം നിര കോളജുകൾക്കു പകരം അടുത്ത നിര കോളജുകളിൽനിന്നുള്ള വിദ്യാർഥികളെ മതി എന്നു കരുതുന്ന സ്ഥാപനങ്ങളുമുണ്ട്. നിയമിക്കപ്പെടുന്നവർ ജോലി ഉപേക്ഷിച്ചു പോകാതിരിക്കുന്നതിനാണു പ്രാമുഖ്യം. നിലവിലുള്ള ജീവനക്കാരെ തന്നെ മതിയായ പരിശീലനം കൊടുത്ത് ഡേറ്റ അനലിറ്റിക്സ് രംഗത്തെ ആവശ്യങ്ങൾക്ക് ഉപയുക്തരാക്കുന്ന സ്ഥാപനങ്ങളുമുണ്ട്. കംപ്യൂട്ടർ എൻജിനീയറിങ്ങിന്റെ കാലം കഴിഞ്ഞെന്നു കരുതേണ്ട. എന്നാൽ പുതിയ അനുബന്ധ മേഖലകൾ രൂപപ്പെട്ടു വരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള അക്കാദമിക് പ്രോഗ്രാമുകളും വരും. ഇപ്പോൾ തന്നെ തിരുവനന്തപുരം ഐഐഐടിയിൽ എംഎസ്‌സി കംപ്യൂട്ടർ സയൻസിന്റെ സ്പെഷലൈസേഷനായി ഡേറ്റ അനലിറ്റിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. 

Your Rating: