Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മ നിറഞ്ഞ ഹാക്കർമാർ

Padlock on laptop

‘സർക്കാർ വെബ്സൈറ്റുകൾ ഹാക്കർമാർ തകർത്തു’, ‘ഇന്ത്യൻ സൈറ്റുകളിൽ ഹാക്കർമാരുടെ വിളയാട്ടം’ – ഇത്തരം തലക്കെട്ടുകൾ പത്രത്തിൽ കണ്ടിട്ടുണ്ടാകും. കംപ്യൂട്ടർ പ്രോഗ്രാമുകളിൽ ദുഷ്ടലാക്കോടെ കടന്നുകയറുന്ന വില്ലന്മാരാണത്; ‘ബ്ലാക്ക്‌ ഹാറ്റ്‌ ഹാക്കർമാർ’ എന്ന പേരിൽ തന്നെയറിയാം സ്വഭാവം.

നേർവിപരീതമാണ് ‘എത്തിക്കൽ ഹാക്കർമാരു’ടെ (വൈറ്റ് ഹാറ്റ്‌ ഹാക്കർമാർ) സ്വഭാവം. പതിനെട്ടടവുമറിയാം. പക്ഷേ നല്ല ഉദ്ദേശ്യത്തോടെയേ പ്രയോഗിക്കൂ. എത്തിക്കൽ ഹാക്കിങ് വിദഗ്ധ തൊഴിൽമേഖലയാണിന്ന്. ഓരോ നിമിഷവും സാധ്യതകൾ വർധിച്ചുവരുന്ന മേഖല.

സൈബർ സുരക്ഷ ഉറപ്പാക്കുക, ആക്രമണസാധ്യത മുൻകൂട്ടി കണ്ടു തടയുക. ഇതിനായി കംപ്യൂട്ടർ സംവിധാനങ്ങളിൽ സദുദ്ദേശ്യത്തോടെ ‘അതിക്രമിച്ചു’ കടക്കുകയും ചെയ്യും.

എങ്ങനെ പഠിക്കാം

മിക്ക എത്തിക്കൽ ഹാക്കർമാരും സ്വയം ആ നിലയിൽ എത്തിയവരാണ്. താൽപര്യം മൂലം സ്വയം കാര്യങ്ങൾ പഠിച്ചെടുത്തവർ. സാമ്പ്രദായികരീതിയിൽ പഠിക്കണമെന്നുള്ളവർക്ക് ഇന്നു സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാണ്.

ഇസി കൗൺസിൽ

ലോകമെങ്ങും അംഗീകരിക്കപ്പെട്ട എത്തിക്കൽ ഹാക്കിങ് /ഫൊറൻസിക് സർട്ടിഫിക്കേഷൻ കൗൺസിൽ ആണ് ഇസി കൗൺസിൽ (ഇന്റർനാഷനൽ കൗൺസിൽ ഓഫ് ഇലക്ട്രോണിക് കൊമേഴ്സ് കൺസൽറ്റന്റ് കൗൺസിൽ). ആസ്ഥാനം യുഎസിലെ ന്യൂ മെക്സിക്കോ. ‘സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ’ എന്നതാണ് ഏറ്റവും പ്രചാരമേറിയ സർട്ടിഫിക്കേഷൻ. പരീക്ഷ നടത്തി സർട്ടിഫൈ ചെയ്യുന്ന സർട്ടിഫിക്കേഷൻ കൗൺസിൽ മാത്രമാണിത്; ഇന്ത്യയിലടക്കമുള്ള സ്വകാര്യസ്ഥാപനങ്ങൾ ഇതിനുള്ള കോഴ്സുകൾ നടത്തുന്നു.

കോഴ്സ് ഇസി കൗൺസിൽ പോലെയുള്ള അംഗീകൃത സംഘടനകളുടെ സർട്ടിഫിക്കറ്റിനുള്ളതാണെന്നും അല്ലാതെ പഠനസ്ഥാപനം നൽകുന്ന സാധാരണ സർട്ടിഫിക്കറ്റിനുള്ളതല്ലെന്നും ഉറപ്പാക്കണം.

സെക്യൂരിറ്റി അനലിസ്റ്റ്, പെനട്രേഷൻ ടെസ്റ്റർ, കംപ്യൂട്ടർ ഹാക്കിങ് ഫൊറൻസിക് ഇൻവെസ്റ്റിഗേറ്റർ തുടങ്ങിയ സർട്ടിഫിക്കേഷനുകളും ഇസി കൗൺസിലിന്റേതായുണ്ട്. ഓരോന്നിനും പ്രായ/ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ വ്യത്യസ്തം. ചില കോഴ്സുകൾ പ്രവൃത്തിപരിചയമുള്ളവർക്കേ പഠിക്കാനാകൂ.

കൂടുതൽ വിവരങ്ങൾക്ക്: www.eccouncil.org

ഐഎസ്‌സി² - (ISC)²

ലോകമെങ്ങും സ്വീകാര്യതയുള്ള മറ്റൊരു ഏജൻസിയാണ് ഐഎസ്‌സി2. (ഇന്റർനാഷനൽ ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി സർട്ടിഫിക്കേഷൻ കൺസോർഷ്യം). ‘സർട്ടിഫൈഡ് ഇൻഫർമേഷൻ സിസ്റ്റംസ് സെക്യൂരിറ്റി പ്രഫഷനൽ’, ‘സർട്ടിഫൈഡ് സൈബർ ഫൊറൻസിക് പ്രഫഷനൽ’ തുടങ്ങിയ സർട്ടിഫിക്കേഷനുകൾ നൽകുന്നു.

സാമ്പ്രദായിക ബിരുദങ്ങൾ

ഇന്നു രാജ്യത്തെ വിവിധ സർവകലാശാലകൾ ഇൻഫർമേഷൻ സെക്യൂരിറ്റി, കംപ്യൂട്ടർ ഫൊറൻസിക് സയൻസ്, സൈബർ സെക്യൂരിറ്റി വിഷയങ്ങളിൽ എം.ടെക്, പിഎച്ച്ഡി കോഴ്സുകൾ നടത്തുന്നുണ്ട്. ഇത്തരം കോഴ്സുകൾ മുഖേന എത്തിക്കൽ ഹാക്കറായോ സൈബർ സെക്യൂരിറ്റി വിദഗ്ധനായോ ജോലി കിട്ടുമെന്ന് ഉറപ്പില്ല. എങ്കിലും ആന്റി- വൈറസ്‌ കമ്പനികൾ ഉൾപ്പെടെയുള്ളിടങ്ങളിൽ ക്യാംപസ്‌ പ്ലേസ്മെന്റ് ലഭിക്കാറുണ്ട്. കേരളത്തിൽ ഐഐഐടിഎം–കെ., സിഡാക് തുടങ്ങിയ സർക്കാർ, അർധ- സർക്കാർ സ്ഥാപനങ്ങളും ഇത്തരം സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക്: www.isc2.org

ഫൊറൻസിക് ഇൻവെസ്റ്റിഗേറ്റർ

ഐടി സെക്യൂരിറ്റി വിദഗ്ധ ശ്രേണിയിലെ തുടക്കക്കാരനാണു സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ. സിസ്റ്റത്തെക്കുറിച്ചും നെറ്റ്‌വർക്കിനെക്കുറിച്ചും ആവശ്യം വേണ്ട വിവരങ്ങൾ ഉള്ളയാൾ. മറ്റു തൊഴിൽസാധ്യതകളുമുണ്ട്.

കംപ്യൂട്ടർ സംവിധാനത്തിനു നേരെ, കൃത്യമായ അനുവാദത്തോടെ, നടത്തുന്ന പരീക്ഷണ ‘ആക്രമണ’മാണു പെനെട്രേഷൻ ടെസ്റ്റിങ് (പെൻ ടെസ്റ്റിങ്). പൊലീസിന്റെ മോക്ക് ഡ്രിൽ പോലെ. ഹാക്കർമാരുടെ ആക്രമണസാധ്യതകളെല്ലാം പരിശോധിച്ചു പഴുതുകൾ അടയ്ക്കുന്ന ജോലി.

ഡിജിറ്റൽ കുറ്റകൃത്യം നടന്നാൽ ശാസ്ത്രീയ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച് അനുമാനത്തിലെത്തുകയാണു കംപ്യൂട്ടർ ഫൊറൻസിക് അന്വേഷകന്റെ പ്രധാനധർമം. ഒരു ഡിജിറ്റൽ അപസർപ്പക വേഷം. പിന്നീടുള്ള പോലീസ്, കോടതി നടപടികളിൽ ഇത്തരം ഉദ്യോഗസ്ഥരുടെ മൊഴികളും കണ്ടെത്തലുകളും നിർണായകമായേക്കാം. അതുകൊണ്ടുതന്നെ ഉത്തരവാദിത്വം കൂടിയ ജോലിയാണിത്.

കൂടുതൽ വിവരങ്ങൾക്ക്: www.cyberdegrees.org

മിടുക്കർക്ക് ശമ്പളം മണിക്കൂർ കണക്കിൽ

ഐടി മേഖലയിൽ മാത്രമല്ല, കംപ്യൂട്ടറോ ഇന്റർനെറ്റോ ഉപയോഗിക്കുന്ന എല്ലാ വ്യവസായ മേഖലകളിലും ഐടി സെക്യൂരിറ്റി വിദഗ്ധന്റെയോ പെൻ ടെസ്റ്ററുടെയോ ആവശ്യമുണ്ടാകും. സിസ്റ്റത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണു പ്രധാന ചുമതല.

വിവരമോഷണമോ പുറത്തുനിന്നുള്ള ഹാക്കിങ്ങോ നടന്ന ശേഷം, അത്തരം കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് അന്വേഷണം നടത്താൻ ഫൊറൻസിക് ഇൻവെസ്റ്റിഗേറ്റർമാർ കൂടിയേ തീരൂ.

നമ്മുടെ നാട്ടിൽ തന്നെ എത്രയോ പെൻ ടെസ്റ്റർമാരും ഫൊറൻസിക് ഇൻവെസ്റ്റിഗേറ്റർമാരും മണിക്കൂർ അടിസ്ഥാനത്തിൽ ഉന്നത ശമ്പളം വാങ്ങുന്നു.

സ്വകാര്യമേഖലയിൽ മാത്രമല്ല സാധ്യത. രാജ്യം സൈബർ ആർമി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്ന കാലഘട്ടമാണിത്. സമീപ ഭാവിയിൽ തന്നെ സർക്കാർ തലത്തിൽ ഒട്ടേറെ ഐടി സെക്യൂരിറ്റി വിദഗ്ധരെ വേണ്ടിവരും.

മൊറാദാബാദിൽനിന്ന് മൈക്രോസോഫ്റ്റിലേക്ക്

യുപിയിലെ മൊറാദാബാദിൽനിന്നു യുഎസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തേക്ക് എത്ര ദൂരം ?

ഒരു ആപ്ലിക്കേഷന്റെ ദൂരമേയുള്ളൂവെന്ന് മൊറാദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അവസാന വർഷ ബിടെക് വിദ്യാർഥി ആകാശ് കുമാർ പറയും. സൈബർ സുരക്ഷയാണ് ആകാശിന്റെ ഇഷ്ടമേഖല.

കംപ്യൂട്ടർ സിസ്റ്റത്തിലെ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ആപ്ലിക്കേഷൻ തയാറാക്കിയതും ഈ അഭിരുചിയുടെ ബലത്തിലാണ്. ചുമ്മാ മൈക്രോസോഫ്റ്റിന് അയച്ചുകൊടുത്തു.

ഇരുപത്തിരണ്ടു വയസ്സുള്ള പയ്യന്റെ മിടുക്ക് അവർക്കു ബോധിച്ചു. കലിഫോർണിയയിലേക്കു വിളിച്ചുവരുത്തി ഇന്റർവ്യൂ. ‘ഇനി നീ ഞങ്ങളോടുകൂടെ’ എന്നും അവർ തീരുമാനിച്ചു.

തസ്തിക: റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററിൽ സെക്യൂരിറ്റി അനലിസ്റ്റ്

ശമ്പളം: വർഷം 56 ലക്ഷം രൂപ.

സെപ്റ്റംബറിൽ ബിടെക് കഴിയാൻ കാത്തിരിക്കുകയാണു കക്ഷി ഇപ്പോൾ.