Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു പ്രതിഭകളേ... വരൂ

architect

ഉത്തരം തെറ്റെങ്കിൽ നെഗറ്റീവ് മാർക്ക് ഇല്ല. പക്ഷേ, ഒരേമാർക്ക് കിട്ടിയ രണ്ടുപേരുണ്ടെങ്കിൽ അവരിൽ തെറ്റുത്തരം കുറവുള്ളവർക്കു മുൻഗണന. ഫലമോ, നെഗറ്റീവ് മാർക്ക് എന്ന ഭീഷണിയില്ലെങ്കിൽ പോലും ഉത്തരം കറക്കിക്കുത്താനുള്ള പ്രവണത കുറയും. ഇത്തരം വേറിട്ട വ്യവസ്ഥകളുമായാണു ‘നാറ്റാ’ എന്ന നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ ഏപ്രിൽ 16നു നടക്കുന്നത്.

ഒരു വർഷം, ഒരവസരം
ആർക്കിടെക്ചർ പഠനത്തിന് ഇന്ത്യയിലെങ്ങും അംഗീകരിക്കപ്പെട്ടിരിക്കുന്ന അഭിരുചി നിർണയപരീക്ഷയാണു ‘നാറ്റാ’. ജെഇഇ വഴി പ്രവേശനം നടത്തുന്ന ഐഐടികളും എൻഐടികളും മാത്രമാണു വേറിട്ടുനിൽക്കുന്നത്. അഭിരുചിപരീക്ഷ മാത്രമാണു ‘നാറ്റാ’. ഇതിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ ബിആർക് പഠനത്തിനുള്ള പ്രവേശന നടപടിക്രമങ്ങൾ വേറെ നടത്തുകതന്നെ വേണം.

കൗൺസിൽ ഓഫ് ആർക്കിടെക്ചർ, 2006 മുതൽ നടത്തിവരുന്ന പരീക്ഷയിൽ ഇത്തവണ കാതലായ മാറ്റങ്ങളാണുള്ളത്. നിശ്ചിത കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും എഴുതിയെടുക്കാവുന്ന പരീക്ഷയായിരുന്നു കഴിഞ്ഞവർഷം വരെ. 2016 ഏപ്രിലിനും ഓഗസ്റ്റിനുമിടയ്ക്കു വിദ്യാർഥികൾക്ക് ഇങ്ങനെ നാലരമാസത്തോളം സമയം ലഭിച്ചിരുന്നു. ഇതിനിടെ ഒരിക്കൽ എഴുതി നേടുന്ന സ്കോർ വേണമെങ്കിൽ മെച്ചപ്പെടുത്താനും അവസരം ലഭിച്ചിരുന്നു. ഇത്തരത്തിൽ പരമാവധി അഞ്ച് അവസരങ്ങൾ വരെ അനുവദിക്കുന്ന ‘ബെസ്റ്റ് ഓഫ് ഫൈവ്’ സമ്പ്രദായമാണു കഴിഞ്ഞവർഷം ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അതെല്ലാം മാറുന്നു. രാജ്യമെങ്ങും ഏപ്രിൽ 16നു തന്നെ പരീക്ഷ.

മാറ്റം പരീക്ഷയിലും
പരീക്ഷാഘടനയിൽ ഇത്തവണ കാര്യമായ മാറ്റമുണ്ട്. പേപ്പർ ബേസ്ഡ് ഡ്രോയിങ് ടെസ്റ്റും കംപ്യൂട്ടർ ബേസ്ഡ് ഈസ്തെറ്റിക് സെൻസിറ്റിവിറ്റി ടെസ്റ്റുമാണു കഴിഞ്ഞവർഷം ഉണ്ടായിരുന്നത്. ഇത്തവണയാകട്ടെ പരീക്ഷയ്ക്കു മൂന്നുഭാഗങ്ങൾ:
1) മാത്തമാറ്റിക്സ്
2) ജനറൽ ആപ്റ്റിറ്റ്യൂഡ്
3) ഡ്രോയിങ്

ആദ്യ രണ്ടുഭാഗങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ്. രണ്ടു മാർക്ക് വീതമുള്ള 30 ചോദ്യങ്ങൾ. ഓരോഭാഗത്തിനും 45 മിനിറ്റ് വീതം സമയം. തുടർന്നുള്ള 90 മിനിറ്റ് ഡ്രോയിങ് ടെസ്റ്റാണ്. 40 മാർക്ക് വീതമുള്ള രണ്ടു ചോദ്യങ്ങൾ. വരയ്ക്കാനുള്ള കഴിവ്, അനുപാതങ്ങളെക്കുറിച്ചുള്ള അവബോധം, നിറങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള ധാരണ തുടങ്ങിയവ പരിശോധിക്കും. മൊത്തം 200 മാർക്ക്. എല്ലാ പേപ്പറുകളുടെയും വിശദ സിലബസ് വെബ്സൈറ്റിലുണ്ട്.

‘ടൈബ്രേക്കർ’
ഒരേമാർക്ക് കിട്ടുന്നവർക്കിടയിൽനിന്നു മെച്ചപ്പെട്ട റാങ്കുകാരനെ കണ്ടെത്താൻ ടൈ ബ്രേക്കിങ് രീതി ആവിഷ്കരിച്ചിരിക്കുന്നു. മാനദണ്ഡങ്ങൾ ഇപ്രകാരം:

1) മാത്തമാറ്റിക്സ് ടെസ്റ്റിൽ കൂടുതൽ മാർക്ക്
2) മാത്തമാറ്റിക്സിൽ കുറച്ച് തെറ്റുത്തരങ്ങൾ
3) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ കൂടുതൽ മാർക്ക്
4) ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ കുറച്ച് തെറ്റുത്തരങ്ങൾ
5) പ്രായം കൂടിയവർക്കു മുൻഗണന

ഡ്രോയിങ് പേപ്പർ ഒന്നിലേറെപ്പേർ മൂല്യനിർണയം നടത്തി ശരാശരി കണക്കാക്കുകയാകും ചെയ്യുക. മൾട്ടിപ്പിൾ ചോയ്സ് പേപ്പറിലും ഡ്രോയിങ് പേപ്പറിലും കുറഞ്ഞത് 25% മാർക്ക് വീതം നേടിയിരിക്കണം. ഇതിനു പുറമേ, മൊത്തം 200 മാർക്കിൽ പ്രവേശനയോഗ്യതയ്ക്കുള്ള കട്ട്ഓഫ് മാർക്ക് എത്രയെന്നു പിന്നീട് അറിയിക്കും.

യോഗ്യത ഇങ്ങനെ
‘നാറ്റാ’ എഴുതാൻ യോഗ്യത ഇവർക്ക്:
1) മാത്‌സ് ഒരു വിഷയമായി പ്ലസ് ടു (പരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്കും)
2) പത്താംക്ലാസിനു ശേഷം മാത്‌സ് ഒരു വിഷയമായി അംഗീകൃത ഡിപ്ലോമ
3) പത്താംക്ലാസിനു ശേഷം മാത്‌‌സ് ഒരു വിഷയമായി ഇന്റർനാഷനൽ ബാക്കലുറേറ്റ് ഡിപ്ലോമ
തുടർന്ന്, കേരളത്തിലെ ബിആർക് പ്രവേശനം, മാത്‌സ് അടങ്ങിയ പ്ലസ്‌ടു അഥവാ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന്റെ മാർക്കും ‘നാറ്റാ’ സ്കോറും 1:1 എന്ന അനുപാതത്തിൽ കൂട്ടിച്ചേർത്താകും. ബിആർക് പ്രവേശനത്തിന് പ്ലസ്ടു / ഡിപ്ലോമ തലത്തിൽ 50% മാർക്ക് വേണം.

ശ്രദ്ധിക്കുക
പ്രായം: 2017 ജൂലൈ 31നു 17 വയസ്സ് തികഞ്ഞിരിക്കണം
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
വെബ്സൈറ്റ്: www.nata.in

നാറ്റാ: കലണ്ടർ
ഓൺലൈൻ അപേക്ഷ: ഡിസംബർ 24 മുതൽ
റജിസ്ട്രേഷന് അവസാന തീയതി: ജനുവരി 29
ഫീസടയ്ക്കാൻ അവസാന തീയതി: ജനുവരി 31
തിരുത്തുകൾക്ക് അവസരം: ഫെബ്രുവരി 15– 21
കൺഫർമേഷൻ പേജ് ലഭ്യത: ഫെബ്രുവരി 28
അഡ്മിറ്റ് കാർഡ്: മാർച്ച് 26 മുതൽ
പരീക്ഷ: ഏപ്രിൽ 16, 11.00– 2.00
ഫലപ്രഖ്യാപനം: ജൂൺ 10

Your Rating: