ADVERTISEMENT

ഈ വർഷം പിറന്നപ്പോഴും നമ്മളിൽ പലരും ഒരുപാടു പ്രതിജ്ഞകൾ എടുത്തിട്ടുണ്ടാവുമല്ലോ അല്ലേ? ഇക്കൊല്ലമെങ്കിലും ഞാനൊരു പിഎസ്‍സി പരീക്ഷ പാസായിരിക്കും, കഴിഞ്ഞ വർഷം പരീക്ഷാ തയാറെടുപ്പുകളിൽ വരുത്തിയ വീഴ്ചകൾ ഇക്കൊല്ലം മറികടക്കും, ഈ വർഷം ഇഷ്ടപ്പെട്ട ജോലിയിലേക്കു മാറിയിരിക്കും എന്നിങ്ങനെയൊക്കെയാവാം തൊഴിൽ തേടുന്നവരുടെ പ്രതിജ്ഞകൾ. പ്രതിജ്ഞ ചെയ്ത മിക്കവരും ജനുവരിയുടെ പകുതി കടക്കുംമുൻപേ അതൊക്കെ ലംഘിക്കുന്നതാണു പതിവു കാഴ്ച! പ്രതിജ്ഞ തെറ്റിച്ചതിന് എന്തെങ്കിലും ഒഴികഴിവുകൾ പറഞ്ഞ് നമ്മൾ നമ്മളെ ന്യായീകരിക്കുകയും ചെയ്യും. 

കോവിഡ് വന്നതോടെ നമ്മളൊക്കെ നല്ലൊരു പാഠം പഠിച്ചു എന്നൊക്കെ പറഞ്ഞിരുന്നല്ലോ. കോവിഡ് വിട്ടുപോയിട്ടൊന്നുമില്ലെങ്കിലും നമ്മൾ പഴയതുപോലെയായി. കാരണം, നമ്മുടെ മാറ്റം സംഭവിക്കുന്നത് അകത്തല്ല പുറത്തു മാത്രമാണ്. അപ്പോൾ അടിസ്ഥാനപരമായൊരു മാറ്റം നമ്മളിൽ ഉണ്ടാവുകയാണ് ഏറ്റവും പ്രധാനം. അത് അവരവർക്കു മാത്രം ചെയ്യാവുന്നൊരു കാര്യവുമാണ്. 

 

എത്രയോ കോടി വർഷങ്ങൾക്കിടയിൽ ഒറ്റത്തവണ മാത്രമാണു നമ്മൾ ഈ ഭൂമുഖത്തു വന്നുപോകുന്നത്. ജനിച്ചുപോയില്ലേ, അതുകൊണ്ടു ജീവിച്ചുതീർക്കേണ്ടേ എന്ന രീതിയിലല്ല ജീവിതം നമ്മൾ അനുഭവിക്കേണ്ടത്. ഓരോ നിമിഷവും ഓരോ ദിവസവും ഓരോ വർഷവും ആഘോഷമാക്കാൻ നമുക്കു കഴിയണം. നമ്മളൊന്നു ശ്രമിച്ചാൽ കഴിയാവുന്നതേയുള്ളൂ അത്. 

 

ജീവിതത്തിന്റെ മൂല്യം മനസ്സിലാക്കി മനോഹരമായി ജീവിക്കാൻ പഠിക്കുകയെന്നതാണ് ഏറ്റവും പ്രധാന കാര്യം. അതിനു നമുക്കൊക്കെ ലളിതമായി ചെയ്യാവുന്ന ചില കാര്യങ്ങൾ എന്റെ മനസ്സിൽ തോന്നുന്നതു പങ്കുവയ്ക്കാം. 

 

1. ജീവിതത്തിൽ മുഴുവൻ വിപരീതങ്ങളാണുള്ളതെന്ന് ഉൾക്കൊള്ളുക. ആ വിപരീതങ്ങളെ സ്വീകരിക്കാൻ പഠിക്കുക. എനിക്കു മാത്രം എല്ലാം പ്രതികൂലമായി ഭവിക്കുന്നെന്നും മറ്റുള്ളവർക്ക് എല്ലാം അനുകൂലമാണെന്നുമുള്ള തോന്നൽ മാറ്റിവയ്ക്കുക. വിപരീതങ്ങളെപ്പോലും അനുകൂലമാക്കാനുള്ള ക്ഷമയും പരിശ്രമവുമുണ്ടാകണം. അങ്ങനെ ശീലിച്ചുനോക്കൂ, അതു വല്ലാത്തൊരു അനുഭൂതിയാണ്. 

2. നമ്മുടെ കഴിവുകുറവുകളെ, പരിശ്രമമില്ലായ്മകൊണ്ടു നടക്കാതെ പോകുന്ന കാര്യങ്ങളെ മറ്റൊരാളുടെ തലയിൽ കെട്ടിവയ്ക്കാതിരിക്കുക. നമ്മുടെ ജയത്തിനും പരാജയത്തിനും കാരണം നമ്മൾ തന്നെയാണെന്നു തുറന്നു സമ്മതിക്കുക. ആ രീതിയിലേക്കു മാനസികമായി വളരാൻ കഴിഞ്ഞാൽ അതു വലിയൊരു വളർച്ചയുടെ തുടക്കമായിരിക്കും. 

3. ദുഃഖത്തോടു ബന്ധിതരാവാതിരിക്കുക. എന്നെന്നും ദുരിതത്തിലാവാൻ ശ്രമിക്കുന്ന ചിലരുണ്ട്. അതിനുള്ള കാരണങ്ങൾ അവർ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ഇത്തരക്കാരെ മനശ്ശാസ്ത്രജ്ഞർ പറയുക ‘ആത്മപീഡകർ’ എന്നാണ്. ദുഃഖം വരുമ്പോൾ അപ്പുറത്തുള്ള സന്തോഷത്തെ തേടുക. അതിനോടൊപ്പം ജീവിക്കാൻ ശ്രമിക്കുക. അതിന് ആദ്യം വേണ്ടത് മുഖത്തുള്ള ചിരിയാണ്. രാവിലെ എഴുന്നേറ്റാലുടൻ, ‘ഇന്നു ഞാൻ സന്തോഷത്തോടെ ജീവിക്കും’ എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി നന്നായൊന്നു ചിരിക്കുക. 

4. ഒരു ഉപാധിക്കും വിധേയരാവാതിരിക്കുക, ഒരു ദൗർബല്യത്തിനും അടിമകളാവാതിരിക്കുക, ഒരു ചരടുകൊണ്ടും ബന്ധിക്കപ്പെടാൻ അനുവദിക്കാതിരിക്കുക. നമ്മളെ നിയന്ത്രിക്കാൻ നമ്മളെത്തന്നെ പഠിപ്പിക്കുക. 

5. പണമാവട്ടെ, ആർഭാടമാവട്ടെ, വസ്ത്രമാവട്ടെ, ആഹാരമാവട്ടെ... എന്തിനോടുമുള്ള ആർത്തിയിൽനിന്നു പുറത്തുകടക്കുക. മനസ്സിന്റെ സുഖമാണു പ്രധാനമെന്നു മനസ്സിലാക്കുക. അസ്തിത്വപരമായി ആർത്തി ഒരു രോഗമാണ്. മനസ്സിന്റെ എല്ലാ സന്തോഷങ്ങളെയും കൊന്നുകളയുന്ന വല്ലാത്തൊരു വൈറസാണത്. ഇങ്ങനെയൊക്കെ ഇക്കൊല്ലം നമുക്കൊന്നു ശ്രമിച്ചുനോക്കിയാലോ. എങ്കിൽ സമാധാനമുള്ള ജീവിതം ഉറപ്പായിരിക്കും. 

English Summary: Magic Lamp Podcast By Gopinath Muthukad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com