Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥി ആത്മഹത്യ: ഐഐടികള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നു

187314889

വിദ്യാർഥി ആത്മഹത്യകള്‍ തുടര്‍ക്കഥയായതോടെ ഇന്ത്യയിലെ പരമോന്നത എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികള്‍ പാഠ്യക്രമ പരിഷ്‌ക്കരണം അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നു. വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും ആത്മഹത്യ പ്രവണത തടയുന്നതിനും പാഠ്യപദ്ധതി പരിഷ്‌ക്കരിക്കാന്‍ ഐഐടി ഡല്‍ഹി ഡല്‍ഹി തീരുമാനിച്ചു. 

തിയറിക്കു പ്രാധാന്യം കുറച്ചു കൊണ്ടു പ്രായോഗിക പരിശീലനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയായിരിക്കും പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുക. അടുത്ത വര്‍ഷം മുതല്‍ പുതുക്കിയ പാഠ്യക്രമം നടപ്പാക്കാനാണ് ആലോചന. കരടു പാഠ്യപദ്ധതി രൂപീകരിക്കാന്‍ വിവിധ വകുപ്പുകളോടു ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകള്‍ തയ്യാറാക്കുന്ന പാഠ്യക്രമം ഗവേണിങ് ബോഡിയുടെ അംഗീകാരത്തോടെയാണു നടപ്പാക്കുക. 

ഐഐടി ഖരഗ്പൂരിലെ മലയാളി വിദ്യാർഥിയുടെ ആത്മഹത്യ ഉള്‍പ്പെടെ നിരവധി കേസുകളാണ് ഇന്ത്യയിലെ മുന്തിയ എന്‍ജിനീയറിങ് സ്ഥാപനങ്ങളായ ഐഐടികളില്‍ നിന്നും എന്‍ഐടികളില്‍ നിന്നുമുള്‍പ്പെടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പഠന സമ്മർദ്ദവും പരീക്ഷാ തോല്‍വികളുമൊക്കെയാണ് ഭൂരിപക്ഷം ആത്മഹത്യകളുടെയും പ്രധാന കാരണം. ഡല്‍ഹി ഐഐടിയില്‍ നടത്തിയ ഒരു സര്‍വേയില്‍ ഇവിടെയെത്തുന്ന വിദ്യാർഥികളുടെ പ്രതീക്ഷകളും സ്ഥാപനത്തിന്റെ പ്രതീക്ഷകളുമായി വലിയ അന്തരമുണ്ടെന്നു കണ്ടെത്തിയിരുന്നു. 

കടുത്ത മത്സരം നിറഞ്ഞ പ്രവേശന പരീക്ഷകളുടെ കടമ്പ ചാടിക്കടന്നു ക്ഷീണിതരായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ അല്‍പസ്വല്‍പം കോളജു ജീവിതം ആസ്വദിക്കണമെന്ന ആഗ്രഹവും കൂടി പേറിയാണു ഐഐടികളിലെത്തുന്നത്. പക്ഷേ, ഇവിടുത്തെ പഠന അന്തരീക്ഷത്തില്‍ അത്തരം നേരംപോക്കുകള്‍ക്കൊന്നും പലപ്പോഴും സ്ഥാനമുണ്ടാവാറില്ല. പഠിക്കുന്നത് പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൂടുതലായി നല്‍കുന്നതു തിയറിയെ ചൊല്ലിയുള്ള വിദ്യാർഥികളുടെ സമ്മര്‍ദ്ദം അകറ്റുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനു ഐഐടികളില്‍ വെല്‍നസ് കേന്ദ്രങ്ങള്‍ വേണമെന്നു 23 ഐഐടികളുടെ ഏകോപന സമിതിയായ ഐഐടി കൗണ്‍സില്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.