Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം തോറ്റു, ഇന്ന് സിവില്‍ സര്‍വീസ് ഒന്നാം റാങ്ക്

nandini

തുടര്‍ച്ചയായി മൂന്നാം തവണയും സിവില്‍ സര്‍വീസ് പരീക്ഷയുടെ തലപ്പത്ത് വനിതകളുടെ വിജയഭേരി. സ്വര്‍ണ്ണഖനിയുടെ നാടായ കോളാറില്‍ നിന്നെത്തിയ നന്ദിനി കെ. ആര്‍. നേടിയത് രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും അഭിമാനിക്കാവുന്ന പത്തരമാറ്റ് തിളക്കമുള്ള വിജയം. വിദ്യാഭ്യാസം, വനിതാ ശാക്തീകരണം എന്നീ മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കണം എന്നതാണ് ഈ സിവില്‍ സര്‍വീസ് ടോപ്പറുടെ ആഗ്രഹം. 2014ല്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഇറാ സിംഗാളും 2015ല്‍ ഡല്‍ഹി സ്വദേശിനി ടീനാ ദാബിയുമാണ് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയത്. 

നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രൊബേഷന്‍ കാലാവധിയിലാണ് നന്ദിനി. 2014ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 849-ാം റാങ്ക് നേടിയതിനെ തുടര്‍ന്നാണ് റവന്യൂ സര്‍വീസില്‍ നിയമനം ലഭിച്ചത്. എന്‍ജിനീയറിങ് മേഖലയില്‍ നിന്നാണ് നന്ദിനി ഇന്ത്യയുടെ പരമോന്നത ഉദ്യോഗസ്ഥ വൃന്ദത്തിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുന്നത്. 

ബംഗ്ലൂരില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ ശേഷം കര്‍ണ്ണാടക സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിട്ടായിരുന്നു കരിയറിന്റെ തുടക്കം. ഡല്‍ഹിയിലെ കര്‍ണ്ണാടക ഭവനില്‍ നിയമനം ലഭിക്കുന്നതോടെയാണ് സിവില്‍ സര്‍വീസ് പരിശീലനം ആരംഭിക്കുന്നത്. ഡല്‍ഹിയിലെ കോച്ചിങ് സ്ഥാപനത്തില്‍ ചേര്‍ന്ന് ജോലിയോടൊപ്പം പഠനം തുടങ്ങി. 2013ല്‍ ആദ്യ തവണ പ്രിലിമിനറിയില്‍ പരാജയപ്പെട്ടു. മനസ്സു മടുക്കാതെ പിന്നെയും എഴുതി 2014ല്‍ റാങ്കു പട്ടികയില്‍ ഇടം നേടി. ഐഎഎസ് നേടണമെന്ന തീവ്രമായ ആഗ്രഹത്തിന്റെ പുറത്തു 2015ല്‍ വീണ്ടും സിവില്‍ സര്‍വീസ് എഴുതി. പക്ഷേ, ഡെങ്കി പനി ബാധിച്ചതിനാല്‍ മെയിന്‍ പരീക്ഷ എഴുതാനായില്ല. 

ഹൈസ്‌കൂള്‍ അധ്യാപകനായ പിതാവ് കെ. വി. രമേഷും മാതാവ് കെ. വി. വിമലയുമാണ് നന്ദിനിയുടെ പ്രചോദനം. പഠനത്തിന് പുറമേ സാഹിത്യവും വോളിബോളുമാണ് നന്ദിനിയുടെ ഇഷ്ടങ്ങള്‍. സിവില്‍ സര്‍വീസിനും കന്നഡ സാഹിത്യമായിരുന്നു ഓപ്ഷണല്‍ വിഷയം. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായ തൊരുണ്‍ പട്ടേല്‍ ഏകസഹോദരനാണ്.