Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്ക് എത്ര മാര്‍ക്ക്

Nandini

സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്ക് എത്ര മാര്‍ക്ക് ലഭിച്ചു കാണും. പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും പരീക്ഷാ ഫലങ്ങള്‍ കണ്ട ആവേശത്തില്‍ 98, 95, 90 എന്നൊക്കെ വിളിച്ചു പറയാന്‍ വരട്ടെ. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) ഇന്നലെ പുറത്തുവിട്ട മാര്‍ക്ക് ലിസ്റ്റ് പ്രകാരം ഒന്നാം റാങ്കുകാരി നന്ദിനി കെ. ആറിന് ലഭിച്ചിരിക്കുന്നത് 55.3 ശതമാനം മാര്‍ക്കാണ്. 

95 ഉം 98 ഉം ശതമാനം നേടി പത്തും പന്ത്രണ്ടും പാസ്സായ വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം. അയ്യേ.. ഇത്രയും മതിയോ സിവില്‍ സര്‍വീസ് ഒക്കെ പാസ്സാകാനെന്ന്. ഇത്തവണ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഒന്നാമതെത്തിയ രക്ഷാ ഗോപാലിനു വരെ ലഭിച്ചത് 99.6 ശതമാനമാണ്. പക്ഷേ, മക്കളേ.. ഇത് വേറെ ലെവല്‍. ഒന്നാം റാങ്കുകാരിക്ക് 55.3 ശതമാനമേ ലഭിച്ചുള്ളൂ എന്ന് പറയുമ്പോള്‍ തന്നെ കണക്കാക്കണം ഈ പരീക്ഷയുടെ കാഠിന്യം. ഇന്ത്യയിലെ മിടുമിടുക്കരെ മാത്രം ഗവണ്‍മെന്റ് സര്‍വീസിന്റെ തലപ്പത്തേക്ക് സ്വാഗതം ചെയ്യാന്‍ യുപിഎസ്‌സി പുലര്‍ത്തുന്ന കടുത്ത ഗുണനിലവാര നിഷ്‌ക്കര്‍ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷയെ ഇത്രയേറെ കഠിനമാക്കുന്നത്. 

2025ല്‍ 1120 മാര്‍ക്കാണ് ഒന്നാം റാങ്കുകാരിയായ നന്ദിനി നേടിയത്. മെയിന്‍ പരീക്ഷയ്ക്ക് 927ഉം അഭിമുഖ പരീക്ഷയ്ക്ക് 193 ഉം. രണ്ടാം റാങ്കുകാരനായ അന്‍മോള്‍ ഷേര്‍ സിങ്ങ് ബേദിക്ക് ലഭിച്ചതാകട്ടെ 1105 മാര്‍ക്കാണ്. അതായത് 54.56 ശതമാനം. മൂന്നാം റാങ്കുകാരന്‍ ഗോപാലകൃഷ്ണ റോണങ്കിക്കു കിട്ടിയതു 1101 മാര്‍ക്കും.(54.37 ശതമാനം). കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് ടോപ്പര്‍ ടീന ദാബി നേടിയത് 1063 മാര്‍ക്കായിരുന്നു.(52.49 ശതമാനം). ഇത്തവണത്തെ സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ ഒടുവിലത്തെ റാങ്കായ 1099ല്‍ എത്തിയ അഭിഷേക് ശ്രീവാസ്തവ നേടിയത് 817 മാര്‍ക്കാണ്(40.34 ശതമാനം). പ്രിലിമിനറി, മെയിന്‍, അഭിമുഖപരീക്ഷ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലൂടെ വിജയകരമായി കടന്നു വരുന്നവരാണു റാങ്ക് പട്ടികയില്‍ ഇടം പിടിക്കുന്നത്.