Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും ജോലി നൽകാത്തതു സുശാന്തിനു തുണയായി!

sushanth

ബാംഗ്ലൂരിലെ നല്ലൊരു കോളജില്‍നിന്ന് അത്യാവശ്യം നല്ല മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പാസായി. മറ്റേതു വിദ്യാർഥിയെയും പോലെ സുശാന്ത് ഝായും മോഹിപ്പിക്കുന്ന ഒരു കരിയര്‍ സ്വപ്‌നം കണ്ടു. പക്ഷേ, പ്ലെയ്‌സ്‌മെന്റ് ഇന്റര്‍വ്യൂവിനു വന്ന കമ്പനികളെല്ലാം ഈ ചെറുപ്പക്കാരനെ തിരസ്‌കരിച്ചു. കാരണം ജന്മനാ ഉള്ള മുച്ചുണ്ടും ഇതു മൂലം സംസാരിക്കുമ്പോഴുള്ള ചെറിയ പ്രശ്‌നവും. 

ഒരു വര്‍ഷത്തെ വിഫലമായ തൊഴില്‍ അന്വേഷണങ്ങള്‍ക്കു ശേഷം സുശാന്ത് ഉപരിപഠനത്തിനായി എംബിഎയ്ക്കു ചേര്‍ന്നു. നല്ല നിലയില്‍ എംബിഎയും പാസ്സായി. പക്ഷേ വീണ്ടും അഭിമുഖ പരീക്ഷ എന്ന കടമ്പയില്‍ തട്ടി വീണു. സുശാന്തിന്റെ സാങ്കേതിക ജ്ഞാനവും യോഗ്യതകളുമൊന്നും ഒരിടത്തും അളവുകോലായില്ല. പൊതുവായുള്ള ഒന്നു രണ്ടു ചോദ്യങ്ങള്‍ക്കു ശേഷം ഓരോ അഭിമുഖകാരനും സുശാന്തിനെ മടക്കി അയച്ചു. ഇത്തരത്തില്‍ പരാജയപ്പെട്ടതു നാല്‍പതോളം അഭിമുഖങ്ങളില്‍. 

ഫലമോ, എംബിഎ കഴിഞ്ഞു 2 വര്‍ഷത്തിനു ശേഷവും സുശാന്ത് തൊഴില്‍രഹിതനായി തുടര്‍ന്നു. ഇതോടെ എവിടെയെങ്കിലും ജോലിക്കു കയറിപ്പറ്റണം എന്ന ആഗ്രഹം സുശാന്ത് ഉപേക്ഷിച്ചു. സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ചായി ചിന്ത. എന്തെങ്കിലും ബിസിനസ് ചെയ്ത് പണമുണ്ടാക്കണം എന്നു മാത്രമായിരുന്നില്ല, അതിലൂടെ സമൂഹത്തിനും പരിസ്ഥിതിക്കുമൊക്കെ എന്തെങ്കിലും നേട്ടമുണ്ടാകണമെന്നും ഈ ചെറുപ്പക്കാരന്‍ ആഗ്രഹിച്ചു. ഈ ആഗ്രഹത്തിന്റെ ഫലമാണു ബോധി ട്രീ നോളജ് സര്‍വീസസ് എന്ന കമ്പനിയും അവരുടെ പഡേഗാ ഇന്ത്യ എന്ന സംരംഭവും. അതില്‍ സുശാന്തിന് കൂട്ടിനെത്തിയതാകട്ടെ സഹോദരന്‍ പ്രശാന്ത് ഝായും. 

ഇന്ത്യയിലൊരാള്‍ പ്രതിവര്‍ഷം 10 കിലോ പേപ്പര്‍ ഉപയോഗിക്കുന്നുണ്ടെന്നാണു കണക്ക്. ഓരോരുത്തരും പരീക്ഷയ്ക്കു വേണ്ടി മാത്രമായും മറ്റും പുതിയ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ ഇതിനു വേണ്ടി മുറിക്കപ്പെടുന്നു. ഇതിനൊരു പരിഹാരമായി സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ വിതരണമാണ് പഡേഗാ ഇന്ത്യ ആരംഭിച്ചത്. വില കൂടിയ അക്കാദമിക് പുസ്‌കങ്ങളുടെയും അപൂര്‍വ നോവലുകളുടെയും സെക്കന്‍ഡ് ഹാന്‍ഡ് പ്രതികള്‍ സൗത്ത് ഡല്‍ഹിയില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തു കൊണ്ടായിരുന്നു തുടക്കം. വീട്ടിലിരുന്നു തന്നെയായിരുന്നു ബിസിനസ്സിന്റെ തുടക്കം. 

ഉപയോഗിച്ച പുസ്തകങ്ങള്‍ വില്‍ക്കുന്ന ഡല്‍ഹിയിലെ അന്‍പതോളം കച്ചവടക്കാരുമായി ഝാ സഹോദരന്മാര്‍ ഒരു ധാരണയുണ്ടാക്കി. പുസ്‌തകങ്ങളുടെ ആവശ്യം അനുസരിച്ച് ഇവ കച്ചവടക്കാരില്‍നിന്നു വാങ്ങി ആവശ്യക്കാര്‍ക്കു നേരിട്ടെത്തിച്ചു. പുസ്തകങ്ങളുടെ നിലവാരം പരിശോധിച്ച ശേഷം മാത്രം ഉപഭോക്താക്കള്‍ വില നല്‍കിയാല്‍ മതിയാകും.  

അപൂര്‍വം ചില നോവലുകളും മറ്റും ആളുകള്‍ വില്‍ക്കാന്‍ താൽപര്യപ്പെടുന്നില്ല എന്ന് ഇതിനിടെ ഇവര്‍ കണ്ടെത്തി. അവ വായിക്കാൻ താൽപര്യമുള്ളവർ ഉണ്ടുതാനും. അത്തരം പുസ്തകങ്ങള്‍ ഒരു ലെബ്രറിയില്‍ നിന്നെന്ന പോലെ വാടകയ്ക്കു നല്‍കാനുള്ള സംവിധാനവും ഇവര്‍ പഡേഗാ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ഒരുക്കി. വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ ആളുകള്‍ക്കു ബോധി ട്രീയെ സമീപിക്കാം. അവരുടെ വീടുകളില്‍ നിന്നു കമ്പനി സൗജന്യമായി പുസ്തകം ഏറ്റുവാങ്ങി ആവശ്യക്കാരുടെ അടുത്തെത്തിക്കും. പുസ്തകത്തിന്റെ വില കമ്പനിയുടെ ചെറിയ ലാഭം കഴിച്ച് കൈമാറും. 

കമ്പനി കൃത്യമായ വരുമാനം നല്‍കാന്‍ തുടങ്ങിയതോടെ സഹോദരന്മാര്‍ സൗത്ത് ഡല്‍ഹിയില്‍ ഒരു ഓഫിസ് തുടങ്ങി. പുതിയ പുസ്തകങ്ങളുടെ ആവശ്യകത സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ ഉപയോഗം കൊണ്ടു കുറയ്ക്കുന്നതില്‍ തങ്ങള്‍ നേടുന്ന വിജയത്തെ അളക്കാൻ ഗ്രീന്‍ കൗണ്ട് എന്നൊരു സൂചികയും ഇവര്‍ വികസിപ്പിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളുടെ ഉപയോഗത്തിലൂടെ 40 ഗ്രാം പേപ്പര്‍ വീണ്ടും ഉപയോഗിക്കാവുന്നതാക്കി മാറ്റാന്‍ സാധിച്ചാല്‍ ഒരു ഗ്രീന്‍ കൗണ്ട് രേഖപ്പെടുത്തും. ഇപ്രകാരം 250 ഗ്രീന്‍ കൗണ്ട് നേടിക്കഴിഞ്ഞാല്‍ അതിനര്‍ഥം ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള പേപ്പര്‍ ഉപയോഗം പുസ്തകങ്ങളുടെ പുനരുപയോഗത്തിലൂടെ സാധ്യമാക്കി എന്നാണ്. 

ഡല്‍ഹിയിലും സമീപ പ്രദേശത്തുമാണ് നിലവില്‍ പഡേഗാ ഇന്ത്യയുടെ സേവനങ്ങള്‍ ലഭിക്കുന്നത്. ഇന്ത്യയിലെമ്പാടും ഈ സംരംഭം പടര്‍ത്തണമെന്നാണ് ഈ സഹോദരന്മാരുടെ ആഗ്രഹം. അടുത്ത ഓഫിസ് ബെംഗലൂരുവില്‍ വൈകാതെ ആരംഭിക്കും. വ്യവസായ പ്രോത്സാഹന നയ വകുപ്പ് ഇതിനെ ഒരു സ്റ്റാര്‍ട്ട് അപ്പ് സംരംഭമായി അംഗീകരിച്ചിട്ടുണ്ട്.