Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവിടെ ആയമാരും പറയും നല്ല മണിമണിയായി ഇംഗ്ലിഷ്

students Representative Image

ഒരു ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും തമ്മില്‍ ഇംഗ്ലിഷില്‍ സംസാരിക്കുന്നതില്‍ വലിയ പുതുമയില്ല. എന്നാല്‍ കുട്ടികളുടെ സഹായികളായ ആയമാരും ഇംഗ്ലിഷ് സംസാരിച്ചു തുടങ്ങിയാലോ. 

ബെംഗളൂരു കോറമംഗല നാഷനല്‍ പബ്ലിക് സ്‌കൂളിലെ 14 ആയമാരാണു വിദ്യാർഥികളോട് നല്ല മണിമണിയായി ഇംഗ്ലിഷില്‍ സംസാരിക്കുന്നത്. ഇവരെ ഇതിനു പ്രാപ്തരാക്കിയത് സ്‌കൂളിലെ വിദ്യാർഥികളും. 

ടീച്ച്പവര്‍ എന്ന പദ്ധതിയുടെ കീഴില്‍ ഒന്‍പതിലെയും പതിനൊന്നാം ക്ലാസിലെയും 24 വിദ്യാർഥികളാണ് ആയമാരെ ഇംഗ്ലിഷ് പഠിപ്പിക്കുന്നത്. ദിവസവും ഒരു മണിക്കൂറോളമാണ് ഇതിനായി വിദ്യാർഥികള്‍ ചെലവഴിക്കുന്നത്. ഇംഗ്ലിഷ് അക്ഷരമാല, വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു വാക്യനിര്‍മിതി എന്നിങ്ങനെ അടിസ്ഥാന പാഠങ്ങളാണു കുട്ടിടീച്ചര്‍മാര്‍ പകര്‍ന്നു നല്‍കുന്നത്. ജോലിയ്ക്കിടെ ലഭിക്കുന്ന ഇടവേളകളില്‍ ആയമാര്‍ ലൈബ്രറിയിലെത്തി ഇംഗ്ലിഷ് പത്രങ്ങളും പുസ്തകങ്ങളും വായിക്കാന്‍ ശ്രമിക്കാറുണ്ട്. 

കന്നഡ മാത്രമറിയുന്ന ആയമാര്‍ക്ക് എല്ലാ വിദ്യാർഥികളുമായും ഇടപെടുന്നതിനു പ്രശ്‌നങ്ങളുണ്ടായിരുന്നു. ആയമാരെ കൂടുതല്‍ അടുത്തറിയുന്നതിനു വിദ്യാർഥികള്‍ക്കായി സ്‌കൂള്‍ സംഘടിപ്പിച്ച മത്സരത്തില്‍ നിന്നാണു ടീച്ച്പവര്‍ പദ്ധതിയുടെ തുടക്കം. ആയമാരുടെ ജീവിത കഥ കേള്‍ക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ച ഈ മത്സരത്തില്‍ ഭാഷയിലെ പരിമതിയാണ് പലരുടെയും പ്രശ്‌നമെന്നു തിരിച്ചറിഞ്ഞു. ആശയവിനിമയത്തിലെ ഈ പോരായ്മ നികത്തുകയാണ് ടീച്ച്പവര്‍ പദ്ധതിയുടെ ലക്ഷ്യം. 

Education News>>